Tuesday, January 12, 2010

വാക്കുകള്‍
ഹൃദയം വളര്‍ത്തിയ
വാക്കുകള്‍ നാവിലേക്ക്
യാത്ര പോയീ ,
വഴിയില്‍ ചിലവ
ഉമിനീരില്‍ മുങ്ങി താണു.
ചിലത് മസ്തിഷ്കത്തി-
ലേക്ക്‌ പാഞ്ഞു കയറി.
ചിലത് ഹൃത്തിലേക്ക്
തിരിഞ്ഞോടിയപ്പോള്‍,
ചിലത് നാവില്‍
തുമ്പില്‍ തൂങ്ങിയാടി ,
അടര്‍ന്നു നിന്‍ചെവിയില്‍
വീണവ മറു ചെവിയില്‍
നിന്നൂര്‍ന്നു, മൌനത്തിന്‍
ആഴങ്ങളിലേക്ക് ഊളയിട്ടു.

ശേഷിച്ചവ ഞാന്‍ വായ്കരി-
യിട്ടു ചന്ദനമുട്ടിയില്‍
ദഹിപ്പിച്ചു.
ഉദകക്രിയ ചയാന്‍
മൌനത്തെ കൂട്ട്
വിളിച്ചപ്പോള്‍,
നാവിന്‍ തുമ്പത്ത് മൌനം
വാവിട്ട് കരയുന്നു.
വാക്കിനെ പ്രണയിച്ച
മൌനത്തിന്‍ തേങ്ങല്‍
കാണാനാവാതെ ഹൃദയം
വീണ്ടും പുതിയ
വാക്കുകളെ പ്രസവിച്ചിട്ടു

കണ്ണീര്


കവിളില്‍ നിന്നുതിര്‍ന്ന
നനവിന്‍റെ രേഖകള്‍
മാംസവും മനസ്സും
പൊള്ളിച്ചു
ചുണ്ടിലൂടോഴുകി
ആര്‍ത്തിയോടെ
നാവിലേക്ക്.
രുചിച്ചത് ഉപ്പല്ല.
രക്തം..കൊഴുത്ത രക്തം.
കണ്ണില്‍ ആണോ
ചോരയുടെ ഉറവ?
കണ്ണില്‍ നിന്നുതിരുന്നത്
ചോരയാണെന്നാലും
വെറും ജലത്തിന്‍ വില
പോലും തരാത്ത ഭൂവില്‍
കണ്ണീരില്ലാത്തവളായീ
ജീവിക്കാന്‍ എന്‍റെ
കണ്ണുകള്‍ ചൂഴ്ന്നെടുക്കൂ,
ഞാനൊന്നു കരയാതെ ഉറങ്ങട്ടെ .
മനസ്സാണോ വേദനയുടെ
മാതാവ് ?
എങ്കില്‍ ഇനിയൊന്നു
ജീവിയ്ക്കാന്‍ എന്‍റെ
മനസ്സോന്നു പിഴുതു തരൂ
ഞാന്‍ ഹൃദയം
തുറന്നൊന്ന് ചിരിക്കട്ടെ.

Sunday, January 10, 2010

തീരാത്ത കടമാണമ്മ ,തീര്‍ക്കാത്ത കടമാണച്ചന്‍

വെച്ചും വേവിച്ചും
വേര്‍ത്തോലിച്ചും
കവിളില്‍ നേര്‍ത്ത ക
ണ്ണീരിന്‍
ചാലുകള്‍ ചാര്‍ത്തിയും
ചിരിച്ചു കൊണ്ട് കരഞ്ഞ
അമ്മ,
തീരാത്ത കടം എനിക്ക്.

ഓടിയും പാഞ്ഞും
കൂട്ടി മുട്ടാത്ത
ധ്രുവങ്ങള്‍
നോക്കി പകച്ചു
പേടിച്ചോളിച്ചോടിയ അച്ഛന്‍,
തീര്‍ക്കാത്ത കടം എനിക്ക്.

കുഞ്ഞിചിരികള്‍ പൂത്തിരി
പടര്‍ത്തുബോള്‍
കണ്ണീരുണങ്ങിയ അമ്മ തന്‍
കവിളില്‍ കനവിന്റെ
മിന്നലാട്ടം,

അങ്ങകലെ ആകാശത്തിന്‍
ചെരുവില്‍ ഒരു
വെള്ളിനക്ഷത്രത്തിന്‍
മിഴിയില്‍ കണീരിന്‍
നിഴലാട്ടം

തീര്‍ക്കാത്ത വാത്സല്യത്തിന്‍
കടവുമായി നാളെ
ഇരവിനായി തപസിരിക്കും
നക്ഷത്രം,
ഒരു പിടി ബലി
ചോറിനായി കൊതിയോടെ
രണ്ടു കുഞ്ഞികൈ
തേടും നക്ഷത്രം...


