പുലര്‍ച്ചെ അവള്‍ക്കൊപ്പം
തിളച്ചു തൂവാന്‍
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
അരിതിളയ്പ്പിലേക്ക്
ട്രപ്പീസാടുബോള്‍
കള്ളിയവള്‍
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,
അരകല്ലിനോപ്പം
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ
വിയര്‍പ്പിനെന്ന്‍?
കഴുകലും തേമ്പലും
തൂക്കലും തുടയ്കക്കലും
അടുക്കലും പെറുക്കലും
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന
വേര്‍പ്പ്മണിയോട്
കൊഞ്ചി ചോദിക്കും,
കുളിച്ചു കേറി
ഈറന്‍ മാറി
കറുത്ത കുട ചൂടി
കടവിലേക്കൊടുമ്പോള്‍
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും വിയര്‍ക്കുന്നവരെ"
വെയിലിനു വിട്ടു കൊടുത്തു
അവള്‍ ....