Friday, February 19, 2010

എന്നിട്ടൊന്നു ഉറങ്ങണം

നനച്ച തുണി പുല്‍തൈലത്തില്‍ മുക്കി
തുടച്ചെടുത്തത് മുഴവന്‍

മനസ്സിന്റെ നോവുകളായിരുന്നു,

എന്നിട്ടും ,

ജനല്‍ കമ്പിയില്‍

മുഴുവന്‍ മാറാല പിടിച്ച മനസ്സ്

തൂങ്ങി കിടക്കുന്നു,

വാശിക്ക് കൊട്ടി കളഞ്ഞു ,

കല്ലില്‍ അടിച്ചടിച്ചു അലക്കി,
ഉറഞ്ഞു കൂടിയ വിഷാദങ്ങള്‍,

മുറിയുടെ കോണില്‍ ഒളിച്ചിരുന്ന

പാറ്റയില്‍ കണ്ടത് ശത്രുവിനെ ,
ചെരുപ്പ് കൊണ്ട് തച്ചു കൊന്നപ്പോള്‍

മനസ്സ് ചിരിച്ചു,വികൃതമായി.

ഇനി നെഞ്ചിലെ കനലിട്ടു അടുപ്പ് കൂട്ടാം,
സ്നേഹം വെട്ടി തിളക്കുബോള്‍
മധുരം ചേര്‍ത്ത് വിളബാം,
അലങ്ങരിച്ച മനസ്സിന്റെ താളുകളില്‍,

എന്നിട്ടൊന്നു ഉറങ്ങണം ,
കടം വരുത്തിയ വരുതികള്‍ മറന്നു

മരം കൊത്തി


കൊത്തുന്ന താളം നോക്കി
ഇമ വെട്ടാതിരുന്നപ്പോള്‍

നൂറു മിന്നലുകളായിരുന്നു കണ്ണില്‍,

വര്‍ണ്ണതൊപ്പിയും കൌശലനോട്ടവും

മേമ്പൊടി ആക്കി നീ കൊത്തിയത് മുഴുവന്‍

മനസ്സിന്റെ ഭിത്തിയിലാണ്,


ഹൃദയത്തിന്‍

ഉള്ളറകള്‍ കണ്ടു തുടങ്ങിയപ്പോള്‍

നീ ഇണയെ നോക്കി കൊക്ക് വിടര്‍ത്തി

ചിരിച്ചു,

പിന്നെയാ ചിരി മാറി കണ്ണീരു തൂവിയത്

ജന്മങ്ങളുടെ വേദനകള്‍ വ്രണമാക്കിയ മനസ്സിന്‍

വികൃത രൂപം കണ്ടിട്ട്,

പിന്നീട്,

തുറന്നിട്ട ഹൃദയം ഉപേക്ഷിച്ചു

ഇണയെയും കൂട്ടി നീപറന്നകന്നപ്പോള്‍

അന്നാദ്യമായീ ഞാന്‍ എകായായീ

മായം

ചെടി ചട്ടിക്കുള്ളില്‍
വിളറി നിന്ന കമ്പില്‍

ഒരു കാടാണ് കനവ് കണ്ടത്,

നിറയെ വെള്ളം

ഒഴിച്ച് കൊടുത്താല്‍

കാട് ഉണ്ടാവുമത്രേ!

നാല് ചുവരുകള്‍

മൂടിയ കുടുസ്സു മുറിയുടെ

ഇടുങ്ങിയ മട്ടുപ്പാവില്‍

കാടോ?
അരികിലൊരു അരുവിയോ?
അവിടൊരു കുയില്‍ പാട്ടോ?

നഗര തിരക്കില്‍

ഉരുക്കുന്ന ഉഷ്ണത്തില്‍

തലയിലൂടുതിര്‍ന്ന

മായം കലര്‍ന്ന വെള്ളത്തില്‍

സ്വപ്നങ്ങള്‍ ഒഴുകുന്നു,

അതിലെന്റെ

കാടും,അരുവിയും,കുയിലും,
കൂടെ വിളറി നിന്ന ഭാവനയും

കവിത

ശില ഉരിഞ്ഞൊരു
ശില്‍പ്പം പോല്‍

കവിത കുറിക്കാന്‍

ഇറങ്ങി തിരിച്ചവള്‍ ഞാന്‍,
കവിത പിണങ്ങി ഉറഞ്ഞു
കാരിരുബിനേക്കാള്‍

കട്ടി ഉള്ളതായി,
ഉളിയുടെ മൂര്‍ച്ച

പോരാതെ കാച്ചിയും

തേച്ചും ഞാന്‍ വീണ്ടും

വീണ്ടും ശിലയില്‍

കവിത കൊത്തി,
കാരിരുബില്‍ കവിത

വിരിഞപ്പോള്‍ കവിതയ്ക്ക്

നിറം എണ്ണകറുപ്പ്,
കണ്ണില്‍ തുളഞ്ഞു

കയറും മൂര്‍ച്ചയോലും

അഴകിന്‍ കറുപ്പ്,
കറുപ്പിനെ പ്രണയിച്ച

എന്‍ മനസ്സിലോ

പാല്‍നിലാവിന്‍ വെളുപ്പ്‌.