Wednesday, January 6, 2010

"പാവം ഞാന്‍"

അന്നും പതിവ് പോലെ അമ്മ ജോലിക്ക് പോവാന്‍ ഒരുങ്ങുകയാണ് ...
കൂടെ എനിക്കായീ ചെയേണ്ട കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റും ഉണ്ട്..
എനിക്ക് വേനലവധി ആണല്ലോ...
ഉച്ചയ്ക്ക്
ചോറുണ്ണുമ്പോള്‍ മീന്‍ വറുത്ത് കൂട്ടാന്‍ മറക്കരുത്,
അനിയനുമായ് വഴക്ക് കൂടരുത്,അവനെ നന്നായി നോക്കണം,
അമ്മമ്മയോടു തല തിരിവ് പറയരുത് ( എന്‍റെ number one enemy ആണ് അമ്മമ്മ എന്ന് അമ്മയ്ക്ക് നന്നായി അറിയാം)
ഇതിലൊക്കെ ഉപരി ആയി വീടിനു പുറത്തു കാല്‍ കുത്തരുത്...
എല്ലാത്തിനും തല കുലുക്കി സമ്മതം മൂളി..
(എന്‍റെ ഉള്ളിലിരുപ്പ് അമ്മക്ക് അറിയിലല്ലോ.)
അമ്മ പോയീ കഴിഞു അടുകളയില്‍
പോയി ഒന്ന് നോക്കി.
അമ്മമ്മ എന്തോ കൊണ്ട് പിടിച്ച പണിയിലാണ്
നോക്കാന്‍ ഏല്പിച്ച അനിയന്‍ അപ്പോഴേ ആ സംസ്ഥാനം വിട്ടു പോയീ കഴിഞ്ഞിരുന്നു.
ഒന്നും ചെയ്യാനില്ലാതെ ഞാന്‍ വട്ടം കറങ്ങി നിന്നപ്പോഴാണ് പുറത്തു നിന്നു പതിയെ ഒരു വിളി കേട്ടത്..
ഒരു സീല്‍ക്കാരം "കുട്ടി കളിയ്ക്കാന്‍ വരാണ്ണ്ടോ?"
നോക്കിയപ്പോള്‍ ഒരു സെറ്റ് പിള്ളേര്‍ എന്നെ കൊതിപ്പിച്ചു മുറ്റത്ത്‌ ഇങ്ങനെ
നില്‍പ്പാണ്‌.
അമ്മയോട് ചയ്ത ശപഥമെല്ലാം എല്ലാം കാറ്റില്‍ പറത്തി അമ്മമ്മയുടെ കണ്ണും വെട്ടിച്ചു ഞാന്‍ ഒറ്റ ഓട്ടം.


കാര്യം നഗരതിരക്കാനെങ്ങിലും കളിയ്ക്കാന്‍ ഉള്ള സ്ഥലങ്ങളൊക്കെ അന്ന് വേണ്ടുവോളം ഉണ്ട് ഞങ്ങള്‍ക്ക്.
അന്നൊക്കെ ഒരു കളിയുണ്ട്
സേഫ്റ്റി പിന്‍ എവിടെയേലും കൊണ്ട് പോയീ ഒളിപ്പിച്ചു വെയ്ക്കും കൂട്ടത്തില്‍ ഉള്ളവര്‍ അത് കണ്ടു പിടിക്കണം..
ആദ്യം കണ്ടു പിടിക്കുന്ന ആള്‍ ആണ് പിന്നീടു പിന്‍ ഒളിപ്പിക്കുന്നത്..
ഒരു പക്ഷെ ഈ കളി ലോകത്തില്‍ ആദ്യമായീ ഞങള്‍ ആവും കണ്ടു പിടിച്ചത്
അങനെ എന്‍റെ അവസരം വന്നെത്തി.
കണ്ണ് പൊത്തി നില്‍ക്കുന്ന കൂട്ടുകാരെ സൂക്ഷ്മമായീ ഒന്ന് നോക്കി ഞാന്‍ പിന്‍ ഒളിപ്പിക്കാന്‍ സ്ഥലവും പരതി നടന്നു...
അപ്പോഴാണ് വെട്ടി നിര്‍ത്തിയിരിക്കുന്ന ഒരു പേരമരത്തിന്റെ കുറ്റി കണ്ണില്‍ പെട്ടത് ,
ഏകദേശം എന്‍റെ തോള്‍ വരെ പൊക്കമുണ്ട് ആ മരത്തിന്റെ കുറ്റിക്ക്
ഞാന്‍ പിടഞ്ഞു കേറി പിന്‍ ഭ്രദ്രമായീ അതില്‍ ഒളിപ്പിച്ചു.
എന്നിട്ട് സന്തോഷത്തോടെ എല്ലാവരോടും കണ്ണ് തുറക്കുവാന്‍ പറഞ്ഞു..
പിന്നീട്
പോയി ഒരു മൂലയില്‍ കുത്തി ഇരിപ്പായി.
കൂട്ടുകാര്‍ കൊണ്ട് പിടിച്ചു അന്വേഷണത്തിലാണ്.
ആ നേരം മൊത്തം ഞാന്‍ അമ്മയോട് പറയേണ്ട നുണകളുടെ ലിസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നു (സമയം പോവണം അല്ലോ?)

