Thursday, December 19, 2013

ഇന്നലെയും ഇന്നും

ഇന്നലെ,
നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ടുവന്നു,
അതും കൊറിച്ച് ഞാന്‍ നിനക്കുള്ള അത്താഴമുണ്ടാക്കി,
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതലപറഞ്ഞു,
കര്‍ണ്ണശല്യമെന്ന് നീ കേള്‍ക്കെ പിറുപിറുത്തു,
ചീറ്റ പുലികളായി ആഴത്തിലും വലുപ്പത്തിലും മുറിവുകളുണ്ടാക്കി,
എന്റേതാണ്,

നിന്റേതാണ്,
വലിയ മുറിവെന്ന് ഉറക്കെയമറി,
മത്സരിച്ചു മടുത്തപ്പോള്‍ ഒന്നിച്ച് അത്താഴം കഴിച്ചു,
ഉറങ്ങാന്‍ കിടന്നപ്പോള്‍ നീയെന്റെ മുറിവില്‍ ഉമിനീരുപുരട്ടി,
ഞാന്‍ നിന്റെ മുറിവില്‍ വിയര്‍പ്പുതടവി,
കമ്പിളിയ്ക്കുള്ളില്‍ പുലിചീറ്റലുകള്‍ അമര്‍ത്തിയ മുരള്‍ച്ചകള്‍ മാത്രമായി...

നമ്മള്‍ ഉറങ്ങി.

ഇന്ന്,
ഇന്നലെ കൊണ്ടുവന്ന കപ്പലണ്ടിയുടെ തോലുകള്‍
കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാനൊറ്റയ്ക്ക് കിടന്നു,
അത്താഴം ഉണ്ടാക്കിയതേയില്ല.
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതല പറയാനെന്റെ നാവ് തരിച്ചുനിന്നു,
എന്റെ ചീറലുകള്‍ തേങ്ങലുകളെപ്പോല്‍ നനുത്ത് നിന്നു,
മുറിവുകളില്‍ നി പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന്
ഞാന്‍ കുരിശ്ശ് വരച്ചു.

ഞാന്‍ കരഞ്ഞു,
കരഞ്ഞു,
പിന്നെയും കരഞ്ഞു.

പള്ളിപ്പറമ്പില്‍ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓര്‍മ്മയില്‍
നമ്മള്‍ ഒന്നിച്ചു പുതച്ചിരുന്ന കമ്പിളി ഞാന്‍ കാല് നീട്ടി തട്ടിയെറിഞ്ഞു.



നെല്ല് ഡോട്ട് നെറ്റിൽ വന്നത്

Saturday, November 2, 2013

ചില വഴികള്‍ ഇങ്ങനെയാണ്

പോകലുകളുടെ മുഖമേയല്ല
തിരിച്ചു വരവുകളില്‍,
ഇതുവരെ കണ്ടിട്ടേയില്ലന്നപോല്‍
പുതിയ കാഴ്ചകള്‍.
ഇറങ്ങി വരവുകളില്‍
ഞാനിതെവിടെ വന്നുപെട്ടു(?)
എന്നൊരു അമ്പരപ്പില്‍
അപരിചിതത്വം മൂടിപുതച്ചു
ഒരൊറ്റ നിമിഷം കൊണ്ട്
നമ്മളെ അന്യരാക്കി കളയുന്ന
ചില മനുഷ്യരെ പോലെ……
ചില വഴികള്‍ക്ക് രണ്ടു മുഖമാണ്


ഗുൽമോഹർ ഓണ്‍ലൈൻ മാഗസിനിൽ  വന്നത് 

Thursday, October 3, 2013

ആരില്‍ ??

ഒരു വെയില്തുള്ളി 
പൊട്ടിച്ചെന്‍
മുടിയില്‍ ചൂടിച്ചവനെ, 
ഒരു മഴതുണ്ട് 
മുറിച്ചെന്റെ
മടിയിലെക്കിറ്റിച്ചവനെ, 
ഒരു കടല്കാറ്റു 

മുഴുവനായെന്റെ
കണ്ണില്‍ നിറച്ചവനെ,
നീ എന്നിലോ,
ഞാന്‍ നിന്നിലോ,
നാമിത്ര നിറയുന്നതാരില്‍?  



മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്

Saturday, June 1, 2013

കള്ളക്കടത്ത്

മഴ കാണണമെന്നു
വാശി പിടിച്ചിട്ടല്ലേ??

