Wednesday, December 29, 2010

വേണ്ട കാക്കേ.....




കണ്ണ് പിടയ്ക്കുന്നുണ്ട്,
തിരയുന്നുണ്ടാകണം,
കടല്‍ പരപ്പുള്ള രണ്ടുകണ്ണുകള്‍.
ഇമ ചിമ്മുബോള്‍
തിര തല്ലാതിരിക്കില്ല
ഉപ്പുരസമൂറും നീര്‍മണികള്‍.

മൂക്ക് ചൊറിയുന്നുണ്ട്,
ഓര്‍ക്കുന്നുണ്ടാകണം,
പറഞ്ഞിട്ടും തീരാഞ്ഞ,
അറിഞ്ഞിട്ടും പോരാഞ്ഞ
മനസ്സിന്റെ തിളക്കം.
തേങ്ങാതിരിക്കില്ല,
ഹൃദയത്തില്‍ പറ്റിച്ചേര്‍ന്ന
തീരാത്ത ഓര്‍മ്മകള്‍.

കാക്ക വിരുന്നു വിളിയ്ക്കുന്നുട്,

വേണ്ട കാക്കേ.....

പേരറിയാത്ത നാട്ടില്‍ നിന്ന്
നേരുള്ള മുഖവും
നെറിവുള്ള മനസ്സുമായി
അവന്‍ വിരുന്നുണ്ണാന്‍ വരുമെന്ന്
കരുതാന്‍ ഞാന്‍
പണ്ടേ പോലെ മണ്ടിയല്ല.....

(കാക്ക വിരുന്നു വിളിച്ചപ്പോള്‍ തോന്നിയത്) [:)]

Thursday, December 16, 2010

ചിത്രത്തില്‍ കണ്ട കവിത











അമ്മമ്മയ്ക്ക്,
മുറുക്കാന്‍ ചെപ്പിലേക്ക്
ചിതറി വീഴുന്ന വെറുമൊരു
വെറ്റിലകള്ളിയാണ്
മഴ.

അമ്മയ്ക്ക്,
കള്ളകാമുകിയെ പോല്‍
അമ്മാവന്റെ കുപ്പായം
ചുംബിച്ചു നനക്കുന്ന അശ്രീകരം.

അനുജന്,
കടലാസ്സുതോണി ഉണ്ടാക്കി
കളിയ്ക്കാന്‍ ഇടയ്ക്കിടെ
വിരുന്നു വരുന്ന ഇഷ്ടത്തോഴി.

നിനക്ക്,
നമ്മുടെ ഹൃദയങ്ങള്‍
കെട്ടുപിണഞ്ഞപ്പോള്‍ പൊഴിഞ്ഞു
വീണ നിറമാര്‍ന്ന കവിത.

എനിക്കോ?
ജീവിതത്തോട് പിണങ്ങി അച്ഛന്‍
ശവപറമ്പിലേക്ക് യാത്രപോയന്നു,
ആകെ കുതിര്‍ത്തിയച്ഛന്റെ
ഉറക്കം കളയാന്‍ അട്ടഹസിച്ചെത്തിയ
ദുസ്പനം മാത്രമാണീ പെരുമഴ..

(ചിത്രം : മനു കൊല്ലം )

Sunday, December 5, 2010

ചുഴി




കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍..

Saturday, December 4, 2010

കളര്‍ മിട്ടായി


പള്ളിമുറ്റത്തെ കെട്ടുകടകളില്‍
പല വര്‍ണ്ണങ്ങളില്‍ നിരന്നിരിപ്പുണ്ട്
നാവിലലിയുന്ന ഓര്‍മ്മകളുമായി
കളര്‍ മിട്ടായികള്‍.

വില്‍ക്കുന്നവന്റെ കണ്ണുകളില്‍,
മാടി വിളിക്കുന്ന കൈയ്യില്‍,
പൊടിയുന്ന വിയര്‍പ്പില്‍ ,
പോലും നിറമുള്ള മധുരം.

പഴയ കടലാസ്സില്‍ പൊതിഞ്ഞു
തന്നിരുന്ന കൌതുകത്തിന് നിറം,
ചുവപ്പ്,
പച്ച,
മഞ്ഞ,
വെള്ള.

എത്ര മുഖം തിരിച്ചാലുമെനിക്ക് കാണാം,
ചുണ്ടിലും നാവിലും ചോപ്പ് നിറവുമായി,
നനവുള്ള പൊതി മാറോടടക്കുന്ന,
എന്റെ മുഖച്ചായയുള്ള ഒരു പെണ്‍കുട്ടിയെ.......

Sunday, November 28, 2010

എന്റെ നന്ദിത..






