Sunday, July 22, 2012

ചില വശപിശകായ കാര്യങ്ങള്‍



കാര്യമല്പ്പം 
വശപിശകാണെങ്കിലും 
പറയാതെ വയ്യ,
കഴുത്തിലെനിക്ക് ഇക്കിളിയാണ്,
ചെവിയിലൂടെ 
ഊര്‍ന്നിറങ്ങുന്ന എന്തും,

"ഈ നശിഞ്ഞ സൂക്കേട് "

കുളിയ്ക്കുബോള്‍ നുരയുന്ന പത,
അരിച്ചിറങ്ങുന്ന തണുത്ത വെള്ളം,
പൊടിയുന്ന വിയര്‍പ്പ്,
തോളില്‍ തൊട്ടുരുമുന്ന മുടി,
വഴി തെറ്റിയെത്തുന്ന മഴ,
വെയില്‍,
കാറ്റ്,
എന്തിനു 
ചിലരുടെ നോട്ടം പോലും,

ഹാ...പിന്നെ നിന്റെ ഉമ്മകള്‍.....
ഇന്നലെ രാത്രി വണ്ടിയില്‍ വന്നിറങ്ങിയ
ഇളം ചോപ്പ് നിറമുള്ള തല്ലുകൊള്ളികള്‍,
ഞങ്ങളും പോരുന്നുവെന്നു ആര്‍ത്തലച്ചു 
നിന്റെ ചുണ്ടില്‍ നിന്ന് തുലഞ്ഞടങ്ങാന്‍ 
ഇറങ്ങി തിരിച്ചവ,
കഴുത്തില്‍  കയറി കരണം മറിയുന്ന  
തന്തോന്നികൂട്ടങ്ങള്‍,

ഛെ..........
സകലമാന രോമങ്ങളും 
എഴുന്നു നില്‍ക്കുന്നു 
ആളുകള്‍ കാണുമെന്ന്,
അടങ്ങിയിരിക്കെന്ന്,
ഞാന്‍  കണ്ണുരുട്ടുന്നു,
തല്ലുന്നു,
തടവുന്നു.

ആരുമില്ലാത്തപ്പോള്‍,
അപ്പോള്‍ മാത്രം 
കുടഞ്ഞിട്ടു തെമ്മാടിത്തരം നുകരുന്നു .

അതെ നിന്റെ ഉമ്മകള്‍ 
അനുസരണ ഇല്ലാത്തവ,
നടക്കുമ്പോഴും 
ഇരിക്കുമ്പോഴും 
കിടക്കുബോഴും 
കഴുത്തിനൊപ്പം
ഹൃദയത്തെയും ശല്യം ചെയ്യുന്നവ 
തുലഞ്ഞടങ്ങാന്‍ വന്നിട്ടെന്നെന്നെ തുലച്ചവ
വലിച്ചെടുത്തു 
മുത്തി കടുപ്പിച്ച് 
ഞാന്‍ മടക്കവണ്ടിയില്‍ കയറ്റി വിടുന്നു


കടും ചോപ്പ് നിറത്തില്‍ 
കരഞ്ഞു കൂവി 
വന്നിറങ്ങുബോള്‍ 
വിരഹകാലമെന്നു 
മയപ്പെടുത്തി 
ചിരിയരികില്‍ ഇരുത്തണം.
ഇക്കിളി നെറിയുള്ളോരു 
സൂക്കെടായി മാറട്ടെ ,
അന്നു നിന്റെ ചുണ്ടില്‍ 
നിന്നെന്റെ കഴുത്തിലെക്കൊരു 
തൂക്കുപാലം താനേ 
തെളിയുമായിരിക്കും..