നീ ഒന്ന് തൊട്ടാല്‍ 
കടലോളം ആഴത്തില്‍ 
ഒഴുകുമെന്നു, 
ഉപ്പു നീറും പോലെ നീറ്റുമെന്നു,
തിരപെരുപ്പിലെനിക്ക് 
ചിറകുകള്‍ മുളയ്ക്കുമെന്നു,
എന്‍റെ ചെകിളപൂക്കള്‍ 
നിന്നെ മാത്രം ശ്വസിക്കുമെന്നു,

" ഒരു മഴതുള്ളി "

തപാല്‍ കവറിലിട്ടു
കടല്‍ കടത്തുമ്പോള്‍
സത്യമായും ഞാന്‍
അറിഞ്ഞിരുന്നില്ല....

Wednesday, May 29, 2013

കാണാതായ കോമാളി






















വാക്കുകള്‍ വരഞ്ഞിട്ട 
ചിത്രം പോലെ 
അയാളിങ്ങനെ 
കുറുകി കുറുകി ,

കാണെ കാണെ
വാക്കിനേക്കാള്‍
പെരുകി പെരുകി
ഭൂമിക്കൊപ്പം വളര്‍ന്നു,

ഇത്രയേറെ
ഉയരമുള്ളോരാളെ
ഇതുവരെ കണ്ടില്ലല്ലോ ,
എന്നൊരു ചിരി
ചുണ്ടില്‍ മരിക്കുമ്പോള്‍
മുഖം നിറയെ ചായം തേച്ചു
പാറിവരുന്ന ട്രപ്പീസിനോപ്പം
അയാള്‍,

മനസ്സിലുയര്‍ന്നൊരു
അത്ഭുത ദ്വീപില്‍ ഞാന്‍,
ബോധമുണര്‍ന്നൊരു
പഴകഥയാകുമ്പോള്‍,

എന്റെ മുന്നിലയാള്‍
ചീന്തി പോയൊരു
തിരശീലയും തൂക്കി
കടലിലെക്കിറങ്ങി പോയ
നായകനാകുന്നു.

കടല്‍ചൊരുക്ക്
പോലെ പൊതിഞ്ഞ
കോമാളിയെന്ന
പരിഹാസചിരിയില്‍
അറച്ചറച്ചു
വാക്കുകള്‍ക്കിടയിലെവിടെയോ
എന്നെ
വീണ്ടും വീണ്ടും കാണാതാകുന്നു,

Thursday, May 23, 2013

പാല് ക്കാരി

എന്നും പാലും 
കൊണ്ട് വന്നിരുന്നു ,

കണ്ണും നിറച്ചിരിക്കുന്ന 
എന്നെ നോക്കി 
കരയല്ലേ പൊന്നെയെന്നു
പൊട്ടിച്ചിരിച്ചിരുന്നു ,

ഒരൊറ്റ തലോടലില്‍
പഞ്ചാര പോലുമിടാത്ത 
പാല്‍ കല്കണ്ടം
പോലെ മധുരിപ്പിച്ചിരുന്നു ,

"മ്മളങ്ങ് ചത്താ മ്മടെ പിള്ളേര്‍ക്കാരാടി"
എന്ന് തത്വവാദി
ചമഞ്ഞിരുന്നു ,

എന്നിട്ടും,

ഒരൊറ്റ തുണിയില്‍ തൂങ്ങി
എന്‍റെ പാല്‍പാത്രവും
കൊണ്ട് അവളങ്ങു
ആകാശത്തേക്ക്
കേറി പോയി....

Thursday, May 16, 2013

ഗുല്‍മോഹര്‍





















എനിക്കുറങ്ങാന്‍
നിന്റെ
ഇറ്റു വീണ ഇതളുകള്‍ ,
ഊര്‍ന്നു വീഴുന്ന
തലോടലുകള്‍,
ചുവന്നു തുടുത്ത
ഉമ്മകള്‍...,

ഗുല്‍മോഹര്‍....... .....
"ഇനി ഞാനുറങ്ങട്ടെ"

സ്വപ്ന രാജ്യത്തെങ്കിലും
ഈ നിഴല്‍ വീഴ്ചയ്ക്ക്
മെത്തയാകാതെ

മേ
ലേ
യ്ക്കു

മാത്രം പൊഴിഞ്ഞു,
വസന്തമാകെ മൊത്തി
കുടിച്ചു നീയാകെ
ചുവന്നു നില്‍ക്കില്ലേ?

