Tuesday, September 28, 2010

"ചെക്ക്‌"



നബിയും രാമനും
ചതുരംഗം കളിക്കേ,
അത് വഴി പോയ
ക്രിസ്തു ആണ്
പറഞ്ഞത്,
അന്ത്യവിധിയെ കുറിച്ച്,

അത് കേട്ട് പുഞ്ചിരിച്ച
രാമന്റെ തോളില്‍ തട്ടി
നബി പറഞ്ഞു

"ചെക്ക്‌"

ഇനിയുമൊരു
വനവാസത്തിനു
കാലമായെന്നോര്‍ക്കെ,
മൂവരും ആര്‍ത്തു ചിരിച്ചു.

Saturday, September 25, 2010

പ്രണയം 2



ഞാനല്ലലോ
നിന്നെ
കഴുവേറ്റിയത്?

എന്നിട്ടും പ്രണയമേ....

ഉറക്കമില്ലാത്ത
രാത്രികളില്‍
നിന്റെ പ്രേതം
എന്തിനെന്റെ
ഓര്‍മയുടെ
പിന്‍കഴുത്തില്‍
പല്ലമര്‍ത്തുന്നു ?

പ്രണയം 1


നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,

നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,

അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,

എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്................

Thursday, September 16, 2010

മുത്തശ്ശി


കൊന്തയും തെരുപ്പിടിച്ചു
ഉമ്മറപടിയില്‍ ഇരിപ്പുണ്ട്
നരച്ചുച്ചുങ്ങിയൊരു രൂപം,
നാവിലൂടെന്തോ അരിച്ചിറങ്ങും വിധം
പിറുപിറുത്തു,കണ്ണ്കൂട്ടി ചിമ്മി
തൊലി മാത്രമായി ഒരു കോലം ,

വായില്‍ അപ്പോഴും നിറഞ്ഞു
തുളുബുന്നതു പോലെ,
പണ്ടത്തെ കഥയിലെയാ രാജകുമാരി.
കേട്ട് കേട്ട് സ്വപ്നലോകത്തു
വെള്ളകുതിരമേല്‍ ഞാന്‍
മനംമറന്നു മേഞ്ഞതാണ്,

ഉള്ളിലപ്പോഴും തിരയടിക്കുന്നു-
ണ്ടാകും എന്നോ പകര്‍ന്നു
തന്ന വാല്സല്യകടല്‍,
ആ തീരത്തൂടെ കടല കൊറിച്ചു,
കളി പറഞ്ഞു നടന്നതാണെറെ
ദൂരം ഞാന്‍,

എന്നിട്ടും നീയീ കണ്ണില്‍ നോക്കി
ആരെന്നാരാഞ്ഞപ്പോള്‍
പൊന്നുമുത്തശ്ശി.....

മറവിയുടെ കടലെടുത്തു പോയ

നിന്റെ തീരത്തു വീണ്ടുമൊരുദയം
സ്വപ്നം കാണുകയായിരുന്നു ഞാന്‍.

Wednesday, September 15, 2010

"മൗനമോഹങ്ങള്‍"




നഗരത്തിരക്കില്‍ അലിഞ്ഞോ-
ഴുകുബോഴും കണ്‍കോണിലൊരു-
തരി കവിത എനിക്കായ്‌
ചിരിക്കണം,

പട്ടണപൊങ്ങച്ചങ്ങള്‍ കാതില്‍
പെരുമ്പറ കൊട്ടുബോഴും
കാതില്‍ ഇന്ന് കേട്ട ശീലുകള്‍
താളം തീര്‍ക്കണം,

തെരുവോര കാഴ്ചകളില്‍
കണ്ണുളുക്കി നിന്നാലും
ആ ശീലിന്‍ ഈണത്തിലെന്‍
ഹൃദയം നൃത്തമാടണം,

കണ്ണുകള്‍ കഥപറഞ്ഞുറ-
ങ്ങുബോഴും കനവില്‍
രണ്ടു വരികള്‍ എനിക്കായ്‌
കരഞ്ഞു കൊണ്ടുപിറക്കണം,

ബന്ധനങ്ങളുടെ വറചട്ടിയില്‍
എരിഞ്ഞു മൊരിയുബോഴും
ചിരിച്ചു കൊണ്ടെനിക്കു
കവിത ചൊല്ലണം,

കരയിപ്പിച്ച നിമിഷങ്ങളെ
കാലം തിരിച്ചു വെച്ചെനിക്ക്
ഒരു പൊട്ടിച്ചിരിയില്‍
മുക്കി താഴ്ത്തണം ,

ഇനിയും കരയിക്കാന്‍
കാതോര്‍ത്തിരിക്കും
കാലത്തേ കബളിപ്പിച്ചെനി-
ക്കൊരു പെരുംകള്ളിയാവണം,

ഒരു തരുവിന്‍ ചാരെ നിന്‍
പ്രണയചൂടില്‍ നിനവിലാഴു-
ബോഴും എനിക്കിപ്പെഴും
ഞാനായിതന്നെ തുടരണം,

നിനക്ക് ഞാനും എനിക്ക് നീയും
എന്നാകിലും മനസ്സെപ്പോഴും
ഏകാകിയായി തന്നെ പറക്കണം,

കാലമെത്ര നരച്ചുചുളുങ്ങിയാലും
ആ നക്ഷത്രകണ്‍കളിലെ കവിത
എനിക്കെന്നും പകര്‍ത്തി
എഴുതി കൊണ്ടേയിരിക്കണം...