കലാകൌമുദി ബിഗ്‌ ന്യൂസിനു ഹൃദയം നിറഞ്ഞ നന്ദി



Thursday, November 11, 2010

മുസ്ക്കാന്‍



മുസ്ക്കാന്‍ ,

വേലിക്കലെ
ചേലതുമ്പില്‍ ശേലില്‍
തുളുമ്പേണ്ട
കുഞ്ഞു കുസൃതി,

പരുക്കനൊരു
ചെറുവിരലില്‍ കോര്‍ത്ത്‌
ചിണങ്ങേണ്ട
പിണക്കത്തിന്‍ അഴക്,

വിരിഞ്ഞ കളിമുറ്റത്തു
മണ്ണപ്പം ചുട്ടു
വിളബേണ്ട
കുരുന്നുതോഴി,

നിറഞ്ഞ പുസ്തകകെട്ടു-
കളില്‍ പൂത്തുലയേണ്ട
പനിനീര്‍ പൂവ്‌ ,

മുസ്ക്കാന്‍ ഇന്ന് നീ..

കാമത്തിന്‍ ചെളി നിറഞ്ഞ
കറുത്ത ഓടയിലെ
കുഞ്ഞുപൂമ്പാററ,

വെറുപ്പിന്‍തരിപ്പില്‍
കൌതുകം
കെട്ട പിഞ്ചുകണ്ണ്,

കാടത്തത്തിന്‍ അറക്കും
ഉമിനീര്‍ പുരണ്ട
നീലച്ച കവിളിണ,

മാപ്പില്ല കൊടുമയുടെ
കൊഴുത്ത രേതസ്സ് പടര്‍ന്ന
നഗ്നമേനി,

മുസ്ക്കാന്‍....
നീയിന്നു പേരില്‍ പോലും
ചിരി കെട്ടു പോയ
വിലയില്ലാത്ത
എന്‍റെ പേറ്റുനോവ്..

(ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മുസ്ക്കാന്‍ എന്ന പത്തു വയസ്സുകാരിക്ക് വേണ്ടി)

Monday, November 8, 2010

അകന്ന വിരലുള്ളവന്‍





ഒരുവരി ചൊല്ലി
ഇരുവരി ചൊല്ലി
നീട്ടി, കുറുക്കി
താളത്തില്‍ തുള്ളി
ഞാനുമവനും
അമ്മയുടെ മടി-
മേലിരുന്നു കവിത
ചൊല്ലുകയായിരുന്നു.

ഇടയിലെപ്പോഴോ
വരികള്‍ക്കിടയില്‍
വിടര്‍ന്ന വെളുത്ത
പൂക്കള്‍ തേടിയവന്‍
ഊര്‍ന്നിറങ്ങി,

ചെവിയില്‍ തുളുമ്പിയ
താളം ബാക്കിയാക്കി
എന്‍റെ വിരലുകള്‍ക്കിടയില്‍
വലിയൊരു വിടവ്
തീര്‍ത്തവന്‍ തിരിഞ്ഞോടി,

കുഞ്ഞു ശവപ്പെട്ടിയില്‍
കെട്ടിപിടിച്ചമ്മ
തേങ്ങുബോഴും
പൊടിയാതെ
കിടന്നിരുന്നു,മുറ്റത്ത്‌
ചെറു ചിരട്ടകളില്‍
ചെറുങ്ങനെ ചിരിച്ച്
ഞങ്ങളുടെ
കവിതകുഞ്ഞുങ്ങള്‍.

കിനാക്കളുടെ
കാണാക്കയങ്ങളില്‍
വീണീല്ലാതാവുബോള്‍
ഇപ്പോഴും അമ്മ
കാണാറുണ്ടത്രേ....

സ്വര്‍ഗ്ഗത്തിന്റെ മഞ്ഞു
മൂടിയ താഴ്വരയില്‍
അകന്ന വിരലുകളുമായി,
ഒറ്റയ്ക്കിരുന്നവന്‍
കവിത ചൊല്ലുന്നത്..

Saturday, October 30, 2010

രോദനം


ഉളുപ്പില്ലാതൊ-
രമ്മയുടെ
പേറ്റ്നോവിലേക്ക്
നിറയൊഴിച്ച
പാതകത്തിനു
തുരുമ്പിച്ചു തുളഞ്ഞ
കാലത്ത് ഒരു
കല്‍തുറുങ്ക്
സ്വന്തമാക്കിയ
തോക്കിന്‍ കുഴെലെ...

നീ കേട്ടുവോ ?
അങ്ങകലേ കാക്കി
അണിഞ്ഞൊരു
വെടിയുണ്ടയുടെ
ഹൃദയം പിളര്‍ത്തും
രോദനം..

