Friday, July 9, 2010

വാവയ്ക്കായി

ഉരുവായില്ല നീയെന്‍
ഉദരത്തിന്‍ ഇരുട്ടില്‍,
എങ്കിലും,അമ്മയായില്ലേ

വാവേ ഞാന്‍

നിനക്കെന്നുമെന്നും?

തന്നതില്ല നീയെനിക്ക്

നിന്‍ പിഞ്ഞിലം കാലിന്‍

മൃദുലമാം നോവുകള്‍,
എങ്കിലുമന്യയായതില്ല
ഞാന്‍ നിന്‍ കൊഞ്ഞലിന്‍

പാതയില്‍.

നോവിച്ചില്ല നീയെന്‍

അസ്ഥികള്‍ ഒന്നുമേ,

എങ്കിലും,നൊന്തതല്ലോ

ഈ ഇടുപ്പെല്ലും

നിന്‍ സ്നേഹത്തിന്‍

പേറ്റുനോവിനാല്‍.

നുകര്‍ന്നതില്ല നീയെന്‍

മുലപ്പാലിന്‍ മധുരമൊന്നും,
എങ്കിലും,ചുരക്കുന്നു

നിന്നെയോര്‍ക്കുബോളീ
അമ്മ തന്‍ മാറിടം.


ഒരു നുള്ള് ഇങ്ക്
പോലും തന്നതില്ല

ഈ കൈകളാല്‍

എങ്കിലും,കടിക്കുന്നു

മെല്ലെ നീയെന്‍ വിരല്‍

തുമ്പില്‍ എന്നുമേ.

ഒരു ചെറുകബിനാല്‍

തച്ചതില്ല ഞാന്‍ നിന്‍

കുരുബിന്‍ സൗഭഗം,
എങ്കിലും,ചിരിച്ചുവല്ലോ

ഞാന്‍ കനവില്‍ എന്നും

നിന്‍ കുരുബിനൊപ്പം.

ആ കുഞ്ഞിളം മേനിയില്‍

ഒരു തുടം എണ്ണ തേയ്ക്കുവാന്‍

ആയില്ലിനിക്കെങ്കിലും,
എന്‍ തൊടിയിലെ

കിണറൂവെള്ളം പോലും

തുള്ളുന്നു ആ ഓര്‍മയില്‍,

ചൂണ്ടിയില്ല ഈ
വിരലുകളാ അമ്പിളിതന്‍

നേര്‍ക്കെങ്കിലും ,
കാണുന്നു ഞാനാ വെണ്മയില്‍

നിന്‍ പാല്‍പുഞ്ചിരി

തന്‍ ശേലുകള്‍.


ഒരു താരാട്ടിന്‍ ശീലിനാല്‍

നിന്നെ തലോടുവാനീ ജന്മം

കഴിഞ്ഞതില്ലെങ്കിലും,
അമ്മയായില്ലേ വാവേ

ഞാന്‍ നിനക്കെന്നുമെന്നും?

അവന്‍

കവിതയുടെ ചെരുതരികള്‍
ഊതി കനലായി മാറ്റി

എന്നെ കാച്ചി കറുപ്പിച്ചവന്‍,


ശലഭത്തെ കാണിച്ചു കൊതിപ്പിച്ചു

അവളുടെ ചിറകില്‍ ചിത്രം

വരയ്ക്കാന്‍ വര്‍ണതൂലിക തന്നവന്‍,


ഒരു കോപതിരിയില്‍ ആളികത്തി

പടര്‍ന്നു,പിന്‍വിളിയില്‍ കരിതിരിയായി

എന്നിലേക്ക് കെട്ട് പോകുന്നവന്‍ ,

മിന്നാമിനുങ്ങിന്റെ ഇത്തിരി തിളക്കം

ഒരു നോക്കില്‍ പെരുപ്പിച്ചു

സ്വപ്നങ്ങളുടെ ഒത്തിരി വെളിച്ചം

നേടി തന്നവന്‍,

അവനു ഇട്ട ഇലയില്‍ നിന്നോരുരുള

ചോറ് നീട്ടിയെന്റെ ജന്മങ്ങളുടെ

വിശപ്പിനു ശമനം നേടി തരുന്നവന്‍,


ആ ജനലരികിലെ മുല്ലവള്ളിയോടു

രാത്രി മുഴുക്കെ എന്റെ കഥ

ചൊല്ലിപറഞ്ഞു തളര്‍ന്നുറങ്ങുന്നവന്‍,


എന്നോ കാത്തു വെച്ച കാണാച്ചരട്

കോര്‍ത്തിണക്കി എന്റെ മൌനം

കടഞ്ഞു വാക്കിനെ സൃഷ്ട്ടിച്ചവന്‍,

"അവന്‍"

ഒരു സ്വപ്നത്തില്‍ നിന്ന് പറന്നിറങ്ങി

പെരുത്ത സ്നേഹത്തില്‍ മുഴുത്ത

ചങ്ങലയാല്‍ എന്റെ മനസിന്റെ

കണക്കാല്‍ പൊട്ടിച്ചു പഴുപ്പിച്ചവന്‍.

Thursday, July 1, 2010

കോപം


ചെവിയിലേക്ക് നീട്ടീ
തുപ്പിയ കോപം
ചെന്ന് പെട്ടത്
ഉള്ളില്‍ ഇനിയും
കണ്ടെത്താത്ത
അറകളിലേക്കാണ്,

വാലില്‍ ചുരുട്ടി
വലിച്ചെറിഞ്ഞിട്ടും
ചിലതു ചില-
കോണുകളില്‍
ഒളിച്ചിരുന്നു,

പെരുകാന്‍ വിടാതെ
നീ തന്നെ തഴുകി
മിനുപ്പിച്ചപ്പോള്‍
അനുസരണയോടെ
നിന്ന് തന്നത്,
ഓരോ തവണയും
നീ തുപ്പുന്നത്
മിനുപ്പിലേക്കാവണമെന്ന്
എനിക്കത്രമേല്‍
നിര്‍ബന്ധമുള്ളത്
കൊണ്ടാണ്.