Saturday, October 30, 2010
രോദനം
ഉളുപ്പില്ലാതൊ-
രമ്മയുടെ
പേറ്റ്നോവിലേക്ക്
നിറയൊഴിച്ച
പാതകത്തിനു
തുരുമ്പിച്ചു തുളഞ്ഞ
കാലത്ത് ഒരു
കല്‍തുറുങ്ക്
സ്വന്തമാക്കിയ
തോക്കിന്‍ കുഴെലെ...
നീ കേട്ടുവോ ?
അങ്ങകലേ കാക്കി
അണിഞ്ഞൊരു
വെടിയുണ്ടയുടെ
ഹൃദയം പിളര്‍ത്തും
രോദനം..
Friday, October 29, 2010
"കടിഞ്ഞൂല്‍ പുത്രി"
ഗോവണിയില്‍
കാലുളുക്കി വീണന്നു
മുതല്‍ പരസ്പരം
ചിന്തകള്‍ വാരിയെ-
റിഞ്ഞു മറിയുന്നതാണ്,
കണ്ണീരു പുരണ്ട
വഴിവക്കില്‍
പലവട്ടം ഹൃദയം
മറന്നു വെച്ചപ്പോഴും,
തിരികെ നേടി തരാന്‍
ഒരു വിളിപ്പുറത്തവന്‍
പുഞ്ചിരിയോടുണ്ടായിരുന്നു,
ചുണ്ടില്‍ ചിരി പൊട്ടും
നേരം പുത്തിരി പോലത്
പാടെ വിടര്‍ത്താന്‍
കണ്ണെത്താ ദൂരത്തിരുന്നും
കൊഞ്ഞനം കുത്തുമവന്‍,
കുറുമ്പ് കുത്തും
നേരങ്ങളില്‍ ചെവിക്കു
നുള്ളാന്‍,ചിലനേരം
ഗൌരവത്തിന്‍ മുഖപടമിട്ടു
കാരണവരുടെ കള്ളകുപ്പായം
അണിയുമവന്‍,
എന്നമ്മയുടെ മുലപ്പാലിന്‍
മാധുര്യം നുണയാത്തവന്‍
നീയെങ്കിലും കുഞ്ഞേ...
ചേച്ചിയെന്നൊരൊറ്റ
ചൊല്ലില്‍ ഞാന്‍ നിന്നമ്മ
തന്‍ മടിയില്‍ എന്നേ-
കടിഞ്ഞൂല്‍ പുത്രിയായി...
Wednesday, October 27, 2010
ഒരയ്യപ്പന്‍..
മരിക്കാന്‍ മനസ്സില്ലാത്തവന്‍റെ അവസാനകവിത...
പല്ല്
അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
.....എ അയ്യപ്പന്‍.
Friday, October 1, 2010
കറുമ്പി
എനിക്കൊരു വീടുണ്ടായിരുന്നു,
ഓടിന്‍ അരികു പറ്റിയ
ഒരു തുണ്ട് ചില്ലിലൂടെ
ആകാശം കൈ തൊട്ടു
ഉണര്‍ത്തിയിരുന്ന ഒരു വീട് ,
അടുപ്പിന്‍ കീഴെ കിടന്ന
വിറകിന്‍ചീള് എരിയുന്ന
പകുതിയെ നോക്കി
നെടുവീര്‍പ്പിട്ടിരുന്ന ഒരടുക്കള,
ഉപ്പ് നീറ്റലില്‍ പരുവമായ
ഉണ്ണി മാങ്ങകള്‍ തിക്കി
ത്തിരക്കിയ ഒരു ഭരണി,
ചാരവും പാത്രവും
ഉരുമിയിരുന്നു സൊറ
പറഞ്ഞൊരു കിണറരിക്,
തൊടിയില്‍ നിറയെ
കലപില പറയും
മരങ്ങളുടെ നിഴലുകള്‍,
ഇടിമിന്നലിന്റെ
കൈപിടിച്ച് മഴനൂലുകള്‍
ഓടിയിറങ്ങിയ ഒരു മഴകാലം,
തണുക്കാതുറങ്ങാന്‍ കഥകള്‍
തുന്നിയ കറുത്ത കമ്പിളി,
എന്നും കുഞ്ഞി കലവുമായി
കഞ്ഞി വെക്കാന്‍ കൂട്ട് തേടി
വന്ന ഒരു കറുമ്പി.......
വീടും ,മഴയും, കുഞ്ഞികലവും
മറവിയില്‍ എരിഞ്ഞു തീര്‍ന്നിട്ടും,
ഓര്‍മ്മയില്‍ അടുപ്പ് കൂട്ടാന്‍
അവള്‍ മാത്രം ഇന്നും
പതിവായ് എത്താറുണ്ട്.
(കുട്ടികാലം മുഴുവന്‍ എന്നെ പൊതിഞ്ഞു പിടിച്ചു പിന്നെ എവിടെയെന്നറിയാതെ അകന്നുപോയ ഒരു കൂട്ടുകാരിക്ക് വേണ്ടി...)
Subscribe to:
Posts (Atom)