Friday, October 29, 2010

"കടിഞ്ഞൂല്‍ പുത്രി"




മനസ്സിന്‍റെ പിരിയന്‍
ഗോവണിയില്‍
കാലുളുക്കി വീണന്നു
മുതല്‍ പരസ്പരം
ചിന്തകള്‍ വാരിയെ-
റിഞ്ഞു മറിയുന്നതാണ്,

കണ്ണീരു പുരണ്ട
വഴിവക്കില്‍
പലവട്ടം ഹൃദയം
മറന്നു വെച്ചപ്പോഴും,
തിരികെ നേടി തരാന്‍
ഒരു വിളിപ്പുറത്തവന്‍
പുഞ്ചിരിയോടുണ്ടായിരുന്നു,

ചുണ്ടില്‍ ചിരി പൊട്ടും
നേരം പുത്തിരി പോലത്
പാടെ വിടര്‍ത്താന്‍
കണ്ണെത്താ ദൂരത്തിരുന്നും
കൊഞ്ഞനം കുത്തുമവന്‍,

കുറുമ്പ് കുത്തും
നേരങ്ങളില്‍ ചെവിക്കു
നുള്ളാന്‍,ചിലനേരം
ഗൌരവത്തിന്‍ മുഖപടമിട്ടു
കാരണവരുടെ കള്ളകുപ്പായം
അണിയുമവന്‍,

എന്നമ്മയുടെ മുലപ്പാലിന്‍
മാധുര്യം നുണയാത്തവന്‍
നീയെങ്കിലും കുഞ്ഞേ...

ചേച്ചിയെന്നൊരൊറ്റ
ചൊല്ലില്‍ ഞാന്‍ നിന്നമ്മ
തന്‍ മടിയില്‍ എന്നേ-
കടിഞ്ഞൂല്‍ പുത്രിയായി...

Wednesday, October 27, 2010

ഒരയ്യപ്പന്‍..


മരിക്കാന്‍ മനസ്സില്ലാത്തവന്‍റെ അവസാനകവിത...


പല്ല്

അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
.....എ അയ്യപ്പന്‍.

Friday, October 1, 2010

കറുമ്പി


എനിക്കൊരു വീടുണ്ടായിരുന്നു,
ഓടിന്‍ അരികു പറ്റിയ
ഒരു തുണ്ട് ചില്ലിലൂടെ
ആകാശം കൈ തൊട്ടു
ഉണര്‍ത്തിയിരുന്ന ഒരു വീട് ,
അടുപ്പിന്‍ കീഴെ കിടന്ന
വിറകിന്‍ചീള് എരിയുന്ന
പകുതിയെ നോക്കി
നെടുവീര്‍പ്പിട്ടിരുന്ന ഒരടുക്കള,
ഉപ്പ് നീറ്റലില്‍ പരുവമായ
ഉണ്ണി മാങ്ങകള്‍ തിക്കി
ത്തിരക്കിയ ഒരു ഭരണി,
ചാരവും പാത്രവും
ഉരുമിയിരുന്നു സൊറ
പറഞ്ഞൊരു കിണറരിക്,
തൊടിയില്‍ നിറയെ
കലപില പറയും
മരങ്ങളുടെ നിഴലുകള്‍,
ഇടിമിന്നലിന്റെ
കൈപിടിച്ച് മഴനൂലുകള്‍
ഓടിയിറങ്ങിയ ഒരു മഴകാലം,
തണുക്കാതുറങ്ങാന്‍ കഥകള്‍
തുന്നിയ കറുത്ത കമ്പിളി,
എന്നും കുഞ്ഞി കലവുമായി
കഞ്ഞി വെക്കാന്‍ കൂട്ട് തേടി
വന്ന ഒരു കറുമ്പി.......

വീടും ,മഴയും, കുഞ്ഞികലവും
മറവിയില്‍ എരിഞ്ഞു തീര്‍ന്നിട്ടും,
ഓര്‍മ്മയില്‍ അടുപ്പ് കൂട്ടാന്‍
അവള്‍ മാത്രം ഇന്നും
പതിവായ്‌ എത്താറുണ്ട്.

(കുട്ടികാലം മുഴുവന്‍ എന്നെ പൊതിഞ്ഞു പിടിച്ചു പിന്നെ എവിടെയെന്നറിയാതെ അകന്നുപോയ ഒരു കൂട്ടുകാരിക്ക് വേണ്ടി...)

Tuesday, September 28, 2010

"ചെക്ക്‌"



നബിയും രാമനും
ചതുരംഗം കളിക്കേ,
അത് വഴി പോയ
ക്രിസ്തു ആണ്
പറഞ്ഞത്,
അന്ത്യവിധിയെ കുറിച്ച്,

അത് കേട്ട് പുഞ്ചിരിച്ച
രാമന്റെ തോളില്‍ തട്ടി
നബി പറഞ്ഞു

"ചെക്ക്‌"

ഇനിയുമൊരു
വനവാസത്തിനു
കാലമായെന്നോര്‍ക്കെ,
മൂവരും ആര്‍ത്തു ചിരിച്ചു.

Saturday, September 25, 2010

പ്രണയം 2



ഞാനല്ലലോ
നിന്നെ
കഴുവേറ്റിയത്?

എന്നിട്ടും പ്രണയമേ....

ഉറക്കമില്ലാത്ത
രാത്രികളില്‍
നിന്റെ പ്രേതം
എന്തിനെന്റെ
ഓര്‍മയുടെ
പിന്‍കഴുത്തില്‍
പല്ലമര്‍ത്തുന്നു ?

പ്രണയം 1


നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,

നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,

അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,

എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്................