പൊള്ളല്‍


അടുക്കളപ്പാദകത്തില്‍
തിളച്ച പാല്‍ പാത്രം

ഇറക്കി വെച്ചപ്പോള്‍
ഒരു തരി തുളുബിയെന്റെ
കൈയൊന്നു പൊള്ളി,
വെളുത്ത പാല്‍നുര നോക്കി

മെല്ലെ ഉണ്ണി കൊഞ്ചി,
അമ്മയ്ക്ക് നൊന്തുവോ???
പൊള്ളിയ കൈയിനാല്‍

സ്നേഹം ചേര്‍ത്തതവള്‍ക്കു

കൊടുത്തപ്പോള്‍ തെളിഞ്ഞു

ചിരിനുരയാ നനുത്ത

ചൊടിയിലും,
ചിരിച്ചു കൊണ്ട് ഞാന്‍

മെല്ലെ ചൊല്ലി,
അമ്മയ്ക്ക് നൊന്തില്ല കുഞ്ഞേ.

ഉമിനീര്‍ തൊട്ടു ഞാന്‍ നനച്ച

പൊള്ളല്‍ കാലം മായിക്കും,
എന്‍റെ ഹൃദയം പിളര്‍ത്തും

പൊള്ളല്‍ കരിക്കാന്‍

നിന്‍ ഉമിനീരിനു കഴിയുമോ?

അമ്മയ്ക്ക് നൊന്തു കുഞ്ഞേ,
കൈയും മനസും

മകള്‍ക്കായീ

മഴ കണ്ടപ്പോള്‍
മഴയില്‍ സംഗീതമുണ്ടെന്ന്,
കാറ്റ് വന്നപ്പോള്‍

കാറ്റിനു സുഗന്ധമാണത്രേ,
കടല്‍ കാണിച്ചപ്പോള്‍

കടലിനു കുറുകെ
നടക്കണം പോലും,

അന്ന് ഞാനെന്‍റെ

പുസ്തങ്ങള്‍ അവള്‍

കാണാതൊളിച്ചു വെച്ചു,
വളരും നാളില്‍
കവിത എഴുതാന്‍

ഇന്നേ കടലാസു

തേടും കുരുന്നിന്

എന്‍റെ കരളിന്റെ

താളുകള്‍ തുറന്നു കൊടുത്തു,
ഞാനറിയാതെ അവള്‍

കവിത എഴുതാതിരിക്കട്ടെ.

ഇനിയൊരു വര്‍ണകുട

കൂടി വാങ്ങണം,
മഴയുടെ തലോടലില്‍

അവള്‍ ഭ്രമിക്കാതിരിക്കാന്‍

യുദാസിന്റെ സുവിശേഷം

വഞ്ചനയുടെ കിലുങ്ങുന്ന
നാണയങ്ങളില്‍

ഊറ്റം കൊണ്ട ജനതയ്ക്ക് ,

ചതിയുടെ കൂര്‍ത്ത മൂര്‍ച്ചയില്‍

അട്ടഹസിക്കുന്നവര്‍ക്ക്,

അസൂയയുടെ മേലന്ഗിയണിഞ്ഞു

വിലസും പൊങ്ങച്ചകോമരങ്ങള്‍ക്ക്.

വളര്‍ച്ചയെത്താത്ത അവയവങ്ങളില്‍

കാമത്തിന്റെ കയ്യൊപ്പ്

ചാര്‍ത്തുന്നവര്‍ക്ക്,

കണ്ണടച്ചിരുട്ടാക്കി കണ്ടില്ലെന്നു

നടിച്ച വികടചിന്തകള്‍ക്ക്,

എനിക്കും,നിനക്കും,അവനും
ഒരു തരി പശ്ചാതാപത്തിന്‍

സുഗന്ധതൈലം പൂശി

പറുദീസ പുല്കുവാന്‍,


ഒരു കപടച്ചുബനത്തില്‍

ഉള്ളുരികി,ഒരുചില്ലയില്‍

കോര്‍ത്ത ഒറ്റതുണിയില്‍
കണ്ണീരില്‍ തൂലിക മുക്കി

യൂദാസ് സുവിശേഷം എഴുതുന്നു

ദുസ്വപ്നം



കറുത്ത നൂലില്‍ കോര്‍ത്ത
വെളുത്ത മഞ്ഞ് കണങ്ങളുടെ
മെത്തയിലാണ് അന്നും
ഉറങ്ങാന്‍ കിടന്നത്.


