എന്നെ കണ്ടാല്‍ പെണ്ണെന്ന് തോന്നുമോ?
നിന്‍റെ പതിഞ്ഞ സ്വരം,
രോമാവശേഷിപ്പുകള്‍ നിറഞ്ഞ മുഖം,
ഉരുണ്ട കഴുത്ത്,
കൊഴുത്തതെന്ന്
തോന്നിക്കാന്‍കുപ്പായത്തില്‍
തിരുകി വെച്ചിരിക്കുന്ന തുണിക്കെട്ട്,
നെഞ്ചത്തും വയറ്റത്തും
ചുരണ്ടി കളഞ്ഞേക്കാവുന്ന മുടികെട്ടുകള്‍,
കാല്‍ നഖങ്ങളിലെ നീലീപ്പ്,
ചുണ്ടിലെ ചുവപ്പ്,
കവിളിലെ പിടപ്പ്,
ആടികുഴഞ്ഞ നടപ്പ്,
മുഴുവനെ ഉള്ള നിറപ്പകിട്ട്,
നേരെ ചൊവ്വേ മെരുങ്ങാത്ത അരക്കെട്ട്
ജീവിതത്തിന്‍റെ കൊണ്ടാടിപ്പ്,
"നിന്നെ കണ്ടാല്‍ പെണ്ണെന്നു പറയാമോ"
ഒരു തവണ കൂടി ചോദിക്കൂ ..
കണ്ണോന്നു വിടര്‍ത്തൂ,
ആഴത്തിലെന്നെയൊന്ന് നോക്കൂ ,
ആ നോട്ടത്തില്‍
എന്നിലെക്കു
കുതിക്കുന്ന
നിന്റെ മുറിവുകളുടെ
മെലിഞ്ഞോരു കഷണം മതി,
ഉടലളവുകള്‍ മാറ്റി വെച്ചു,
നിന്നെ
പെണ്ണെ,
പെണ്ണെ,
പെണ്ണെ,
എന്നെനിക്കൊരായിരം വട്ടം വിളിക്കാന്‍...
*എന്നെ കണ്ടാല്‍ പെണ്ണെന്നു തോന്നുമോ എന്ന് ചോദിച്ച പേരില്ലാത്താവന്