Thursday, September 16, 2010

മുത്തശ്ശി


കൊന്തയും തെരുപ്പിടിച്ചു
ഉമ്മറപടിയില്‍ ഇരിപ്പുണ്ട്
നരച്ചുച്ചുങ്ങിയൊരു രൂപം,
നാവിലൂടെന്തോ അരിച്ചിറങ്ങും വിധം
പിറുപിറുത്തു,കണ്ണ്കൂട്ടി ചിമ്മി
തൊലി മാത്രമായി ഒരു കോലം ,

വായില്‍ അപ്പോഴും നിറഞ്ഞു
തുളുബുന്നതു പോലെ,
പണ്ടത്തെ കഥയിലെയാ രാജകുമാരി.
കേട്ട് കേട്ട് സ്വപ്നലോകത്തു
വെള്ളകുതിരമേല്‍ ഞാന്‍
മനംമറന്നു മേഞ്ഞതാണ്,

ഉള്ളിലപ്പോഴും തിരയടിക്കുന്നു-
ണ്ടാകും എന്നോ പകര്‍ന്നു
തന്ന വാല്സല്യകടല്‍,
ആ തീരത്തൂടെ കടല കൊറിച്ചു,
കളി പറഞ്ഞു നടന്നതാണെറെ
ദൂരം ഞാന്‍,

എന്നിട്ടും നീയീ കണ്ണില്‍ നോക്കി
ആരെന്നാരാഞ്ഞപ്പോള്‍
പൊന്നുമുത്തശ്ശി.....

മറവിയുടെ കടലെടുത്തു പോയ

നിന്റെ തീരത്തു വീണ്ടുമൊരുദയം
സ്വപ്നം കാണുകയായിരുന്നു ഞാന്‍.

Wednesday, September 15, 2010

"മൗനമോഹങ്ങള്‍"




നഗരത്തിരക്കില്‍ അലിഞ്ഞോ-
ഴുകുബോഴും കണ്‍കോണിലൊരു-
തരി കവിത എനിക്കായ്‌
ചിരിക്കണം,

പട്ടണപൊങ്ങച്ചങ്ങള്‍ കാതില്‍
പെരുമ്പറ കൊട്ടുബോഴും
കാതില്‍ ഇന്ന് കേട്ട ശീലുകള്‍
താളം തീര്‍ക്കണം,

തെരുവോര കാഴ്ചകളില്‍
കണ്ണുളുക്കി നിന്നാലും
ആ ശീലിന്‍ ഈണത്തിലെന്‍
ഹൃദയം നൃത്തമാടണം,

കണ്ണുകള്‍ കഥപറഞ്ഞുറ-
ങ്ങുബോഴും കനവില്‍
രണ്ടു വരികള്‍ എനിക്കായ്‌
കരഞ്ഞു കൊണ്ടുപിറക്കണം,

ബന്ധനങ്ങളുടെ വറചട്ടിയില്‍
എരിഞ്ഞു മൊരിയുബോഴും
ചിരിച്ചു കൊണ്ടെനിക്കു
കവിത ചൊല്ലണം,

കരയിപ്പിച്ച നിമിഷങ്ങളെ
കാലം തിരിച്ചു വെച്ചെനിക്ക്
ഒരു പൊട്ടിച്ചിരിയില്‍
മുക്കി താഴ്ത്തണം ,

ഇനിയും കരയിക്കാന്‍
കാതോര്‍ത്തിരിക്കും
കാലത്തേ കബളിപ്പിച്ചെനി-
ക്കൊരു പെരുംകള്ളിയാവണം,

ഒരു തരുവിന്‍ ചാരെ നിന്‍
പ്രണയചൂടില്‍ നിനവിലാഴു-
ബോഴും എനിക്കിപ്പെഴും
ഞാനായിതന്നെ തുടരണം,

നിനക്ക് ഞാനും എനിക്ക് നീയും
എന്നാകിലും മനസ്സെപ്പോഴും
ഏകാകിയായി തന്നെ പറക്കണം,

കാലമെത്ര നരച്ചുചുളുങ്ങിയാലും
ആ നക്ഷത്രകണ്‍കളിലെ കവിത
എനിക്കെന്നും പകര്‍ത്തി
എഴുതി കൊണ്ടേയിരിക്കണം...

Sunday, August 29, 2010

"പഴയ പുസ്തകം"


സ്ലേറ്റിനും പെന്‍സിലിനും ഒപ്പം
അച്ഛന്‍ നീട്ടിയ പുസ്തകത്തിന്‍റെ
പുതുമണത്തെ ആണ് ഞാന്‍
ആദ്യം സ്നേഹിച്ചത്,


പിന്നീട് വായനശാലയിലെ
ദ്രവിച്ച പുസ്തകകെട്ടുകളുടെ
മുഷിഞ്ഞ മണത്തെയും
പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി,

നിന്‍റെ ഹൃദയം ക്ഷേത്രമാണെന്നു
പറഞ്ഞ കൂട്ടുകാരി
നീട്ടിയ ഓട്ടോഗ്രാഫിന്‍റെ
മണത്തോട് സൌഹൃദത്തേക്കാള്‍,
ലഹരിയായിരുന്നു എനിക്ക്,


