Monday, April 16, 2012

എങ്കിലും കഷ്ടം !!!





ആകെ ഒരു കുറവേ ഉള്ളൂ
ഒരു "ഓമനപേര് "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു  നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു   ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും

"എടീ എടീ ടീ ടീ"

ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത്   " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക്  " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത്  പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ "
പിന്നെയും  വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു   "ടീ ടീ ടീ "

ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............

എങ്കിലും  കഷ്ടം  ഒരു ഓമനപേരില്ലല്ലോ?
 

Thursday, February 9, 2012

കോലാവരി





""ചൂട് "


നിന്നെ പോലെ തന്നെ 
നിനക്കുള്ളതിനെല്ലാം 
പൊള്ളുന്ന ചൂട് .


കീറതുണി വലിച്ചുകെട്ടിയ 
ചുവരില്ലാത്ത വീടിന് ,
പെറ്റവയറെരിച്ചു തിന്ന 
തെക്കേ മുറ്റത്തെ കനലിന്,
അയലത്തെ ചേടത്തിയോടൊപ്പം 
വാത്സ്യായനശാസ്ത്രം 
അഭ്യസിക്കുന്ന അച്ഛന്,
മതിഭ്രം മൂത്ത്
മനസ്സൊട്ടിപോയ 
കൂടപിറപ്പിന്,


"അതേ ചൂട് "


നീ നീട്ടിയ 
മധുരം കുറഞ്ഞ,
പുകച്ചുവയുള്ള,
കട്ടന്‍ ചായയുടെ 
ചെകിടിച്ച ചൂട്


ഒരു സൂപ്പര്‍ ഡ്യൂ പ്പര്‍ 
പരമ്പരയ്ക്കുള്ള 
എല്ലാ സാധ്യതകളോടും കൂടി 
മനസ്സിനെ LCD യില്‍ 
നീയിങ്ങനെ കണ്ണ് നിറച്ചു 
നില്‍ക്കുമ്പോള്‍ തന്നെ 
സണ്‍ മ്യൂസിക്കില്‍ 
ധനുഷിന്റെ വക 
"കോലാവരി"


എനിക്കീയിടെയായി 
കണ്ണീര്‍ കഥകള്‍ ഇഷ്ടമേയല്ല 
Why this kolavari kolavari di??????


( ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത്)
നെല്ല്

Saturday, August 13, 2011

അവസാനത്തെ ആണി



എന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍  നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??

അവന്റെ  ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ്  കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.


നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ 
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...

..............................ആമേന്‍



ഈ ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത് .
നെല്ല്

Saturday, July 23, 2011

ഞാനും നീയും


കണ്ണുകള്‍ കൊണ്ടാണ് 
ഉമ്മ വെയ്ക്കാറ്‌..
അതിലൊന്ന് നട്ടു നോക്കി,
മുളച്ചു പൊങ്ങി,
ഇലപൊട്ടി,
മെല്ലെ മൊട്ടായി,
ചോന്ന പൂവായി,
വെളുത്ത കായായ്‌..
ഇന്ന് മരത്തിന്‍കീഴെ
നിറയെ തണല്‍ പുതച്ചു 
കരിയിലകള്‍,
അതിന്‍ മേല്‍ പൊഴിഞ്ഞു വീഴുന്നു 
പഴുത്ത് പാകമായ ഉമ്മകള്‍,

അവിടെ,
കരിയില ഞെരിച്ചു
എനിക്കധികം എനിക്കധികം 
എന്ന് വെറുതെ പിണങ്ങി,
നിഴലനക്കങ്ങളായി 
ഞാനും നീയും

Monday, June 20, 2011

എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍


 
 
പുലര്‍ച്ചെ അവള്‍ക്കൊപ്പം 
തിളച്ചു തൂവാന്‍ 
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
 അരിതിളയ്പ്പിലേക്ക് 
ട്രപ്പീസാടുബോള്‍ 
കള്ളിയവള്‍ 
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,

അരകല്ലിനോപ്പം 
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു  
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ 
വിയര്‍പ്പിനെന്ന്‍?

കഴുകലും തേമ്പലും
തൂക്കലും  തുടയ്കക്കലും 
അടുക്കലും പെറുക്കലും 
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന 
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന 
വേര്‍പ്പ്മണിയോട്  
കൊഞ്ചി ചോദിക്കും,

കുളിച്ചു കേറി 
ഈറന്‍ മാറി 
കറുത്ത കുട ചൂടി 
കടവിലേക്കൊടുമ്പോള്‍ 
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും  വിയര്‍ക്കുന്നവരെ" 
വെയിലിനു വിട്ടു കൊടുത്തു 
അവള്‍ ....

Thursday, May 12, 2011

വിരലുകള്‍ ഇണചേരുമ്പോള്‍..





ഹൃദയമിടിപ്പ് ബുദ്ധിയെ
പൊരുതി
തോല്‍പ്പിക്കുമ്പോഴാണ്
കൈകള്‍ പരസ്പരം
കെട്ടിപിടിയ്ക്കുന്നത്.

അപ്പോളോരോ വിരലുകളും
കുടഞ്ഞിടും
മനസ്സില്‍ ഓരോരോ
കവിതകള്‍.

അതെല്ലാമൊന്നു പെറുക്കി
കൂട്ടാനാവാതെ
വിരല്‍കണ്ണുകള്‍
നിറഞ്ഞു തൂവുമ്പോള്‍ ,
പതിയെ പതിയെ
വിരല്‍ചുണ്ടുകള്‍
ഉമ്മ വെയ്ക്കാന്‍ തുടങ്ങും.

പറയുന്നതൊന്നും,
അറിയാതെ,
കേള്‍ക്കുന്നതൊന്നും
തെളിയാതെ,
മനുഷ്യന്‍ ഇരുകൈകളിലേക്ക്
ചുരുങ്ങി തീരുമ്പോള്‍,
നാലുചുവരിന്റെ
കെട്ടുറപ്പില്ലാതെ,
നാണമറിയാതെ,
ആരുമറിയാതെ,
വിരലുകള്‍
ഇണ ചേരുബോഴാണത്രേ
പ്രണയം ജനിക്കുന്നത് !!!!

Thursday, May 5, 2011

പെയ്തു പെറുത്തത്





"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?

ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?

ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.

തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..


ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...

Share it