നമ്മുടെ വീട്ടിലെ
കാപ്പികോപ്പകളില്‍
എന്നും ചായ നിറയുന്നത്,
ദോശ തവയൊരിക്കല്‍
പോലും തീപ്പെടാത്തത്,
ചുരുദാരില്‍ നിന്ന്
ഞാന്‍ ആറു മീറ്റര്‍
നീളത്തിലേക്ക് ഒതുങ്ങിയത്,
എന്റെ മുടിയറ്റം ഒരിക്കലും
കത്രികചിലക്കം കേള്‍ക്കാത്തത്,
ചാനലുകള്‍ എന്നും
നിനക്ക്കേള്‍ക്കാന്‍
മാത്രം ശബ്ദിക്കുന്നത്,
നിനക്കുറക്കം വരുമ്പോള്‍
മാത്രം കിടപ്പുമുറിയില്‍
വിളക്കുകള്‍ അണയുന്നത്,
എന്റെ വായന
പാതിവഴിയില്‍
പെരുവഴി കാണുന്നത്,
അങ്ങനെ
അടുക്കള മുതല്‍ അലമാര വരെ
ഒരാളുടെ ഇഷ്ടത്തില്‍
നടന്നും ഇരുന്നും
നമ്മുടെ വീടിനു മടുത്തു തുടങ്ങി,
അത് കൊണ്ടാണ് ,
ഉച്ചയുറക്കത്തില്‍
എന്‍റെ പെരുവിരലിലൂടെ
അടിവയറിലേയ്ക്ക്,
പിടപ്പായി,
ഹൃദയം
നിലിപ്പിച്ചു,
പിന്‍കഴുത്ത്
നീറ്റിച്ചു,
വീടൊരു സ്വപ്നത്തെ കടത്തി വിട്ടത്,
എന്റെ ഇഷ്ടത്തിന്..