പിന്നീടൊരിക്കല്‍ അവന്‍
സമ്മാനിച്ച പുസ്തകത്തിലെ
ചോര മണത്ത വരികള്‍
കണ്ടപ്പോള്‍ എപ്പോഴോ ,
അവനെയും
പ്രണയിച്ചു തുടങ്ങി,

ഇന്നെന്‍റെ അലമാര
നിറയെ പുസ്തകങ്ങള്‍ ആണ്,
എം ടിയും,മുകുന്ദനും,
നന്ദിതയും,നെരുദയും
പല പല മണങ്ങളാല്‍
എന്നെ പുണരുബോള്‍,
പതിയെ ചിരിക്കാറുണ്ട്,
ഒരു കോണിലിരുന്ന്
അച്ഛന്റെ വിയര്‍പ്പ് മണവു-
മായ്‌ ആ "പഴയ പുസ്തകം"

Friday, August 27, 2010

കവിതയുടെ കൊളാഷ്


കനല്‍ പോല്‍ കത്തി-
യെരിഞ്ഞ നിനവും,
കരി പുരണ്ടു കറ-
പിടിച്ച കനവും,
കാലം കൈത്തിരി
തെളിച്ച പുഞ്ചിരിയും,
മുഖം മറച്ച മനസ്സില്‍
നിന്നുതിര്‍ന്ന ഗദ്ഗദവും,
കണ്ണില്‍ നിന്നടര്‍ന്ന
നനവിന്റെ തുള്ളികളും,
ചിരിപ്പൂക്കളാല്‍
ചിറകു വിടര്‍ത്തിയ
ചില നേരങ്ങളും,
മനസ്സില്‍ നിറം
കൊണ്ട ചിന്തകളും
മറുപുറത്തെ നിറം
കെട്ട ചിന്തിതങ്ങളും,
ഹൃത്തില്‍ ചുരന്ന
വാത്സല്യകണങ്ങളും,
കണ്ണില്‍ കത്തിയ
പ്രണയാഗ്നിയും,
പിന്നീട് മറവിയില്‍
മരവിച്ചു പോയ നമ്മുടെ
പ്രണയത്തിന്റെ പ്രേതവും.

ഇതെല്ലാം ചേര്‍ന്നതോ.....
നീയെനിക്ക് വരച്ചു തന്ന
കവിതയുടെ കൊളാഷ് ?



Friday, July 9, 2010

വാവയ്ക്കായി

ഉരുവായില്ല നീയെന്‍
ഉദരത്തിന്‍ ഇരുട്ടില്‍,
എങ്കിലും,അമ്മയായില്ലേ

വാവേ ഞാന്‍

നിനക്കെന്നുമെന്നും?

തന്നതില്ല നീയെനിക്ക്

നിന്‍ പിഞ്ഞിലം കാലിന്‍

മൃദുലമാം നോവുകള്‍,
എങ്കിലുമന്യയായതില്ല
ഞാന്‍ നിന്‍ കൊഞ്ഞലിന്‍

പാതയില്‍.

നോവിച്ചില്ല നീയെന്‍

അസ്ഥികള്‍ ഒന്നുമേ,

എങ്കിലും,നൊന്തതല്ലോ

ഈ ഇടുപ്പെല്ലും

നിന്‍ സ്നേഹത്തിന്‍

പേറ്റുനോവിനാല്‍.

നുകര്‍ന്നതില്ല നീയെന്‍

മുലപ്പാലിന്‍ മധുരമൊന്നും,
എങ്കിലും,ചുരക്കുന്നു

നിന്നെയോര്‍ക്കുബോളീ
അമ്മ തന്‍ മാറിടം.


ഒരു നുള്ള് ഇങ്ക്
പോലും തന്നതില്ല

ഈ കൈകളാല്‍

എങ്കിലും,കടിക്കുന്നു

മെല്ലെ നീയെന്‍ വിരല്‍

തുമ്പില്‍ എന്നുമേ.

ഒരു ചെറുകബിനാല്‍

തച്ചതില്ല ഞാന്‍ നിന്‍

കുരുബിന്‍ സൗഭഗം,
എങ്കിലും,ചിരിച്ചുവല്ലോ

ഞാന്‍ കനവില്‍ എന്നും

നിന്‍ കുരുബിനൊപ്പം.

ആ കുഞ്ഞിളം മേനിയില്‍

ഒരു തുടം എണ്ണ തേയ്ക്കുവാന്‍

ആയില്ലിനിക്കെങ്കിലും,
എന്‍ തൊടിയിലെ

കിണറൂവെള്ളം പോലും

തുള്ളുന്നു ആ ഓര്‍മയില്‍,

ചൂണ്ടിയില്ല ഈ
വിരലുകളാ അമ്പിളിതന്‍

നേര്‍ക്കെങ്കിലും ,
കാണുന്നു ഞാനാ വെണ്മയില്‍

നിന്‍ പാല്‍പുഞ്ചിരി

തന്‍ ശേലുകള്‍.


