Monday, January 27, 2014

ശത്രു



നീയൊരു ഉറുമ്പാണ്‌
വിരല്‍ത്തുമ്പിലെ ഒറ്റ കടിയില്‍ എന്നെ ഞെട്ടിക്കുന്ന ഒന്ന്,
നീയൊരു പരുന്തിനെപ്പോല്‍
എന്‍റെ അടക്കിപ്പിടിക്കലുകളെ റാഞ്ചാന്‍ തക്കം പാര്‍ക്കുന്നു,
ചിലപ്പോഴൊക്കെ നീ സിംഹമാകും,
എന്നെയാകെ പിച്ചിച്ചീന്തി ഇരയാക്കുന്ന ഒന്ന്,
വാക്കുകള്‍ കൊണ്ടെന്നെ വെട്ടി വീഴ്ത്തുന്ന എന്‍റെ എതിരാളി,
പരിചകള്‍ കൊണ്ടെന്റെ കുത്തുന്ന നോട്ടങ്ങള്‍ തടുക്കുന്ന എന്‍റെ ശത്രു,
ദൈവം സൃഷ്ടിച്ച സകല മൃഗങ്ങളും നിന്നില്‍ നിന്നുയര്‍ക്കുന്ന പോല്‍
ഞാന്‍ നിന്നെ വെറുപ്പില്‍ നോക്കുന്ന ചില നേരങ്ങള്‍..

എങ്കിലും...

ഒരൊറ്റ ഉമ്മയില്‍ എങ്ങനെയാണ്
നീയെന്റെ ചുണ്ടുകളില്‍ നിന്ന് ഇത്രയധികം കൊക്കൂണുകളെ ഉണ്ടാക്കുന്നത്?
അത് ചിറകു വിരിച്ചു പറന്നു പൊങ്ങുമ്പോള്‍
എന്‍റെ ശത്രു...
എന്‍റെ പോരാളീ...
നിന്നെ ഞാനെന്റെ പൂമ്പാറ്റച്ചിറകുകള്‍ കൊണ്ട് വെട്ടി വീഴ്ത്തിയല്ലോ!!!



Thursday, January 23, 2014

സ്വര്‍ഗ്ഗാരോഹണം



വേണമെങ്കില്‍
വാത്സല്യചൂരെന്നൊക്കെ
പരുവപ്പെടുത്താം,

പക്ഷെ കാര്യം കാര്യമായി '
പറയാനാണ് എനിക്കിഷ്ടം,

അവരുടെ മരണത്തിന്
കുരുമുളകിട്ട
താറാവ് കറിയുടെ
ചൂരായിരുന്നു,

"നിങ്ങൾ ശരി വെയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല"

ശവപ്പെട്ടിയിൽ
നിന്നെന്റെ മൂക്കിലേക്ക്
കുരുമുളകിന്റെ കുത്തൽ
ആഴന്നിറങ്ങിയതാണ്,

ക്രിസ്തുമസിനും
പെരുന്നാളിനും
ചുടുചോറിൽ അവര്‍
കുഴച്ചു തന്ന
തന്ന അതെ എരിവ് ,

അവരുടെ പെരയ്ക്ക്
ചുറ്റും കാഷ്ടിച്ചിട്ട
താറാക്കുഞ്ഞുങ്ങൾ
പെട്ടിയ്ക്കരികില്‍ കുത്തിയിരുന്ന്
നെഞ്ചത്തടിച്ചത് ഞാന്‍ കണ്ടതാണ്,

ചിലത് തൂവലുകൾ പൊഴിച്ചിട്ട്
ചെളിക്കുണ്ടിൽ ചാടി
തലതല്ലി കക്കിയതും,

എന്റെ കണ്മുന്നിൽ
വച്ച് തന്നെയാണ്
കുരുമുളകിന്റെ നീറ്റൽ അപ്പാടെ
കണ്ണിൽ കുടഞ്ഞിട്ട്
താറാചിറകിലേറി
അവർ സ്വർഗത്തിലേക്ക് പോയത്...

നിങ്ങൾ ശരി വയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല . 




ഹരിതകത്തിൽ വന്നത്




Tuesday, January 14, 2014

എന്‍റെ സ്ക്കൂട്ടറോട്ടങ്ങള്‍



സ്റ്റാര്‍ട്ടിംഗ് ബട്ടണില്‍ വിരലമര്‍ത്തിയാല്‍
ഞാന്‍ പോലുമറിയാതെ
നീയെന്റെ പിറകില്‍ചാടി കയറും ,

കണ്ണുരുട്ടലുകളിലേക്ക് ഉമ്മകള്‍ പറത്തി വിട്ടു
ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക്
അപ്പോളൊരു ഒറ്റവരി പാത തുറന്നു വരും,

പോകും വഴി എന്നത്തേയും പോലെ
പാലും വാങ്ങി വരുന്ന മേഘങ്ങളോട്
നമ്മള്‍ കുശലം ചോദിക്കും,

മറഞ്ഞു നിന്ന് പത്രം വായിക്കുന്ന
നക്ഷത്രങ്ങളുടെ ചിമ്മലാട്ടം
ചൂണ്ടി കാണിച്ചു
നീയെന്നോട്‌ ഒന്ന് കൂടി ചേര്‍ന്നിരിക്കും,

ആകാശപക്ഷികളുടെ കുമ്പകുലുക്കിയുള്ള
രാവിലെയോട്ടങ്ങള്‍ കണ്ടു
നമ്മള്‍ പൊട്ടിച്ചിരിക്കും,

അറിയാതെ ഉണരുന്ന ഇണ്ടികേറ്ററിന്ടെ
മൂളക്കത്തില്‍ ചിലതെല്ലാം കേറി വരുമെങ്കിലും
ഒരൊറ്റ ഹോണില്‍ നമ്മള്‍ രണ്ടാളും ചേര്‍ന്നതിനെ
ചവിട്ടി താഴ്ത്തും,

ബ്രേക്കുകള്‍ മാലാഖമാരാകുന്ന
ഗട്ടറുകളില്‍ നിന്റെ ഹൃദയം എന്‍റെ ഹൃദയത്തെ
ഉമ്മ വെച്ചു കൊണ്ടേയിരിക്കും

ഉമ്മ വെച്ചു
ഉമ്മ വെച്ചു
ആകാശത്തു നിന്നും ഭൂമിയിലേക്ക് എത്തുമ്പോള്‍
ഇടയ്ക്കെവിടെയോ ഞാനറിയാതെ
നീ ഇറങ്ങി പോയിരിക്കും,

അങ്ങനെ ഓരോ ദിവസങ്ങളുടെയും അവസാനങ്ങളില്‍
പിന്നെയും
പിന്നെയും
ഞാന്‍ ഒറ്റയ്ക്കാകും .




ഹരിതകത്തിൽ വന്നത്