Friday, February 19, 2010

ദുസ്വപ്നം



കറുത്ത നൂലില്‍ കോര്‍ത്ത
വെളുത്ത മഞ്ഞ് കണങ്ങളുടെ
മെത്തയിലാണ് അന്നും
ഉറങ്ങാന്‍ കിടന്നത്.


ഉറക്കത്തിലെപ്പോഴോ വിരിഞ്ഞ
തീനാളം മഞ്ഞുമണികളെ
ചിരിച്ചു ഉരുക്കി,
ഉന്മാദത്തിന്റെ ഇടനാഴിയില്‍
കറുത്ത നൂല് കരിനാഗമായി
ചുറ്റി വരിയുന്നു,
ശബ്ദം തൊണ്ട വിഴുങ്ങുമ്പോള്‍
ചെവിയില്‍ ആരോ ഉറക്കെ
ചൊല്ലുമൊരു ഒപ്പിസിന്‍ ഈണം..


ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍
നേര്‍ത്ത ഒരു കാഴ്ച,
മുറ്റത്തെ ചെത്തി മരത്തില്‍
ഇല മറച്ചു പൂക്കുലകള്‍,
അതിനിടയില്‍ മഞ്ഞ പട്ടില്‍ ചുവന്ന
പുള്ളികളൂമായി പാറുന്നൊരു ശലഭം,
ദുസ്വപ്നത്തിലെ സുഖമുള്ള കാഴ്ച,
കാഴ്ചയുടെ മറവില്‍
നാഗമെന്നെ വിഴുങ്ങി.
.
വയ്യ.......


കണ്ണ് തുറന്നപ്പോള്‍ മഞ്ഞ പട്ടില്‍
ചുവന്ന പുള്ളികളുമായി
ഒരു ശലഭം കറുത്ത നൂലില്‍
വെളുത്ത മുത്തുകള്‍ കൊരുക്കുന്നു,
എനിക്കണിയാന്‍.


ആ ശലഭത്തിനു നിന്‍റെ മുഖം.

No comments:

Post a Comment