Wednesday, May 29, 2013

കാണാതായ കോമാളി






















വാക്കുകള്‍ വരഞ്ഞിട്ട 
ചിത്രം പോലെ 
അയാളിങ്ങനെ 
കുറുകി കുറുകി ,

കാണെ കാണെ
വാക്കിനേക്കാള്‍
പെരുകി പെരുകി
ഭൂമിക്കൊപ്പം വളര്‍ന്നു,

ഇത്രയേറെ
ഉയരമുള്ളോരാളെ
ഇതുവരെ കണ്ടില്ലല്ലോ ,
എന്നൊരു ചിരി
ചുണ്ടില്‍ മരിക്കുമ്പോള്‍
മുഖം നിറയെ ചായം തേച്ചു
പാറിവരുന്ന ട്രപ്പീസിനോപ്പം
അയാള്‍,

മനസ്സിലുയര്‍ന്നൊരു
അത്ഭുത ദ്വീപില്‍ ഞാന്‍,
ബോധമുണര്‍ന്നൊരു
പഴകഥയാകുമ്പോള്‍,

എന്റെ മുന്നിലയാള്‍
ചീന്തി പോയൊരു
തിരശീലയും തൂക്കി
കടലിലെക്കിറങ്ങി പോയ
നായകനാകുന്നു.

കടല്‍ചൊരുക്ക്
പോലെ പൊതിഞ്ഞ
കോമാളിയെന്ന
പരിഹാസചിരിയില്‍
അറച്ചറച്ചു
വാക്കുകള്‍ക്കിടയിലെവിടെയോ
എന്നെ
വീണ്ടും വീണ്ടും കാണാതാകുന്നു,

Thursday, May 23, 2013

പാല് ക്കാരി

എന്നും പാലും 
കൊണ്ട് വന്നിരുന്നു ,

കണ്ണും നിറച്ചിരിക്കുന്ന 
എന്നെ നോക്കി 
കരയല്ലേ പൊന്നെയെന്നു
പൊട്ടിച്ചിരിച്ചിരുന്നു ,

ഒരൊറ്റ തലോടലില്‍
പഞ്ചാര പോലുമിടാത്ത 
പാല്‍ കല്കണ്ടം
പോലെ മധുരിപ്പിച്ചിരുന്നു ,

"മ്മളങ്ങ് ചത്താ മ്മടെ പിള്ളേര്‍ക്കാരാടി"
എന്ന് തത്വവാദി
ചമഞ്ഞിരുന്നു ,

എന്നിട്ടും,

ഒരൊറ്റ തുണിയില്‍ തൂങ്ങി
എന്‍റെ പാല്‍പാത്രവും
കൊണ്ട് അവളങ്ങു
ആകാശത്തേക്ക്
കേറി പോയി....

Thursday, May 16, 2013

ഗുല്‍മോഹര്‍





















എനിക്കുറങ്ങാന്‍
നിന്റെ
ഇറ്റു വീണ ഇതളുകള്‍ ,
ഊര്‍ന്നു വീഴുന്ന
തലോടലുകള്‍,
ചുവന്നു തുടുത്ത
ഉമ്മകള്‍...,

ഗുല്‍മോഹര്‍....... .....
"ഇനി ഞാനുറങ്ങട്ടെ"

സ്വപ്ന രാജ്യത്തെങ്കിലും
ഈ നിഴല്‍ വീഴ്ചയ്ക്ക്
മെത്തയാകാതെ

മേ
ലേ
യ്ക്കു

മാത്രം പൊഴിഞ്ഞു,
വസന്തമാകെ മൊത്തി
കുടിച്ചു നീയാകെ
ചുവന്നു നില്‍ക്കില്ലേ?

അന്ന് നിന്റെ
ഇതള്‍ ചോപ്പിനിടയിലേക്ക്
ഊര്‍ന്നിറങ്ങി
ഞാനുമീ
വീണു കിടപ്പ്
അവസാനിപ്പിക്കും,

കൈ കൊരുത്തു നമ്മള്‍
ആകാശത്തിലേയ്ക്ക്
കേറി പോകും ,
മേഘങ്ങള്‍ക്കിടയിലൂടെ
ഇനിയൊരിക്കലും
വീഴാതെ
പൊഴിയാതെ
നീന്തി തിമിര്‍ക്കും,

ഹാ..ഗുല്‍മോഹര്‍
  

Tuesday, May 7, 2013

കള്ളക്കഥ


അങ്ങനെയങ്ങനെ
നമ്മളെയാകെ വെള്ളിനൂല്
പാകും,
കണ്ണുകള്‍ക്ക്‌ മങ്ങലാകും,
കാതുകള്‍ പതം പറയും,
കൈകാലുകള്‍ മരവിച്ചുമരിക്കും,
വിരലുകള്‍ അനങ്ങതാകും,
നീയവിടെയും
ഞാനിവിടെയും
അട്ടം നോക്കി കിടക്കും,
ചുവരിലെ
പല്ലിയെയും
എട്ടുകാലിയെയും
ഉറുമ്പിനെയും
പേരറിയാത്ത
സകല പ്രാണികളെയും
ഞാന്‍
നിന്റെ,
പേരിട്ടു വിളിക്കും,
ജനലരികില്‍ അയവെട്ടുന്ന
പുള്ളി പയ്യിനെ
നീയെന്‍റെ പേരില്‍
മാത്രം പുന്നാരിക്കും,
നീ എന്‍റെ ജീവനാണോമനെ
എന്ന് പൈങ്കിളിപാട്ട് മൂളും,
നാവില്‍ ഇറ്റുന്ന തുള്ളി നനവില്‍
ഒന്നിച്ചു നനഞ്ഞ മഴ കാണും,
അറിയാതെ പെരുകുന്ന
ശരീര നനവുകളില്‍
കടലും
കായലും
കൈത്തോടുകളും തെളിയും,
അവിടിരുന്നു നീ
മറ്റൊന്നിനും
ഇത്രയും തണവില്ലല്ലോ
എന്നെന്റെ കയ്യില്‍ കോറും,
അപ്പോള്‍
ഞാനിവിടെ
നീയവളെ നോക്കി
മറ്റവളെ നോക്കി
എന്നൊക്കെ
മൂക്കു പിഴിയും,
ആരും കാണാതെ
കൊട്ടയിട്ടു മൂടുമെന്നൊരു
ഭീഷണി മുഴക്കും,
ചുവരായ ചുവരൊക്കെ
നിന്റെ ചിത്രം
തെളിയാന്‍ പിറുപിറുക്കും,
നട്ടപ്രാന്തെന്നു
നട്ടുച്ച കിറുക്കെന്നും
പൊട്ടി ചിരിക്കും
അന്നും,
നിന്നില്‍
ഞാനങ്ങനെയിങ്ങനെ
കരിയിലയായി പറക്കും
നീയെന്നില്‍ മണ്ണാകട്ടയായി പൊടിയും
നമ്മളിങ്ങനെ കള്ളകഥയായി പാടും ...