Tuesday, August 18, 2009

മനസ്സ്


മനസ്സ് ഉടഞ്ഞപ്പോള്‍
ചീളുകള്‍ ഉരുക്കി
ചിത്രപണിയില്‍
ഒരു കണ്ണാ‍ടി പണിതു.

മുഖമൊന്നു കാണാന്‍
കണ്ണാടി നോക്കിയപ്പോള്‍
മുഖമില്ലാത്ത ഒരുടല്‍.

മുഖവും മനസ്സും
നഷ്ടമായപ്പോള്‍
ക്കൂട്ടിനു വന്ന
നിഴലിനോപ്പം
കണ്ണാടി തച്ചുടച്ചു‌.

ദിനാന്ത്യത്തില്‍
നിഴലും പോയ്‌
മറഞ്ഞപ്പോള്‍
കണ്ണാടിചീളുകള്‍
ഉരുക്കി പുതിയൊരു
മനസ്സുണ്ടാക്കി

മുഖമുള്ള ഒരു മനസ്സ്.

ചിങ്ങസമൃദ്ധി

കര്‍ക്കിടകപഞ്ഞം
വരവേറ്റ ചിങ്ങസമൃദ്ധി
സ്വപ്നം കണ്ടു,
വിശപ്പിന്‍റെ കരം
പിടിചിറങ്ങി

തെരുവിന്‍റെ മകള്‍.
ഓണകോടികള്‍

പുളയ്ക്കുന്ന നഗരത്തിലൂടെ,
കീറതുണിയുടെ

വിടവിലൂടെ അവളുടെ

നഗ്നത തേടിയ

ജനങ്ങള്‍ക്കിടയിലേക്ക്,
മിന്നുന്ന തോരണങ്ങള്‍ക്ക്

കണ്ണ് തട്ടാതെ,
കാക്കപ്പൂവിനെയും,
തുമ്പകുടത്തിനെയും

തോല്പിച്ചു ചിരിക്കുന്ന

ഓര്‍കിടിന്‍റെയും

ആന്തൂറിയത്തിന്‍റെയും

അഹങ്കാരത്തിലേക്ക്.
ഊഞ്ഞാലും,
കൈകൊട്ടികളിയും

മറന്ന,പൂക്കളവും,
ഓണപ്പാട്ടും മറന്ന,
പുതിയ തലമുറയുടെ

ചൂരിലേക്ക്.
നക്ഷത്രശാലകളില്‍

മിന്നുന്ന പാത്രങളില്‍
വിളമ്പുന്ന ഓണസദ്യയുടെ

എച്ചിലും തേടി,
കര്‍ക്കിടം കഴിഞ്ഞാലും

ചിങ്ങം വന്നാലും,
വിശപ്പിന്‍റെ തിരയടങ്ങാത്ത

വയറുമായീ,
മാനുഷരെല്ലാരും ഒന്നായ

മാവേലിയുടെ നാട്ടിലേക്ക്

Monday, August 10, 2009

ഞാന്‍ ജ്വാലാമുഖിപകലുകളില്‍ ......

അരുണന്‍ ഒരഗ്നിഗോളമായീ

ഉരുക്കുന്ന വിരഹത്തിന്‍ ചൂടുമായീ

എന്നെ പൊതിയുമ്പോള്‍,

കാതങല്‍ക്കപ്പുരം നീ ഉരുകുന്നത്

ഞാന്‍ അറിയുന്നു.

രാത്രികളില്‍...

നിശാകാന്തന്‍ ഏകാന്തതയുടെ

നനുത്ത പട്ടുകബളം

എന്നെ പുതപ്പിക്കുമ്പോള്‍,

നിന്റെ ഓര്‍മകളില്‍ ഞാന്‍

മഞ്ഞുപോല്‍ ഉറയുന്നു.

ഇതോ പ്രണയം?

ഞാന്‍ ചിന്തകളുടെ തടവുകാരിയായ നന്ദിതയോ,

ചെവി അറുത്തു ചോര ചീന്തിച്ച്ച വാന്‍ഗോഗോ അല്ല.

ഷേക്ക്‌സ്പിയര്‍ അനശ്വരമാക്കിയ ജൂലിയറ്റും,

മജ്നുവിന്റെ ഹൃദയമിടിപ്പ് കൂട്ടിയ ലൈലയും അല്ല.

വിരഹത്തില്‍ സ്വയം ഉരുകിയ രാധയും,

ഭക്തിയില്‍ സ്വയം അര്‍പ്പിച്ച മീരയുമല്ല.