അവസാനം തോറ്റു തുന്നം പാടി കൂട്ടുകാര്‍ എന്‍റെ അടുക്കല്‍ വന്നു സുല്ലിട്ടു നിന്നു.
ഞാന്‍ അഭിമാനത്തോടെ എല്ലാവരെയും ഒന്ന് നോക്കി..
പതിയെ എഴുനേറ്റു വിജയഭാവത്തില്‍ തല ഉയര്‍ത്തി പിടിച്ചു പേരമരത്തിന്റെ കുറ്റി ലക്ഷ്യമാക്കി ഒറ്റ നടത്തം.
അതിന്റെ താഴെ ചെന്ന് കുട്ട്യോളെ ഒന്നുടെ നോക്കി കുറ്റിയുടെ മേലിലേക്ക് വലിഞ്ഞു ഒറ്റ കയറ്റം,
"പതോഓഓഓഓഓ" ദേ കിടക്കുന്നു എല്ലാം കൂടെ താഴേക്ക്‌.............
പിന്നിടുള്ള കഥയെല്ലാം മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് .
ഉണ്ടായിരുന്ന കുറച്ചു ബോധം അപ്പൊ തന്നെ പോയിരുന്നു.
കൂടെ കളിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛന്‍ ആണ് എന്നെ എടുത്തു ആശുപത്രിയില്‍ കൊണ്ട് പോയത് .
കണ്ണ് തുറന്നപ്പോള്‍ എന്‍റെ പാവം അമ്മ കരഞ്ഞു കൊണ്ട് അരികില്‍ നില്‍ക്കുവാണ്.
എനിക്ക് വായ തുറക്കാന്‍ പറ്റുന്നില്ല."ഈശ്വര എന്ത് പറ്റി" എന്ന് ചിന്തിക്കുന്ന മുന്നേ എനിക്ക് കാര്യമായീ എന്തോ അപകടം മണത്തു..
വീഴച്ചയില്‍ മുറിവ് പറ്റിയത് എന്റെ കൈക്കോ കാലിനോ അല്ല,
ഞാന്‍ അത് വരെ എന്റെ ആയുധമാക്കി കൊണ്ട് നടന്ന എന്റെ ഭീകരന്‍ നാവ്..
നാവിനു തുന്നല്‍ എത്രയാണെന്ന് സത്യം ആയും എനിക്കിപ്പോ ഓര്മ ഇല്ല.
വീണപ്പോള്‍ താടി താഴെ അടിച്ചാണത്രെ ഞാന്‍ വീണത്‌ ചെറിയ ചെറിയ മുറിവുകള്‍ താടിയിലും,ചുണ്ടിലും എല്ലാം ഉണ്ട്..
ഏതായാലും എല്ലാം കൂടെ ഞാന്‍ കുറെ നാള്‍ നല്ല കോലത്തില്‍ ആയിരുന്നു.
ആ ദിവസം മുതല്‍ കൂടി ഞാന്‍ പിന്‍ ഒളിപ്പിക്കള്‍,കല്ലുകളി,വട്ടുകളി,എന്ന് വേണ്ട സകലമാന ദേശിയകളികളും നിരോധിച്ചതായി പ്രഖ്യാപിച്ചു .
അമ്മാമ്മേടെ നല്ല കുട്ടി ആയി.


എന്റെ ഇളയ മോളുടെ കുസൃതി കാണുബോള്‍ അമ്മ പറയും "അമ്മ പണ്ട് നാവാണ് മുറിച്ചത് നീ ആ പേര് നിലനിര്‍ത്താന്‍ നോക്കല്ലേ വാവേ" എന്ന്.
അപ്പോള്‍ പാവപെട്ട എന്‍റെ കണവന്‍ ഇവളുടെ നാവ് മൊത്തം മുറിഞ്ഞു പോയില്ലലോ എന്നാ ദുഃഖഭാരത്തോടെ എന്നെ നോക്കും..

"പാവം ഞാന്‍" അല്ലെ?