ഒരു താരാട്ടിന്‍ ശീലിനാല്‍

നിന്നെ തലോടുവാനീ ജന്മം

കഴിഞ്ഞതില്ലെങ്കിലും,
അമ്മയായില്ലേ വാവേ

ഞാന്‍ നിനക്കെന്നുമെന്നും?

അവന്‍

കവിതയുടെ ചെരുതരികള്‍
ഊതി കനലായി മാറ്റി

എന്നെ കാച്ചി കറുപ്പിച്ചവന്‍,


ശലഭത്തെ കാണിച്ചു കൊതിപ്പിച്ചു

അവളുടെ ചിറകില്‍ ചിത്രം

വരയ്ക്കാന്‍ വര്‍ണതൂലിക തന്നവന്‍,


ഒരു കോപതിരിയില്‍ ആളികത്തി

പടര്‍ന്നു,പിന്‍വിളിയില്‍ കരിതിരിയായി

എന്നിലേക്ക് കെട്ട് പോകുന്നവന്‍ ,

മിന്നാമിനുങ്ങിന്റെ ഇത്തിരി തിളക്കം

ഒരു നോക്കില്‍ പെരുപ്പിച്ചു

സ്വപ്നങ്ങളുടെ ഒത്തിരി വെളിച്ചം

നേടി തന്നവന്‍,

അവനു ഇട്ട ഇലയില്‍ നിന്നോരുരുള

ചോറ് നീട്ടിയെന്റെ ജന്മങ്ങളുടെ

വിശപ്പിനു ശമനം നേടി തരുന്നവന്‍,


ആ ജനലരികിലെ മുല്ലവള്ളിയോടു

രാത്രി മുഴുക്കെ എന്റെ കഥ

ചൊല്ലിപറഞ്ഞു തളര്‍ന്നുറങ്ങുന്നവന്‍,


എന്നോ കാത്തു വെച്ച കാണാച്ചരട്

കോര്‍ത്തിണക്കി എന്റെ മൌനം

കടഞ്ഞു വാക്കിനെ സൃഷ്ട്ടിച്ചവന്‍,

"അവന്‍"

ഒരു സ്വപ്നത്തില്‍ നിന്ന് പറന്നിറങ്ങി

പെരുത്ത സ്നേഹത്തില്‍ മുഴുത്ത

ചങ്ങലയാല്‍ എന്റെ മനസിന്റെ

കണക്കാല്‍ പൊട്ടിച്ചു പഴുപ്പിച്ചവന്‍.

Thursday, July 1, 2010

കോപം


ചെവിയിലേക്ക് നീട്ടീ
തുപ്പിയ കോപം
ചെന്ന് പെട്ടത്
ഉള്ളില്‍ ഇനിയും
കണ്ടെത്താത്ത
അറകളിലേക്കാണ്,

വാലില്‍ ചുരുട്ടി
വലിച്ചെറിഞ്ഞിട്ടും
ചിലതു ചില-
കോണുകളില്‍
ഒളിച്ചിരുന്നു,

പെരുകാന്‍ വിടാതെ
നീ തന്നെ തഴുകി
മിനുപ്പിച്ചപ്പോള്‍
അനുസരണയോടെ
നിന്ന് തന്നത്,
ഓരോ തവണയും
നീ തുപ്പുന്നത്
മിനുപ്പിലേക്കാവണമെന്ന്
എനിക്കത്രമേല്‍
നിര്‍ബന്ധമുള്ളത്
കൊണ്ടാണ്.






Thursday, June 24, 2010

ഒരു കുഞ്ഞുനോവ്


കപ്പിലെ ഉണര്‍വിലേക്ക്
ഊളയിടുമ്പോള്‍ ഓര്‍ത്തില്ല,
പച്ചപുതപ്പു വാരി പുതച്ച
മലനിരകളെ ,
കിളുന്തുഇലകള്‍ പറിച്ചെടുത്ത
തഴബിനെ ,
ഉണക്കി പൊടിച്ചു ഇപ്പരുവമാക്കിയ
കൂറ്റന്‍യന്ത്രത്തെ,
വായുടെയും കപ്പിലേക്കുമുള്ള
യാത്രയില്‍ ഓര്‍ത്തതിത്ര മാത്രം,
കുഞ്ഞിലകളെ?
നുള്ളിയെടുത്തപ്പോള്‍
നൊന്തുവല്ലേ നിങ്ങള്‍ക്ക്?

Tuesday, June 8, 2010

എന്നാണ്?



