Monday, February 24, 2014

വാടക ചീട്ട്

ചൂല് ചിത്രം വരച്ച മുറ്റം,
പുല്തൈലം തേച്ചു
വെളുപ്പിച്ച തറ,
കുഞ്ഞു കൈ ചിത്രം കോറിയ
ചുവരുകള്‍,
കൊതിമണം കാറ്റിന്
കൊടുത്ത അടുക്കള,


മുറ്റത്ത്‌ വിരുന്നു വന്ന
മുക്കുറ്റി,
കാക്ക,
കോഴി,
കുഞ്ഞു പൂച്ച,

എല്ലാറ്റിനെയും
സ്നേഹിച്ചങ്ങു വരുമ്പോള്‍
മതി എന്നോരൊറ്റ താക്കീതില്‍ 
പിടിച്ചു പുറത്താക്കി
വാതിലടച്ചു കളയും
ചില വീടുകള്‍ ..

Wednesday, February 12, 2014

ഇന്‍സ്റ്റലേഷന്‍


ഓര്‍ക്കുന്നോ ബിനാലെ!!!

കെട്ടു വള്ളം കണ്ടു വാ പൊളിച്ചത്,
ചാഞ്ഞും ചെരിഞ്ഞും
ഇതെന്തന്നു കണ്ണ് മിഴിച്ചത്,

വെള്ളത്തില്‍ ഒഴുകുന്ന 
മേഘസന്ദേശത്തിലേക്ക് 
എടുത്തു ചാടാന്‍ കൊതി പറഞ്ഞത്,

പര്‍ദ്ദയണിഞ്ഞ ഗാസ കണ്ടു
കര്‍ത്താവിനെ വിളിച്ചത് പോയത്,

കൂട്ടി വെച്ച നെല്‍മണികളില്‍
നിന്ന് വയലുകളിലേക്ക് ഓടിയത്,

തൂക്കിയിട്ട വയലിന്‍ കൂട്ടങ്ങളില്‍ 
പാട്ടുകള്‍ ഒഴുക്കിയത്,

ഇത്രയധികം മണങ്ങളില്‍
നിന്ന് നമ്മുടെ മണം തിരഞ്ഞത് ,

കൊച്ചു മുറിയില്‍ തട്ടിയും കൊട്ടിയും 
ഒച്ചകള്‍ ഉണ്ടാക്കിയത് ,

എത്രയെത്ര കണ്ടൂ നമ്മള്‍ 
ലോകകലയുടെ ഉത്സവകാഴ്ചകള്‍!!!

എങ്കിലും ,
നിന്റെ കണ്‍തിളക്കത്തില്‍ കണ്ട
എന്‍റെ പൊട്ടിച്ചിരികളും 
എന്‍റെ ഉള്ളം കൈയ്ക്കുള്ളില്‍ 
നീ തന്ന വിരലുമ്മകളും പോലെ 
പോലെ തീവ്രമായൊരു " ഇന്‍സ്റ്റലേഷന്‍"
കണ്ടു കാണുമോ ഏതെങ്കിലും നഗരം ?

Wednesday, February 5, 2014

മരിച്ചവരെ കാണുമ്പോള്‍



വില കുറഞ്ഞ അത്തറുമണംനീട്ടി
ശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നെടുവീര്‍പ്പിടും ,

ശേഷം,

അലമുറയിടുന്നവരെ
നോക്കിഞെക്കി പിഴിഞ്ഞൊരു
തുള്ളികണ്ണില്‍ എടുത്തു വയ്ക്കും,

കരയാത്തവരെ നോക്കി
“ഹമ്പടെ നീയെ”എന്നൊരു
പരമപുച്ചംചുണ്ടില്‍ വരുത്തും,

അടുത്ത നിമിഷത്തില്‍ വിറച്ചു
പാടിയമൊബൈല്‍ ഞെട്ടി തരിച്ചു
നിശബ്ധതയിലേക്കാഴ്ത്തും,
അതില്‍ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോര്‍ത്തു
ഞെളിപിരി കൊള്ളും,

നിന്നു മടുത്താല്‍
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും,
അതിലെ നായകന്റെ 
സിക്സ് പാക്കുകളില്‍
തടവി കൊണ്ടിരിക്കും,
അരികില്‍ നില്‍ക്കുന്ന കുടവയറു
നോക്കി ഒക്കാനപ്പെടും,

ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെകണക്കു
കൂട്ടി കുറച്ചു
ഹരിച്ചു ഗുണിയ്ക്കും,

അകലെ നില്‍ക്കുന്നവളുടെ
സാരിയുടെ വിലകുറവോര്‍ത്തു
പരിതപിക്കും,
വിലപിടിപ്പു മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും,

ചുറ്റും കളിയ്ക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാള്‍ കുട്ടിയാകും,
ചിലപ്പോള്‍
തലതെറിച്ച കുട്ടികള്‍ 
എന്ന് നീട്ടി പ്രാകും,

അടുത്തമാസം വാങ്ങേണ്ട
പലച്ചരക്കിന്റെലിസ്റ്റ്
വരെ നിന്ന നില്‍പ്പില്‍
ഉണ്ടാക്കികളയും,

ഏറ്റവും ഒടുവില്‍
മരിച്ചയാളെയും ചുമന്നു
ശവവണ്ടി നീങ്ങുമ്പോള്‍
ഞാനൊരിക്കലും
മരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…