Sunday, August 29, 2010

"പഴയ പുസ്തകം"


സ്ലേറ്റിനും പെന്‍സിലിനും ഒപ്പം
അച്ഛന്‍ നീട്ടിയ പുസ്തകത്തിന്‍റെ
പുതുമണത്തെ ആണ് ഞാന്‍
ആദ്യം സ്നേഹിച്ചത്,


പിന്നീട് വായനശാലയിലെ
ദ്രവിച്ച പുസ്തകകെട്ടുകളുടെ
മുഷിഞ്ഞ മണത്തെയും
പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി,

നിന്‍റെ ഹൃദയം ക്ഷേത്രമാണെന്നു
പറഞ്ഞ കൂട്ടുകാരി
നീട്ടിയ ഓട്ടോഗ്രാഫിന്‍റെ
മണത്തോട് സൌഹൃദത്തേക്കാള്‍,
ലഹരിയായിരുന്നു എനിക്ക്,


പിന്നീടൊരിക്കല്‍ അവന്‍
സമ്മാനിച്ച പുസ്തകത്തിലെ
ചോര മണത്ത വരികള്‍
കണ്ടപ്പോള്‍ എപ്പോഴോ ,
അവനെയും
പ്രണയിച്ചു തുടങ്ങി,

ഇന്നെന്‍റെ അലമാര
നിറയെ പുസ്തകങ്ങള്‍ ആണ്,
എം ടിയും,മുകുന്ദനും,
നന്ദിതയും,നെരുദയും
പല പല മണങ്ങളാല്‍
എന്നെ പുണരുബോള്‍,
പതിയെ ചിരിക്കാറുണ്ട്,
ഒരു കോണിലിരുന്ന്
അച്ഛന്റെ വിയര്‍പ്പ് മണവു-
മായ്‌ ആ "പഴയ പുസ്തകം"

Friday, August 27, 2010

കവിതയുടെ കൊളാഷ്


കനല്‍ പോല്‍ കത്തി-
യെരിഞ്ഞ നിനവും,
കരി പുരണ്ടു കറ-
പിടിച്ച കനവും,
കാലം കൈത്തിരി
തെളിച്ച പുഞ്ചിരിയും,
മുഖം മറച്ച മനസ്സില്‍
നിന്നുതിര്‍ന്ന ഗദ്ഗദവും,
കണ്ണില്‍ നിന്നടര്‍ന്ന
നനവിന്റെ തുള്ളികളും,
ചിരിപ്പൂക്കളാല്‍
ചിറകു വിടര്‍ത്തിയ
ചില നേരങ്ങളും,
മനസ്സില്‍ നിറം
കൊണ്ട ചിന്തകളും
മറുപുറത്തെ നിറം
കെട്ട ചിന്തിതങ്ങളും,
ഹൃത്തില്‍ ചുരന്ന
വാത്സല്യകണങ്ങളും,
കണ്ണില്‍ കത്തിയ
പ്രണയാഗ്നിയും,
പിന്നീട് മറവിയില്‍
മരവിച്ചു പോയ നമ്മുടെ
പ്രണയത്തിന്റെ പ്രേതവും.

ഇതെല്ലാം ചേര്‍ന്നതോ.....
നീയെനിക്ക് വരച്ചു തന്ന
കവിതയുടെ കൊളാഷ് ?