മൂപ്പ് നോക്കി നോക്കി ഇരുന്നു,
കണ്ണ് പെടാതിരിക്കാന്‍
കാക്കതൂവലും
കോര്‍ത്തുവെച്ചു,

നോട്ടം പിഴച്ചത്
പിന്നാംപുറത്തോരു
അനക്കം കേട്ടപ്പോളാണ്.
ഭീമന്‍ ചിറകു വിരിച്ചു
ഊര്‍ന്നിറങ്ങി
റാഞ്ചിയെടുത്ത്,
കൂര്‍ത്ത കൊക്ക് കൊണ്ട്
അടര്‍ത്തി വിഴുങ്ങുന്നത്
കണ്ടപ്പോള്‍
ചെറു ചിരിയോടെ ഓര്‍ത്തു,

എന്നാണ് ഞാന്‍ എന്‍റെ
സ്വപ്നങ്ങള്‍ മുറ്റത്ത്‌ കണ്ണീരു
പുരട്ടി ഉണങ്ങാന്‍ ഇട്ടത് ?

Friday, February 19, 2010

എന്നിട്ടൊന്നു ഉറങ്ങണം

നനച്ച തുണി പുല്‍തൈലത്തില്‍ മുക്കി
തുടച്ചെടുത്തത് മുഴവന്‍

മനസ്സിന്റെ നോവുകളായിരുന്നു,

എന്നിട്ടും ,

ജനല്‍ കമ്പിയില്‍

മുഴുവന്‍ മാറാല പിടിച്ച മനസ്സ്

തൂങ്ങി കിടക്കുന്നു,

വാശിക്ക് കൊട്ടി കളഞ്ഞു ,

കല്ലില്‍ അടിച്ചടിച്ചു അലക്കി,
ഉറഞ്ഞു കൂടിയ വിഷാദങ്ങള്‍,

മുറിയുടെ കോണില്‍ ഒളിച്ചിരുന്ന

പാറ്റയില്‍ കണ്ടത് ശത്രുവിനെ ,
ചെരുപ്പ് കൊണ്ട് തച്ചു കൊന്നപ്പോള്‍

മനസ്സ് ചിരിച്ചു,വികൃതമായി.

ഇനി നെഞ്ചിലെ കനലിട്ടു അടുപ്പ് കൂട്ടാം,
സ്നേഹം വെട്ടി തിളക്കുബോള്‍
മധുരം ചേര്‍ത്ത് വിളബാം,
അലങ്ങരിച്ച മനസ്സിന്റെ താളുകളില്‍,

എന്നിട്ടൊന്നു ഉറങ്ങണം ,
കടം വരുത്തിയ വരുതികള്‍ മറന്നു

മരം കൊത്തി


കൊത്തുന്ന താളം നോക്കി
ഇമ വെട്ടാതിരുന്നപ്പോള്‍

നൂറു മിന്നലുകളായിരുന്നു കണ്ണില്‍,

വര്‍ണ്ണതൊപ്പിയും കൌശലനോട്ടവും

മേമ്പൊടി ആക്കി നീ കൊത്തിയത് മുഴുവന്‍

മനസ്സിന്റെ ഭിത്തിയിലാണ്,


ഹൃദയത്തിന്‍

ഉള്ളറകള്‍ കണ്ടു തുടങ്ങിയപ്പോള്‍

നീ ഇണയെ നോക്കി കൊക്ക് വിടര്‍ത്തി

ചിരിച്ചു,

പിന്നെയാ ചിരി മാറി കണ്ണീരു തൂവിയത്

ജന്മങ്ങളുടെ വേദനകള്‍ വ്രണമാക്കിയ മനസ്സിന്‍

വികൃത രൂപം കണ്ടിട്ട്,

പിന്നീട്,

തുറന്നിട്ട ഹൃദയം ഉപേക്ഷിച്ചു

ഇണയെയും കൂട്ടി നീപറന്നകന്നപ്പോള്‍

അന്നാദ്യമായീ ഞാന്‍ എകായായീ

മായം

ചെടി ചട്ടിക്കുള്ളില്‍
വിളറി നിന്ന കമ്പില്‍

ഒരു കാടാണ് കനവ് കണ്ടത്,

നിറയെ വെള്ളം

ഒഴിച്ച് കൊടുത്താല്‍

കാട് ഉണ്ടാവുമത്രേ!

നാല് ചുവരുകള്‍

മൂടിയ കുടുസ്സു മുറിയുടെ

ഇടുങ്ങിയ മട്ടുപ്പാവില്‍

കാടോ?
അരികിലൊരു അരുവിയോ?
അവിടൊരു കുയില്‍ പാട്ടോ?

