Saturday, August 13, 2011

അവസാനത്തെ ആണിഎന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍  നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??

അവന്റെ  ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ്  കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.


നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ 
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...

..............................ആമേന്‍ഈ ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത് .
നെല്ല്

Saturday, July 23, 2011

ഞാനും നീയും


കണ്ണുകള്‍ കൊണ്ടാണ് 
ഉമ്മ വെയ്ക്കാറ്‌..
അതിലൊന്ന് നട്ടു നോക്കി,
മുളച്ചു പൊങ്ങി,
ഇലപൊട്ടി,
മെല്ലെ മൊട്ടായി,
ചോന്ന പൂവായി,
വെളുത്ത കായായ്‌..
ഇന്ന് മരത്തിന്‍കീഴെ
നിറയെ തണല്‍ പുതച്ചു 
കരിയിലകള്‍,
അതിന്‍ മേല്‍ പൊഴിഞ്ഞു വീഴുന്നു 
പഴുത്ത് പാകമായ ഉമ്മകള്‍,

അവിടെ,
കരിയില ഞെരിച്ചു
എനിക്കധികം എനിക്കധികം 
എന്ന് വെറുതെ പിണങ്ങി,
നിഴലനക്കങ്ങളായി 
ഞാനും നീയും

Monday, June 20, 2011

എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍


 
 
പുലര്‍ച്ചെ അവള്‍ക്കൊപ്പം 
തിളച്ചു തൂവാന്‍ 
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
 അരിതിളയ്പ്പിലേക്ക് 
ട്രപ്പീസാടുബോള്‍ 
കള്ളിയവള്‍ 
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,

അരകല്ലിനോപ്പം 
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു  
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ 
വിയര്‍പ്പിനെന്ന്‍?

കഴുകലും തേമ്പലും
തൂക്കലും  തുടയ്കക്കലും 
അടുക്കലും പെറുക്കലും 
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന 
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന 
വേര്‍പ്പ്മണിയോട്  
കൊഞ്ചി ചോദിക്കും,

കുളിച്ചു കേറി 
ഈറന്‍ മാറി 
കറുത്ത കുട ചൂടി 
കടവിലേക്കൊടുമ്പോള്‍ 
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും  വിയര്‍ക്കുന്നവരെ" 
വെയിലിനു വിട്ടു കൊടുത്തു 
അവള്‍ ....

Thursday, May 12, 2011

വിരലുകള്‍ ഇണചേരുമ്പോള്‍..

ഹൃദയമിടിപ്പ് ബുദ്ധിയെ
പൊരുതി
തോല്‍പ്പിക്കുമ്പോഴാണ്
കൈകള്‍ പരസ്പരം
കെട്ടിപിടിയ്ക്കുന്നത്.

അപ്പോളോരോ വിരലുകളും
കുടഞ്ഞിടും
മനസ്സില്‍ ഓരോരോ
കവിതകള്‍.

അതെല്ലാമൊന്നു പെറുക്കി
കൂട്ടാനാവാതെ
വിരല്‍കണ്ണുകള്‍
നിറഞ്ഞു തൂവുമ്പോള്‍ ,
പതിയെ പതിയെ
വിരല്‍ചുണ്ടുകള്‍
ഉമ്മ വെയ്ക്കാന്‍ തുടങ്ങും.

പറയുന്നതൊന്നും,
അറിയാതെ,
കേള്‍ക്കുന്നതൊന്നും
തെളിയാതെ,
മനുഷ്യന്‍ ഇരുകൈകളിലേക്ക്
ചുരുങ്ങി തീരുമ്പോള്‍,
നാലുചുവരിന്റെ
കെട്ടുറപ്പില്ലാതെ,
നാണമറിയാതെ,
ആരുമറിയാതെ,
വിരലുകള്‍
ഇണ ചേരുബോഴാണത്രേ
പ്രണയം ജനിക്കുന്നത് !!!!

Thursday, May 5, 2011

പെയ്തു പെറുത്തത്

"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?

ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?

ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.

തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..


ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...