അന്ന് നിന്റെ
ഇതള്‍ ചോപ്പിനിടയിലേക്ക്
ഊര്‍ന്നിറങ്ങി
ഞാനുമീ
വീണു കിടപ്പ്
അവസാനിപ്പിക്കും,

കൈ കൊരുത്തു നമ്മള്‍
ആകാശത്തിലേയ്ക്ക്
കേറി പോകും ,
മേഘങ്ങള്‍ക്കിടയിലൂടെ
ഇനിയൊരിക്കലും
വീഴാതെ
പൊഴിയാതെ
നീന്തി തിമിര്‍ക്കും,

ഹാ..ഗുല്‍മോഹര്‍
  

Tuesday, May 7, 2013

കള്ളക്കഥ


അങ്ങനെയങ്ങനെ
നമ്മളെയാകെ വെള്ളിനൂല്
പാകും,
കണ്ണുകള്‍ക്ക്‌ മങ്ങലാകും,
കാതുകള്‍ പതം പറയും,
കൈകാലുകള്‍ മരവിച്ചുമരിക്കും,
വിരലുകള്‍ അനങ്ങതാകും,
നീയവിടെയും
ഞാനിവിടെയും
അട്ടം നോക്കി കിടക്കും,
ചുവരിലെ
പല്ലിയെയും
എട്ടുകാലിയെയും
ഉറുമ്പിനെയും
പേരറിയാത്ത
സകല പ്രാണികളെയും
ഞാന്‍
നിന്റെ,
പേരിട്ടു വിളിക്കും,
ജനലരികില്‍ അയവെട്ടുന്ന
പുള്ളി പയ്യിനെ
നീയെന്‍റെ പേരില്‍
മാത്രം പുന്നാരിക്കും,
നീ എന്‍റെ ജീവനാണോമനെ
എന്ന് പൈങ്കിളിപാട്ട് മൂളും,
നാവില്‍ ഇറ്റുന്ന തുള്ളി നനവില്‍
ഒന്നിച്ചു നനഞ്ഞ മഴ കാണും,
അറിയാതെ പെരുകുന്ന
ശരീര നനവുകളില്‍
കടലും
കായലും
കൈത്തോടുകളും തെളിയും,
അവിടിരുന്നു നീ
മറ്റൊന്നിനും
ഇത്രയും തണവില്ലല്ലോ
എന്നെന്റെ കയ്യില്‍ കോറും,
അപ്പോള്‍
ഞാനിവിടെ
നീയവളെ നോക്കി
മറ്റവളെ നോക്കി
എന്നൊക്കെ
മൂക്കു പിഴിയും,
ആരും കാണാതെ
കൊട്ടയിട്ടു മൂടുമെന്നൊരു
ഭീഷണി മുഴക്കും,
ചുവരായ ചുവരൊക്കെ
നിന്റെ ചിത്രം
തെളിയാന്‍ പിറുപിറുക്കും,
നട്ടപ്രാന്തെന്നു
നട്ടുച്ച കിറുക്കെന്നും
പൊട്ടി ചിരിക്കും
അന്നും,
നിന്നില്‍
ഞാനങ്ങനെയിങ്ങനെ
കരിയിലയായി പറക്കും
നീയെന്നില്‍ മണ്ണാകട്ടയായി പൊടിയും
നമ്മളിങ്ങനെ കള്ളകഥയായി പാടും ...

Monday, March 18, 2013

മിണ്ടാതിരുപ്പുകളെ.....

മിണ്ടാതിരുപ്പുകളെ.....

എനിക്കിനിയുമേറെ 
മിണ്ടുവാനുണ്ട്,
നിശബ്ദമായെങ്കിലും 
ഒന്ന് ശബ്ദപ്പെടണെ.

കേള്‍ക്കാതിരിപ്പുകളെ....

എനിക്കിനിയുമധികം 
കേള്‍ക്കുവാനുണ്ട്,
ചെവികല്ല് പൊട്ടിച്ചെന്നില്‍
ഒന്ന് നിശബ്ദപ്പെടണെ.

Wednesday, March 13, 2013

ഒളിഞ്ഞുനോട്ടം

പരിചയമില്ലാത്തതു പോലെ 
രണ്ടടിയകലത്തില്‍ രണ്ടു പേര്‍ ഇരിക്കുന്നു 
ഒരാണും പെണ്ണും, 

ഒരു നോട്ടം 

അവന്റെ കണ്ണിലേക്കു അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു
അവനതാ മഴയായി പെയ്തു തുടങ്ങി..

