രഹസ്യക്കാരാ...
നീയാണോ വാതിലില്‍ മുട്ടിയത് ?
നേരത്തെയൊന്നു
പറഞ്ഞെങ്കില്‍
ഇരട്ട പൂട്ടിട്ട്
കെട്ടിപൂട്ടി
ബോധത്തെ കെടുത്താതെ
ഞാനൊന്നു നിവര്‍ന്നു നിന്നേനെ,
ഇതിപ്പോ ദാ വീണു പോയല്ലോ!!
എന്നാല്‍ പിന്നെയൊന്നു
ചുറ്റി വന്നാലോ ?
വേഗമെന്നെ
കോരിയെടുത്തോളൂ,
വെള്ളകുതിരയൊന്നും വേണ്ടന്നേ,
നമുക്കാ കാളവണ്ടിയില്‍ പോകാം
കട കട സംഗീതത്തില്‍ ..
അതങ്ങനെ കുടുകുടാന്നു
പോകുമ്പോള്‍
എനിക്കൊന്നു ഞെട്ടാന്‍
അറിയാത്ത പോലെന്‍റെ
കയ്യിലൊന്നു നുള്ളണെ,
പിന്നെ
വിരല്‍ തുമ്പത്തോരു
മുത്തം.
വിരല്‍തുമ്പില്‍ നട്ടത്
പറിച്ചെടുത്തു ഞാന്‍
മുടി തുമ്പില്‍ സൂക്ഷിക്കും..
മുടി മുഴുവന്‍ വിരലുമ്മകള്‍
പെറ്റു പെരുകട്ടെന്നെ..
ഉമ്മ നട്ടിടത്തു കണ്ണ് നാട്ടാതെ
എന്തേലുമൊക്കെ പറയെന്നെ
വട്ടന്‍ തമാശകള്‍ കേട്ട്
ഞാനൊന്നു
ആര്‍ത്തുചിരിയ്ക്കട്ടെ,
ആ ചിരിയരികില്‍ നിന്ന്
ഒരു കഷ്ണം കീശയിലിട്ടോളൂ
കണ്ണീരു പെരുകുന്ന
കാലം വന്നാല്‍
പലിശയടക്കാമല്ലോ
എന്താ വിശക്കുന്നെന്നോ?
ഇലയിട്ടു "വട്ട്"
കൊത്തിയരിഞ്ഞിട്ട
സ്വപ്നങ്ങള്‍ വിളമ്പട്ടെ ?
കണ്ണുമടച്ചു
കെട്ടിപിടിച്ചിരുന്നു
നമ്മുക്കതെല്ലാം
വടിച്ചു നക്കാമെടാ ...
വൈകുന്നേരം മാത്രം
വഴിയരികില്‍ ഒന്നിറങ്ങാം
ഒളിക്കാന്‍ വെമ്പുന്ന
സൂര്യനെ നോക്കി
വെറുതെ വിതുമ്പാന്‍,
ഇരുട്ടും മുന്നേ എന്നെയാ
ഉമ്മറപടിയില്‍ കൊണ്ടേ
കിടത്തുന്നതൊക്കെ കൊള്ളാം,
കെട്ടു പോയ എന്റെ ബുദ്ധിയെ
ഒന്ന് ചുംബിച്ചു പോലും ഉണര്‍ത്തല്ലേ
"ഞാനീ ബോധാമില്ലായ്മയില്‍
പെട്ടങ്ങു പട്ടു പോവട്ടെ"
നെല്ല്