ഉറക്കത്തിലെപ്പോഴോ വിരിഞ്ഞ
തീനാളം മഞ്ഞുമണികളെ
ചിരിച്ചു ഉരുക്കി,
ഉന്മാദത്തിന്റെ ഇടനാഴിയില്‍
കറുത്ത നൂല് കരിനാഗമായി
ചുറ്റി വരിയുന്നു,
ശബ്ദം തൊണ്ട വിഴുങ്ങുമ്പോള്‍
ചെവിയില്‍ ആരോ ഉറക്കെ
ചൊല്ലുമൊരു ഒപ്പിസിന്‍ ഈണം..


ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍
നേര്‍ത്ത ഒരു കാഴ്ച,
മുറ്റത്തെ ചെത്തി മരത്തില്‍
ഇല മറച്ചു പൂക്കുലകള്‍,
അതിനിടയില്‍ മഞ്ഞ പട്ടില്‍ ചുവന്ന
പുള്ളികളൂമായി പാറുന്നൊരു ശലഭം,
ദുസ്വപ്നത്തിലെ സുഖമുള്ള കാഴ്ച,
കാഴ്ചയുടെ മറവില്‍
നാഗമെന്നെ വിഴുങ്ങി.
.
വയ്യ.......


കണ്ണ് തുറന്നപ്പോള്‍ മഞ്ഞ പട്ടില്‍
ചുവന്ന പുള്ളികളുമായി
ഒരു ശലഭം കറുത്ത നൂലില്‍
വെളുത്ത മുത്തുകള്‍ കൊരുക്കുന്നു,
എനിക്കണിയാന്‍.


ആ ശലഭത്തിനു നിന്‍റെ മുഖം.

കനല്‍

കണ്ണിടഞ്ഞപ്പോള്‍ ആദ്യം
നെഞ്ജിലൊരു കനല് വീണു,

ഇരു നെഞ്ചിലേയും കനലുകള്‍

കൂടിയിടഞ്ഞൊരു തിരിയായ്‌ കത്തി.

തിരി ഉരുകിയോലിച്ചു ജീവന്റെ
കണികകള്‍ കത്തി തീര്‍ന്നപ്പോള്‍

അതിലോലിച്ചു പോയീ ജീവിതം.

ജീവിതം ചാലിട്ടോഴുക്കുവാന്‍

ഓടിയണച്ചു മടുത്തപ്പോഴും

ഉള്ളിലെ കനല്‍ മുനിഞ്ഞു

കത്തുന്നുണ്ടായിരുന്നു.

ഊതി കെടുത്താന്‍ കൊടുകാറ്റുകള്‍

കുതിചെത്തുബോഴും കൈ ചേര്‍ത്ത്

വെച്ചു അണയാതെ.

മനസ്സില്‍ ഇരുന്നാരോ പറഞ്ഞു,
കെടേണ്ട നേരമായെന്നു എന്നിട്ടും,
എന്തിനോ വേണ്ടി, പിന്നെയും.

പിന്നീടൊരിക്കല്‍ നീ അത് ആഞ്ഞൂതി

തിരിഞ്ഞു നോക്കാതെ പോയപ്പോള്‍
ചേര്‍ത്ത് വെച്ച കൈ ഭ്രാന്തിയെ

പോലെ പൊട്ടി കരഞ്ഞു,

മനസ്സപ്പോഴും കെട്ട തിരി ഊതി

കൊണ്ടേ ഇരുന്നു...
ഒരു ചെറു തരിയെങ്ങിലും

പടരുന്നത് കാത്ത് ,വിഡ്ഢിയെ പോലെ

മരണം

വാതില്‍ക്കല്‍ അവന്റെ പദനിസ്വനം
കറുത്ത കുപ്പായമിട്ട

ജാലവിദ്യക്കാരന്‍

ദ്രംഷ്ടകള്‍ കാട്ടി ചിരിക്കുന്നു,
മെല്ലെ പുണരുന്നു,


മൂക്ക് തുളയുന്ന കുന്തിരിക്കത്തിന്‍ ഗന്ധം,
ചുറ്റും വരിഞ്ഞു മുറുക്കുന്ന സര്‍പ്പത്തെ പോല്‍
പുഷ്പഹാരങ്ങള്‍,
ചെവി തുളയുന്ന വിലാപങ്ങള്‍

അതോ അട്ടഹസങ്ങളോ?