ഞാന്‍ മാത്രം 
ഞാന്‍ മാത്രം
ഞാന്‍ മാത്രം കണ്ടു ♥

(ലേബല്‍ --- ഒളിഞ്ഞുനോട്ടം )

ചെമ്പരത്തിച്ചോപ്പ്

നീ തിരികെ പോയന്ന് 
സൂര്യന്‍ കടലില്‍ 
ചാടി ചത്തു,

"പിന്നെയ്യ് നുണകഥ"
യെന്നു തല തല്ലികരയുന്ന
തിരകളെ നോക്കി
ഞാന്‍ പൊട്ടിച്ചിരിച്ചു,

എന്റെയാ
ഒടുക്കത്തെ ചിരിയില്‍
ഒരായിരം ചെമ്പരത്തികള്‍
നക്ഷത്രമായി വിടര്‍ന്നു,

മൂന്നാം പക്കം
സൂര്യന്റെ
ശവം കരയ്ക്കടിയുമ്പോള്‍
നീയിങ്ങു വരുമെന്ന്
ചത്ത സൂര്യന്റെ ജാതകം
എഴുതുന്നു,



ന്ന

ര്‍
ന്നു

വീഴുന്ന പൂവെല്ലാം
ചെവിയില്‍ വെച്ചു
പിന്നെയും
പിന്നെയും
ഞാനാകെ
ചെമ്പരത്തിചോപ്പാകുന്നു...

OMG



അവനെന്നെ 
തള്ളി പറഞ്ഞു 
ഒന്ന്,
രണ്ട്,
മൂന്ന്,

"മൂന്ന് തവണ"

അവരെന്നെ 
ചമ്മിട്ടി കൊണ്ടടിച്ചു,
കുരിശില്‍ തറച്ചു,
കയ്പ്പുനീര്‍ തന്നു,
ഒന്നേയൊന്ന്,
ഒരൊറ്റ തവണ 


പല വലുപ്പത്തില്‍,
പല നിറത്തില്‍,
പല സ്ഥലങ്ങളില്‍,
നിങ്ങളെന്നെ
പിന്നെയും പിന്നെയും 
കുരിശില്‍തറയ്ക്കുന്നു,

വിലയോരല്‍പ്പം 
കൂടുതലല്ലോയെന്നു  
വേറെ ക്രൂശിതരൂപം  
നോക്കാമെന്ന് 
മൂവായിരം തവണ...

ഒടുക്കത്തെയൊരിഷ്ടം

അതെന്താ പശുവിനും കോഴിക്കും പ്രേമിച്ചൂടെ??? 

dont they?????

ഒടുക്കത്തെയൊരിഷ്ടം
---------------------------------------------------------

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു" 

ചാഞ്ഞും ചെരിഞ്ഞും ചിക്കുമ്പോള്‍
കോഴി വെറുതെ കണ്ണെറിയും

വെട്ടിച്ചും തട്ടിച്ചും അയവിറക്കുമ്പോള്‍
പശു നാണിച്ചു ചുവക്കും

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

കോഴിയുടെ പൊഴിഞ്ഞു വീണ തൂവല്‍
പശു വൈക്കോല്‍ കെട്ടിനിടയില്‍ ഒളിച്ചു വെച്ചു,

പശുവിന്റെ മൂക്കുകയര്‍ നോക്കി കോഴി
എന്നും നെടുവീര്‍പ്പെട്ടു

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

നിന്റെ ഓര്‍മ്മകള്‍ മെടഞ്ഞ
കയറിലാണ് ഞാന്‍ അമറുന്നതെന്നു പശു

നിന്റെ അമറലുകള്‍ ചിക്കി പരതുന്നതിലാണ്
ഞാന്‍ കൊക്കുന്നതെന്ന് കോഴി

നല്ല രസം !!!!!

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

ഒരിക്കല്‍ ഇറച്ചിവെട്ടുകാരന്‍
മാപ്പിളയുടെ വാക്കത്തി തുമ്പില്‍
കോഴിയെ അയവെട്ടിയ നാവു തുറിച്ചു വന്നു

അമ്മയുടെ പിച്ചാത്തിപിടിയില്‍
മൂക്കുകയര്‍ കണ്ടു വീര്‍പെട്ട തൊണ്ടയില്‍ ചോപ്പ് പിടഞ്ഞു

ഒട്ടും ശുഭകരമല്ലാത്ത അവസാനം

ഇപ്പോള്‍ ചില സ്വപ്നങ്ങളില്‍
സ്വപ്നങ്ങളില്‍ മാത്രം.....

കോഴി കൊക്കരക്കോയെന്നു പ ച്ചയിറച്ചി അയവെട്ടുന്നു

പശു ബേ ബേ ബേയെന്നു പപ്പും പൂടയും ചിക്കി പരതുന്നു ...

''പശുവും കോഴിയും
ഒടുക്കത്തെയൊരിഷ്ടത്തിലായിരുന്നു"