
എനിക്കൊരു വീടുണ്ടായിരുന്നു,ഓടിന് അരികു പറ്റിയ
ഒരു തുണ്ട് ചില്ലിലൂടെ
ആകാശം കൈ തൊട്ടു
ഉണര്‍ത്തിയിരുന്ന ഒരു വീട് ,
അടുപ്പിന് കീഴെ കിടന്ന
വിറകിന്‍ചീള് എരിയുന്ന
പകുതിയെ നോക്കി
നെടുവീര്‍പ്പിട്ടിരുന്ന ഒരടുക്കള,
ഉപ്പ് നീറ്റലില്‍ പരുവമായ
ഉണ്ണി മാങ്ങകള്‍ തിക്കി
ത്തിരക്കിയ ഒരു ഭരണി,
ചാരവും പാത്രവും
ഉരുമിയിരുന്നു സൊറ
പറഞ്ഞൊരു കിണറരിക്,
തൊടിയില്‍ നിറയെ
കലപില പറയും
മരങ്ങളുടെ നിഴലുകള്‍,
ഇടിമിന്നലിന്റെ
കൈപിടിച്ച് മഴനൂലുകള്‍
ഓടിയിറങ്ങിയ ഒരു മഴകാലം,
തണുക്കാതുറങ്ങാന്‍ കഥകള്‍
തുന്നിയ കറുത്ത കമ്പിളി,
എന്നും കുഞ്ഞി കലവുമായി
കഞ്ഞി വെക്കാന്‍ കൂട്ട് തേടി
വന്ന ഒരു കറുമ്പി.......
വീടും ,മഴയും, കുഞ്ഞികലവും
മറവിയില്‍ എരിഞ്ഞു തീര്‍ന്നിട്ടും,
ഓര്‍മ്മയില്‍ അടുപ്പ് കൂട്ടാന്‍
അവള് മാത്രം ഇന്നും
പതിവായ് എത്താറുണ്ട്.
(കുട്ടികാലം മുഴുവന്‍ എന്നെ പൊതിഞ്ഞു പിടിച്ചു പിന്നെ എവിടെയെന്നറിയാതെ അകന്നുപോയ ഒരു കൂട്ടുകാരിക്ക് വേണ്ടി...)