Wednesday, December 29, 2010

വേണ്ട കാക്കേ.....




കണ്ണ് പിടയ്ക്കുന്നുണ്ട്,
തിരയുന്നുണ്ടാകണം,
കടല്‍ പരപ്പുള്ള രണ്ടുകണ്ണുകള്‍.
ഇമ ചിമ്മുബോള്‍
തിര തല്ലാതിരിക്കില്ല
ഉപ്പുരസമൂറും നീര്‍മണികള്‍.

മൂക്ക് ചൊറിയുന്നുണ്ട്,
ഓര്‍ക്കുന്നുണ്ടാകണം,
പറഞ്ഞിട്ടും തീരാഞ്ഞ,
അറിഞ്ഞിട്ടും പോരാഞ്ഞ
മനസ്സിന്റെ തിളക്കം.
തേങ്ങാതിരിക്കില്ല,
ഹൃദയത്തില്‍ പറ്റിച്ചേര്‍ന്ന
തീരാത്ത ഓര്‍മ്മകള്‍.

കാക്ക വിരുന്നു വിളിയ്ക്കുന്നുട്,

വേണ്ട കാക്കേ.....

പേരറിയാത്ത നാട്ടില്‍ നിന്ന്
നേരുള്ള മുഖവും
നെറിവുള്ള മനസ്സുമായി
അവന്‍ വിരുന്നുണ്ണാന്‍ വരുമെന്ന്
കരുതാന്‍ ഞാന്‍
പണ്ടേ പോലെ മണ്ടിയല്ല.....

(കാക്ക വിരുന്നു വിളിച്ചപ്പോള്‍ തോന്നിയത്) [:)]

Thursday, December 16, 2010

ചിത്രത്തില്‍ കണ്ട കവിത











അമ്മമ്മയ്ക്ക്,
മുറുക്കാന്‍ ചെപ്പിലേക്ക്
ചിതറി വീഴുന്ന വെറുമൊരു
വെറ്റിലകള്ളിയാണ്
മഴ.

അമ്മയ്ക്ക്,
കള്ളകാമുകിയെ പോല്‍
അമ്മാവന്റെ കുപ്പായം
ചുംബിച്ചു നനക്കുന്ന അശ്രീകരം.

അനുജന്,
കടലാസ്സുതോണി ഉണ്ടാക്കി
കളിയ്ക്കാന്‍ ഇടയ്ക്കിടെ
വിരുന്നു വരുന്ന ഇഷ്ടത്തോഴി.

നിനക്ക്,
നമ്മുടെ ഹൃദയങ്ങള്‍
കെട്ടുപിണഞ്ഞപ്പോള്‍ പൊഴിഞ്ഞു
വീണ നിറമാര്‍ന്ന കവിത.

എനിക്കോ?
ജീവിതത്തോട് പിണങ്ങി അച്ഛന്‍
ശവപറമ്പിലേക്ക് യാത്രപോയന്നു,
ആകെ കുതിര്‍ത്തിയച്ഛന്റെ
ഉറക്കം കളയാന്‍ അട്ടഹസിച്ചെത്തിയ
ദുസ്പനം മാത്രമാണീ പെരുമഴ..

(ചിത്രം : മനു കൊല്ലം )

Sunday, December 5, 2010

ചുഴി




കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍..

Saturday, December 4, 2010

കളര്‍ മിട്ടായി


പള്ളിമുറ്റത്തെ കെട്ടുകടകളില്‍
പല വര്‍ണ്ണങ്ങളില്‍ നിരന്നിരിപ്പുണ്ട്
നാവിലലിയുന്ന ഓര്‍മ്മകളുമായി
കളര്‍ മിട്ടായികള്‍.

വില്‍ക്കുന്നവന്റെ കണ്ണുകളില്‍,
മാടി വിളിക്കുന്ന കൈയ്യില്‍,
പൊടിയുന്ന വിയര്‍പ്പില്‍ ,
പോലും നിറമുള്ള മധുരം.

പഴയ കടലാസ്സില്‍ പൊതിഞ്ഞു
തന്നിരുന്ന കൌതുകത്തിന് നിറം,
ചുവപ്പ്,
പച്ച,
മഞ്ഞ,
വെള്ള.

എത്ര മുഖം തിരിച്ചാലുമെനിക്ക് കാണാം,
ചുണ്ടിലും നാവിലും ചോപ്പ് നിറവുമായി,
നനവുള്ള പൊതി മാറോടടക്കുന്ന,
എന്റെ മുഖച്ചായയുള്ള ഒരു പെണ്‍കുട്ടിയെ.......