Monday, April 4, 2011

നീയും ഞാനും
ചിരിച്ചു ചിരിച്ചു
ചിരിക്കവസാനം
കൈവെള്ളയില്‍
പൊള്ളിപിടിപ്പിക്കുന്ന
ഒരു നുള്ള്,

ബ്രോഡ്‌വേയിലൂടെ
തോളുരസി
നടക്കുമ്പോള്‍
ദുപ്പട്ട കൊണ്ട്
മുഖത്തൊരു
നനുത്ത ഏറ്‌,

ഭാരത്‌ കഫെയിലെ
ചൂട് വടയില്‍ നിന്ന്
ഉമിനീര് പുരണ്ട
ഒരു ചീള്,

ബോട്ട്ജെട്ടിയിലെ
പെട്ടികടയിലെ
കടും മധുരമുള്ള
നരുനിണ്ടി സര്‍ബത്തില്‍
നിന്ന് ഒരു കവിള്‍,

സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,

മറൈന്‍ ഡ്രൈവിലെ
ചാര് ബെഞ്ചിലിരുന്ന്,
മാഞ്ഞു പോകുന്ന
സൂര്യനോട് യാത്ര
ചൊല്ലുമ്പോള്‍
കണ്‍ കോണില്‍
ഒരുപോലെ
പടര്‍ന്ന നനവ്‌,

ഇതങ്ങു തീര്‍ന്നു
പോകുമോ എന്ന്
പേടി പറയുബോള്‍
കവിളിലെന്നും
ചൂടുള്ള ഉമ്മ,

കൈ കോര്‍ത്ത്‌
പിടിച്ചു എത്ര ജന്മം
വേണേലും നടക്കും
എന്ന പറച്ചിലില്‍
കനലിന്റെ തിളക്കം,

എന്നിട്ടും
ചില ദിവസങ്ങളില്‍
നീളുന്ന
എങ്ങലടികളോടെ
ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്??
?

Sunday, March 13, 2011

"ഡബിള്‍ ബെല്‍"

ചില യാത്രകള്‍ ഇങ്ങനെയാണ്..

പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,

ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്‌"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,

ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"

Monday, January 24, 2011

മഞ്ചാടി മണികള്‍


വക്കുടയാത്ത
വാക്കുകളടുക്കി
കൊട്ടാരം പണിഞ്ഞാല്‍
നിറം പൂശാന്‍ നൂറുതുടം
നിറം കടം തരാമെന്നു
ഒരു മഞ്ചാടി,

സ്വപ്നം കൊണ്ട് ഊയല്‍
കെട്ടാന്‍ സ്വപ്നത്തേക്കാള്‍
സുഗന്ധമുള്ള വല്ലരിയുമായി
ഒരു കുഞ്ഞുമഞ്ചാടി,

കടലിനാഴം ഹൃദയത്തില്‍
ഒളിപ്പിച്ചു,
അതിന്മേല്‍ ആഴത്തില്‍
പൊട്ടിച്ചിരിച്ചു
വേറൊരു മഞ്ചാടി,

കരയാതുറങ്ങിയാല്‍
കവിത എഴുതാന്‍
കണ്ണീരു കടം തരാമെന്നു
ചിരിച്ചു ചൊല്ലി
ഒരു ചിരിമഞ്ചാടി,

ഇത്രമേല്‍ വാക്കുകള്‍
നിരത്തി വെച്ച്,
ഇത്രമേല്‍ സ്വപ്നങ്ങള്‍
പടര്‍ത്തിയിട്ട്,
ഇത്ര മേല്‍ ആഴത്തിലെന്നെ
പൊട്ടിച്ചിരിപ്പിച്ച
മഞ്ചാടിമണികളെ.....

കവിത പിറക്കുന്നത്
കരളിലാണോ
എന്ന് കൌതുകം കൊണ്ട
നിങ്ങളുടെ കണ്ണുകള്‍
മാത്രമാണ്,
ഇന്നെന്‍റെ ഏറ്റം
പ്രിയപ്പെട്ട കവിത.....


(മഴപോലെ തൊട്ട സ്നേഹങ്ങള്‍ക്ക്,എന്റെ കൂട്ടുകാര്‍ക്ക്)