Friday, July 9, 2010

അവന്‍

കവിതയുടെ ചെരുതരികള്‍
ഊതി കനലായി മാറ്റി

എന്നെ കാച്ചി കറുപ്പിച്ചവന്‍,


ശലഭത്തെ കാണിച്ചു കൊതിപ്പിച്ചു

അവളുടെ ചിറകില്‍ ചിത്രം

വരയ്ക്കാന്‍ വര്‍ണതൂലിക തന്നവന്‍,


ഒരു കോപതിരിയില്‍ ആളികത്തി

പടര്‍ന്നു,പിന്‍വിളിയില്‍ കരിതിരിയായി

എന്നിലേക്ക് കെട്ട് പോകുന്നവന്‍ ,

മിന്നാമിനുങ്ങിന്റെ ഇത്തിരി തിളക്കം

ഒരു നോക്കില്‍ പെരുപ്പിച്ചു

സ്വപ്നങ്ങളുടെ ഒത്തിരി വെളിച്ചം

നേടി തന്നവന്‍,

അവനു ഇട്ട ഇലയില്‍ നിന്നോരുരുള

ചോറ് നീട്ടിയെന്റെ ജന്മങ്ങളുടെ

വിശപ്പിനു ശമനം നേടി തരുന്നവന്‍,


ആ ജനലരികിലെ മുല്ലവള്ളിയോടു

രാത്രി മുഴുക്കെ എന്റെ കഥ

ചൊല്ലിപറഞ്ഞു തളര്‍ന്നുറങ്ങുന്നവന്‍,


എന്നോ കാത്തു വെച്ച കാണാച്ചരട്

കോര്‍ത്തിണക്കി എന്റെ മൌനം

കടഞ്ഞു വാക്കിനെ സൃഷ്ട്ടിച്ചവന്‍,

"അവന്‍"

ഒരു സ്വപ്നത്തില്‍ നിന്ന് പറന്നിറങ്ങി

പെരുത്ത സ്നേഹത്തില്‍ മുഴുത്ത

ചങ്ങലയാല്‍ എന്റെ മനസിന്റെ

കണക്കാല്‍ പൊട്ടിച്ചു പഴുപ്പിച്ചവന്‍.

2 comments:

  1. റീമാ വളരെ വളരെ നല്ല കവിത
    എഴുതുക വീണ്ടും

    ReplyDelete
  2. ഇതു പോലൊന്ന് ഇനി ഉണ്ടാവില്ല..എന്തായാലും...നന്ദി സര്‍

    ReplyDelete