Monday, March 18, 2013

മിണ്ടാതിരുപ്പുകളെ.....

മിണ്ടാതിരുപ്പുകളെ.....

എനിക്കിനിയുമേറെ 
മിണ്ടുവാനുണ്ട്,
നിശബ്ദമായെങ്കിലും 
ഒന്ന് ശബ്ദപ്പെടണെ.

കേള്‍ക്കാതിരിപ്പുകളെ....

എനിക്കിനിയുമധികം 
കേള്‍ക്കുവാനുണ്ട്,
ചെവികല്ല് പൊട്ടിച്ചെന്നില്‍
ഒന്ന് നിശബ്ദപ്പെടണെ.

Wednesday, March 13, 2013

ഒളിഞ്ഞുനോട്ടം

പരിചയമില്ലാത്തതു പോലെ 
രണ്ടടിയകലത്തില്‍ രണ്ടു പേര്‍ ഇരിക്കുന്നു 
ഒരാണും പെണ്ണും, 

ഒരു നോട്ടം 

അവന്റെ കണ്ണിലേക്കു അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു
അവനതാ മഴയായി പെയ്തു തുടങ്ങി..

ഞാന്‍ മാത്രം 
ഞാന്‍ മാത്രം
ഞാന്‍ മാത്രം കണ്ടു ♥

(ലേബല്‍ --- ഒളിഞ്ഞുനോട്ടം )

ചെമ്പരത്തിച്ചോപ്പ്

നീ തിരികെ പോയന്ന് 
സൂര്യന്‍ കടലില്‍ 
ചാടി ചത്തു,

"പിന്നെയ്യ് നുണകഥ"
യെന്നു തല തല്ലികരയുന്ന
തിരകളെ നോക്കി
ഞാന്‍ പൊട്ടിച്ചിരിച്ചു,

എന്റെയാ
ഒടുക്കത്തെ ചിരിയില്‍
ഒരായിരം ചെമ്പരത്തികള്‍
നക്ഷത്രമായി വിടര്‍ന്നു,

മൂന്നാം പക്കം
സൂര്യന്റെ
ശവം കരയ്ക്കടിയുമ്പോള്‍
നീയിങ്ങു വരുമെന്ന്
ചത്ത സൂര്യന്റെ ജാതകം
എഴുതുന്നു,



ന്ന

ര്‍
ന്നു

വീഴുന്ന പൂവെല്ലാം
ചെവിയില്‍ വെച്ചു
പിന്നെയും
പിന്നെയും
ഞാനാകെ
ചെമ്പരത്തിചോപ്പാകുന്നു...

OMG



അവനെന്നെ 
തള്ളി പറഞ്ഞു 
ഒന്ന്,
രണ്ട്,
മൂന്ന്,

"മൂന്ന് തവണ"

അവരെന്നെ 
ചമ്മിട്ടി കൊണ്ടടിച്ചു,
കുരിശില്‍ തറച്ചു,
കയ്പ്പുനീര്‍ തന്നു,
ഒന്നേയൊന്ന്,
ഒരൊറ്റ തവണ 


പല വലുപ്പത്തില്‍,
പല നിറത്തില്‍,
പല സ്ഥലങ്ങളില്‍,
നിങ്ങളെന്നെ
പിന്നെയും പിന്നെയും 
കുരിശില്‍തറയ്ക്കുന്നു,

വിലയോരല്‍പ്പം 
കൂടുതലല്ലോയെന്നു  
വേറെ ക്രൂശിതരൂപം  
നോക്കാമെന്ന് 
മൂവായിരം തവണ...

ഒടുക്കത്തെയൊരിഷ്ടം

അതെന്താ പശുവിനും കോഴിക്കും പ്രേമിച്ചൂടെ??? 

dont they?????

ഒടുക്കത്തെയൊരിഷ്ടം
---------------------------------------------------------

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു" 

ചാഞ്ഞും ചെരിഞ്ഞും ചിക്കുമ്പോള്‍
കോഴി വെറുതെ കണ്ണെറിയും

വെട്ടിച്ചും തട്ടിച്ചും അയവിറക്കുമ്പോള്‍
പശു നാണിച്ചു ചുവക്കും

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

കോഴിയുടെ പൊഴിഞ്ഞു വീണ തൂവല്‍
പശു വൈക്കോല്‍ കെട്ടിനിടയില്‍ ഒളിച്ചു വെച്ചു,

പശുവിന്റെ മൂക്കുകയര്‍ നോക്കി കോഴി
എന്നും നെടുവീര്‍പ്പെട്ടു

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

നിന്റെ ഓര്‍മ്മകള്‍ മെടഞ്ഞ
കയറിലാണ് ഞാന്‍ അമറുന്നതെന്നു പശു

നിന്റെ അമറലുകള്‍ ചിക്കി പരതുന്നതിലാണ്
ഞാന്‍ കൊക്കുന്നതെന്ന് കോഴി

നല്ല രസം !!!!!

"പശുവും കോഴിയും
ഇഷ്ടത്തിലായിരുന്നു"

ഒരിക്കല്‍ ഇറച്ചിവെട്ടുകാരന്‍
മാപ്പിളയുടെ വാക്കത്തി തുമ്പില്‍
കോഴിയെ അയവെട്ടിയ നാവു തുറിച്ചു വന്നു

അമ്മയുടെ പിച്ചാത്തിപിടിയില്‍
മൂക്കുകയര്‍ കണ്ടു വീര്‍പെട്ട തൊണ്ടയില്‍ ചോപ്പ് പിടഞ്ഞു

ഒട്ടും ശുഭകരമല്ലാത്ത അവസാനം

ഇപ്പോള്‍ ചില സ്വപ്നങ്ങളില്‍
സ്വപ്നങ്ങളില്‍ മാത്രം.....

കോഴി കൊക്കരക്കോയെന്നു പ ച്ചയിറച്ചി അയവെട്ടുന്നു

പശു ബേ ബേ ബേയെന്നു പപ്പും പൂടയും ചിക്കി പരതുന്നു ...

''പശുവും കോഴിയും
ഒടുക്കത്തെയൊരിഷ്ടത്തിലായിരുന്നു"