നഗര തിരക്കില്‍

ഉരുക്കുന്ന ഉഷ്ണത്തില്‍

തലയിലൂടുതിര്‍ന്ന

മായം കലര്‍ന്ന വെള്ളത്തില്‍

സ്വപ്നങ്ങള്‍ ഒഴുകുന്നു,

അതിലെന്റെ

കാടും,അരുവിയും,കുയിലും,
കൂടെ വിളറി നിന്ന ഭാവനയും

കവിത

ശില ഉരിഞ്ഞൊരു
ശില്‍പ്പം പോല്‍

കവിത കുറിക്കാന്‍

ഇറങ്ങി തിരിച്ചവള്‍ ഞാന്‍,
കവിത പിണങ്ങി ഉറഞ്ഞു
കാരിരുബിനേക്കാള്‍

കട്ടി ഉള്ളതായി,
ഉളിയുടെ മൂര്‍ച്ച

പോരാതെ കാച്ചിയും

തേച്ചും ഞാന്‍ വീണ്ടും

വീണ്ടും ശിലയില്‍

കവിത കൊത്തി,
കാരിരുബില്‍ കവിത

വിരിഞപ്പോള്‍ കവിതയ്ക്ക്

നിറം എണ്ണകറുപ്പ്,
കണ്ണില്‍ തുളഞ്ഞു

കയറും മൂര്‍ച്ചയോലും

അഴകിന്‍ കറുപ്പ്,
കറുപ്പിനെ പ്രണയിച്ച

എന്‍ മനസ്സിലോ

പാല്‍നിലാവിന്‍ വെളുപ്പ്‌.

പൊള്ളല്‍


അടുക്കളപ്പാദകത്തില്‍
തിളച്ച പാല്‍ പാത്രം

ഇറക്കി വെച്ചപ്പോള്‍
ഒരു തരി തുളുബിയെന്റെ
കൈയൊന്നു പൊള്ളി,
വെളുത്ത പാല്‍നുര നോക്കി

മെല്ലെ ഉണ്ണി കൊഞ്ചി,
അമ്മയ്ക്ക് നൊന്തുവോ???
പൊള്ളിയ കൈയിനാല്‍

സ്നേഹം ചേര്‍ത്തതവള്‍ക്കു

കൊടുത്തപ്പോള്‍ തെളിഞ്ഞു

ചിരിനുരയാ നനുത്ത

ചൊടിയിലും,
ചിരിച്ചു കൊണ്ട് ഞാന്‍

മെല്ലെ ചൊല്ലി,
അമ്മയ്ക്ക് നൊന്തില്ല കുഞ്ഞേ.

ഉമിനീര്‍ തൊട്ടു ഞാന്‍ നനച്ച

പൊള്ളല്‍ കാലം മായിക്കും,
എന്‍റെ ഹൃദയം പിളര്‍ത്തും

പൊള്ളല്‍ കരിക്കാന്‍

നിന്‍ ഉമിനീരിനു കഴിയുമോ?

അമ്മയ്ക്ക് നൊന്തു കുഞ്ഞേ,
കൈയും മനസും

മകള്‍ക്കായീ

മഴ കണ്ടപ്പോള്‍
മഴയില്‍ സംഗീതമുണ്ടെന്ന്,
കാറ്റ് വന്നപ്പോള്‍

കാറ്റിനു സുഗന്ധമാണത്രേ,
കടല്‍ കാണിച്ചപ്പോള്‍

കടലിനു കുറുകെ
നടക്കണം പോലും,

അന്ന് ഞാനെന്‍റെ

പുസ്തങ്ങള്‍ അവള്‍

കാണാതൊളിച്ചു വെച്ചു,
വളരും നാളില്‍
കവിത എഴുതാന്‍

ഇന്നേ കടലാസു

തേടും കുരുന്നിന്

എന്‍റെ കരളിന്റെ

താളുകള്‍ തുറന്നു കൊടുത്തു,
ഞാനറിയാതെ അവള്‍

കവിത എഴുതാതിരിക്കട്ടെ.

ഇനിയൊരു വര്‍ണകുട

കൂടി വാങ്ങണം,
മഴയുടെ തലോടലില്‍

അവള്‍ ഭ്രമിക്കാതിരിക്കാന്‍

യുദാസിന്റെ സുവിശേഷം

വഞ്ചനയുടെ കിലുങ്ങുന്ന
നാണയങ്ങളില്‍

ഊറ്റം കൊണ്ട ജനതയ്ക്ക് ,

ചതിയുടെ കൂര്‍ത്ത മൂര്‍ച്ചയില്‍

അട്ടഹസിക്കുന്നവര്‍ക്ക്,

അസൂയയുടെ മേലന്ഗിയണിഞ്ഞു

വിലസും പൊങ്ങച്ചകോമരങ്ങള്‍ക്ക്.

വളര്‍ച്ചയെത്താത്ത അവയവങ്ങളില്‍

കാമത്തിന്റെ കയ്യൊപ്പ്

ചാര്‍ത്തുന്നവര്‍ക്ക്,

കണ്ണടച്ചിരുട്ടാക്കി കണ്ടില്ലെന്നു

നടിച്ച വികടചിന്തകള്‍ക്ക്,

എനിക്കും,നിനക്കും,അവനും
ഒരു തരി പശ്ചാതാപത്തിന്‍

സുഗന്ധതൈലം പൂശി

പറുദീസ പുല്കുവാന്‍,


ഒരു കപടച്ചുബനത്തില്‍

ഉള്ളുരികി,ഒരുചില്ലയില്‍

കോര്‍ത്ത ഒറ്റതുണിയില്‍
കണ്ണീരില്‍ തൂലിക മുക്കി

യൂദാസ് സുവിശേഷം എഴുതുന്നു