ഹൃദയമിടിപ്പ് ബുദ്ധിയെ
പൊരുതി
തോല്‍പ്പിക്കുമ്പോഴാണ്
കൈകള്‍ പരസ്പരം
കെട്ടിപിടിയ്ക്കുന്നത്.
അപ്പോളോരോ വിരലുകളും
കുടഞ്ഞിടും
മനസ്സില്‍ ഓരോരോ
കവിതകള്‍.
അതെല്ലാമൊന്നു പെറുക്കി
കൂട്ടാനാവാതെ
വിരല്‍കണ്ണുകള്‍
നിറഞ്ഞു തൂവുമ്പോള്‍ ,
പതിയെ പതിയെ
വിരല്‍ചുണ്ടുകള്‍
ഉമ്മ വെയ്ക്കാന്‍ തുടങ്ങും.
പറയുന്നതൊന്നും,
അറിയാതെ,
കേള്‍ക്കുന്നതൊന്നും
തെളിയാതെ,
മനുഷ്യന്‍ ഇരുകൈകളിലേക്ക്
ചുരുങ്ങി തീരുമ്പോള്‍,
നാലുചുവരിന്റെ
കെട്ടുറപ്പില്ലാതെ,
നാണമറിയാതെ,
ആരുമറിയാതെ,
വിരലുകള്‍
ഇണ ചേരുബോഴാണത്രേ
പ്രണയം ജനിക്കുന്നത് !!!!
"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?
ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.
കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?
ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.
തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..
ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...