അവനെന്നെ പുണരുബോള്‍

ഇത്ര നാള്‍ പതിതയായ ഞാന്‍ ഇനി

വര്‍ണചിറകുള്ള മാലാഖ.
എഴുവര്‍ണമുള്ള മഴവില്ല്,
വെള്ളിമിഴികലുളള നക്ഷത്രം.

ഇനിയെന്റെ യാത്ര കാതങ്ങള്‍ താണ്ടി

അവന്റെ കൂടെ ആ കൊട്ടാരത്തിലേക്ക്,

മരണത്തിന്റെ മണവാട്ടിയായ്‌..
.

സ്വപ്നം

സ്വപ്നം മയങ്ങുന്ന പറുദീസയിലെ
കുണുങ്ങി ഒഴുകുന്ന പുഴയുടെ ചെരുവിലാണ്‌
എന്റെ വീട്....

രാത്രി എന്‍റെ ജാലക വാതില്‍ തുറക്കുബോള്‍
മെല്ലെ പറന്നോരു ശലഭം കണ്ണില്‍ സ്വപ്നം വിതയ്ക്കുന്നു .
എനിക്കിഷ്ടമാണെന്ന് മെല്ലെ ചൊല്ലുന്നു,
മുറ്റം നിറയെ പൂത്തിരുന്നത് പൂക്കള്‍ അല്ല...നക്ഷത്രങ്ങള്‍
എന്നോട് കിന്നാരം ചൊല്ലും നക്ഷത്ര കുഞ്ഞുങ്ങള്‍,
അവരെന്നോട് കുറുബു കുത്തുന്നു,
പിണങ്ങി ചിണുങ്ങുന്നു ,
പൊട്ടിച്ചിരിച്ചു ഞാന്‍ ഉമ്മ വെയ്ക്കുമ്പോള്‍
മെല്ലെ കണ്‍ ചിമ്മി ചിരിക്കുന്നു,

എനിക്ക് കുളിക്കാന്‍ പുഴ തന്‍റെ നീരില്‍ ചന്ദനം ചാലിച്ചിരിക്കുന്നു,

ഒരുങ്ങാന്‍ റോസാപൂവുകള്‍ ചായകൂട്ടു തീര്‍ക്കുന്നു,
മയിലമ്മ എനിക്കായി മയില്‍ പീലി പാകിയ കുപ്പായം തുന്നുന്നു,

എനിക്ക് വിശക്കുമ്പോള്‍ മാനത്ത് നിന്ന് അച്ഛന്‍ ചെറിപഴങ്ങള്‍ ഉതിര്‍ത്തു തരുന്നു,
മെല്ലെ വന്നെന്റെ കൈ പിടിച്ചെന്നെ വട്ടം കറക്കുന്നു,

നെറ്റിയില്‍ മുത്തം തരുന്നു ,
ഒരു ചൂരല്‍ കുട്ട നിറയെ ഉമ്മകള്‍ കരുതി വെച്ച്

അച്ഛന്‍ യാത്ര ചൊല്ലുബോള്‍ ഞാന്‍ കരയാതിരിക്കാന്‍

നക്ഷത്രങ്ങള്‍ എന്നെ പൊതിഞ്ഞു ഇക്കിളി കൂട്ടുന്നു,
ഒരു അപ്പൂപ്പന്താടി മെല്ലെ വന്നെന്റെ കാതില്‍ പാട്ടു പാടുന്നു ,
എനിക്കുറങ്ങാനായി ചിത്രശലഭങ്ങള്‍ കഥ ചൊല്ലുന്നുട്‌ ,
പിച്ചകവള്ളിയാല്‍ മെനഞ്ഞ തൊട്ടിലില്‍ ആണ് ഞാന്‍ ഉറങ്ങുന്നത് ,
മെല്ലെ ചിരിച്ചു ഞാന്‍ ഉറങ്ങുന്നത് നോക്കി ചന്ദ്രന്‍ പുഞ്ചിരിക്കുന്നുവോ?

ഞാന്‍ പറഞ്ഞില്ലേ?
സ്വപ്നം മയങ്ങുന്ന പറുദീസയിലെ
കുണുങ്ങി ഒഴുകുന്ന പുഴയുടെ ചെരുവിലാണ്‌
എന്റെ വീട്........

(ചൂരല്‍കൊട്ടയിലെ ഉമ്മയ്ക്ക് കടപ്പാട് പാബ്ലോ നെരൂദയോട് )