ഞാന്‍ ജ്വാലാമുഖി...

കത്തുന്ന ലാവ പോല്‍ പ്രണയം

ഹൃദയത്തില്‍ തീഗോളമാക്കിയ

എന്നത്തെയും നിന്റെ പ്രണയിനി.


സമാന്തരരേഖ


രണ്ടു സമാന്തര-
രേഖകളായിരുന്നു നാം

ഒരിക്കലും കൂട്ടിമുട്ടാതെ,
നെടുനീളെ,
അറ്റം കാണാതെ,
നീണ്ടു പോയ രേഖകള്‍.
എന്നിട്ടും......
നിന്റെ ഹൃദയത്തിന്‍

വൃത്തത്തില്‍
നീയെന്നെ തളച്ചിട്ടു.
അതിനുള്ളില്‍

പിടഞ്ഞപ്പോഴും
ബന്ധങ്ങളുടെ

ചതുരത്തിന്

ഞാന്‍ ക്ഷ്തമെല്‍പ്പിച്ച്ചില്ല.
അവസാനമോ?
ഒരു ത്രികോണ-
പ്രണയത്തില്‍

ഞെരിഞ്ഞമര്‍ന്നു
ഞാന്‍ വീണ്ടും

അതെ

സമാന്തരരേഖയായീ

നെടുനീളെ,
അറ്റം കാണാതെ

നീണ്ടു

പൊയ്കൊണ്ടിരിക്കുന്നു

ജഡത്തിന്റെ പ്രണയം


ഇതാ ഒരു ജഡം,
അടര്‍ന്നു വീഴാന്‍

തുടങ്ങും മിഴിയില്‍

തുളുബുന്നത്

നിന്നോടുള്ള പ്രണയം,
അഴുകി തുടങ്ങിയ

നാസികയില്‍

കുടികൊള്ളുന്നത്

നിന്റെ ഗന്ധം,
തുള വീണ കര്‍ണത്തില്‍

ചുരുട്ടിയ മുഷ്ടി-
യോടൊപ്പം കേട്ട-
ശബ്ദത്തിന്‍ ഒലികള്‍,
വീര്‍ത്ത ചുണ്ടില്‍

നനവൂറും ചുംബനത്തിന്‍

ആലസ്യം,
പുഴുക്കുതേററ ചര്‍മത്തിന്‍

രോപകുപങളിലെല്ലാം

നിന്നോടുള്ള ആസക്തി,
മൂക്കുപൊത്തതൊന്നു-
കൂടി നോക്കൂ

ഇതെന്‍ "ഹൃദയം"
മീനുകള്‍ കൊത്തി-
പ്പറിചെങ്ങിലും

ഉള്ളില്‍ ഇപ്പോഴും

നിന്റെ പ്രണയം

മരിക്കാതെ ചിരിക്കുന്നു

Tuesday, August 4, 2009

എണ്ണകിണറുകള്‍

എണ്ണകിണറുകളുടെ
നാട്ടിലിരുന്നു
നീ എന്നോടിഷ്ടമാണെന്ന്

ആണയിടുമ്പോള്‍,
ഇവിടെ നഗരത്തിന്‍റെ

ശീതികരണ മുറികളിലും

വികസനത്തിന്‍
ആണയിടലുകള്‍,
അവിടെ നീ

എന്‍റെ മജ്ജയില്‍

നിന്‍റെ സ്നേഹം

കുത്തി ഇറക്കുമ്പോള്‍,
ഇവിടെ ആഴിയുടെ

ആഴപരപ്പില്‍

ആഴ്ന്നിരങുന്നത്

പുതിയ കണ്ടെത്തലിന്‍റെ

ആയുധങള്‍.
നിന്‍റെ ഹൃദയത്തിലേക്ക്

അധിനിവേശിച്ച

എന്‍റെ സ്നേഹത്തിനു

വിരഹത്തിന്‍ ഉപ്പുരസം.
നഗരത്തിന്‍റെ പുതിയ

വികസനമോഹങള്‍ക്ക്

എന്‍റെ കാത്തിരിപ്പിന്‍

പ്രാര്‍ത്ഥന കൂട്ട്.
നമ്മുടെ ഒന്ന് ചേരലിന്‍റെ

എണ്ണ നഗരത്തില്‍

ഒഴുകുന്നതും കാത്തു
മൈലാഞ്ഞി ഉണങാത്ത

കൈയുമായി

നിന്‍റെ മണവാട്ടി
ഈ നഗരത്തില്‍ തനിയെ..