Sunday, November 28, 2010

എന്റെ നന്ദിത..






കലാകൌമുദി ബിഗ്‌ ന്യൂസിനു ഹൃദയം നിറഞ്ഞ നന്ദി



Thursday, November 11, 2010

മുസ്ക്കാന്‍



മുസ്ക്കാന്‍ ,

വേലിക്കലെ
ചേലതുമ്പില്‍ ശേലില്‍
തുളുമ്പേണ്ട
കുഞ്ഞു കുസൃതി,

പരുക്കനൊരു
ചെറുവിരലില്‍ കോര്‍ത്ത്‌
ചിണങ്ങേണ്ട
പിണക്കത്തിന്‍ അഴക്,

വിരിഞ്ഞ കളിമുറ്റത്തു
മണ്ണപ്പം ചുട്ടു
വിളബേണ്ട
കുരുന്നുതോഴി,

നിറഞ്ഞ പുസ്തകകെട്ടു-
കളില്‍ പൂത്തുലയേണ്ട
പനിനീര്‍ പൂവ്‌ ,

മുസ്ക്കാന്‍ ഇന്ന് നീ..

കാമത്തിന്‍ ചെളി നിറഞ്ഞ
കറുത്ത ഓടയിലെ
കുഞ്ഞുപൂമ്പാററ,

വെറുപ്പിന്‍തരിപ്പില്‍
കൌതുകം
കെട്ട പിഞ്ചുകണ്ണ്,

കാടത്തത്തിന്‍ അറക്കും
ഉമിനീര്‍ പുരണ്ട
നീലച്ച കവിളിണ,

മാപ്പില്ല കൊടുമയുടെ
കൊഴുത്ത രേതസ്സ് പടര്‍ന്ന
നഗ്നമേനി,

മുസ്ക്കാന്‍....
നീയിന്നു പേരില്‍ പോലും
ചിരി കെട്ടു പോയ
വിലയില്ലാത്ത
എന്‍റെ പേറ്റുനോവ്..

(ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മുസ്ക്കാന്‍ എന്ന പത്തു വയസ്സുകാരിക്ക് വേണ്ടി)

Monday, November 8, 2010

അകന്ന വിരലുള്ളവന്‍





ഒരുവരി ചൊല്ലി
ഇരുവരി ചൊല്ലി
നീട്ടി, കുറുക്കി
താളത്തില്‍ തുള്ളി
ഞാനുമവനും
അമ്മയുടെ മടി-
മേലിരുന്നു കവിത
ചൊല്ലുകയായിരുന്നു.

ഇടയിലെപ്പോഴോ
വരികള്‍ക്കിടയില്‍
വിടര്‍ന്ന വെളുത്ത
പൂക്കള്‍ തേടിയവന്‍
ഊര്‍ന്നിറങ്ങി,

ചെവിയില്‍ തുളുമ്പിയ
താളം ബാക്കിയാക്കി
എന്‍റെ വിരലുകള്‍ക്കിടയില്‍
വലിയൊരു വിടവ്
തീര്‍ത്തവന്‍ തിരിഞ്ഞോടി,

കുഞ്ഞു ശവപ്പെട്ടിയില്‍
കെട്ടിപിടിച്ചമ്മ
തേങ്ങുബോഴും
പൊടിയാതെ
കിടന്നിരുന്നു,മുറ്റത്ത്‌
ചെറു ചിരട്ടകളില്‍
ചെറുങ്ങനെ ചിരിച്ച്
ഞങ്ങളുടെ
കവിതകുഞ്ഞുങ്ങള്‍.

കിനാക്കളുടെ
കാണാക്കയങ്ങളില്‍
വീണീല്ലാതാവുബോള്‍
ഇപ്പോഴും അമ്മ
കാണാറുണ്ടത്രേ....

സ്വര്‍ഗ്ഗത്തിന്റെ മഞ്ഞു
മൂടിയ താഴ്വരയില്‍
അകന്ന വിരലുകളുമായി,
ഒറ്റയ്ക്കിരുന്നവന്‍
കവിത ചൊല്ലുന്നത്..