Monday, January 27, 2014

ശത്രു



നീയൊരു ഉറുമ്പാണ്‌
വിരല്‍ത്തുമ്പിലെ ഒറ്റ കടിയില്‍ എന്നെ ഞെട്ടിക്കുന്ന ഒന്ന്,
നീയൊരു പരുന്തിനെപ്പോല്‍
എന്‍റെ അടക്കിപ്പിടിക്കലുകളെ റാഞ്ചാന്‍ തക്കം പാര്‍ക്കുന്നു,
ചിലപ്പോഴൊക്കെ നീ സിംഹമാകും,
എന്നെയാകെ പിച്ചിച്ചീന്തി ഇരയാക്കുന്ന ഒന്ന്,
വാക്കുകള്‍ കൊണ്ടെന്നെ വെട്ടി വീഴ്ത്തുന്ന എന്‍റെ എതിരാളി,
പരിചകള്‍ കൊണ്ടെന്റെ കുത്തുന്ന നോട്ടങ്ങള്‍ തടുക്കുന്ന എന്‍റെ ശത്രു,
ദൈവം സൃഷ്ടിച്ച സകല മൃഗങ്ങളും നിന്നില്‍ നിന്നുയര്‍ക്കുന്ന പോല്‍
ഞാന്‍ നിന്നെ വെറുപ്പില്‍ നോക്കുന്ന ചില നേരങ്ങള്‍..

എങ്കിലും...

ഒരൊറ്റ ഉമ്മയില്‍ എങ്ങനെയാണ്
നീയെന്റെ ചുണ്ടുകളില്‍ നിന്ന് ഇത്രയധികം കൊക്കൂണുകളെ ഉണ്ടാക്കുന്നത്?
അത് ചിറകു വിരിച്ചു പറന്നു പൊങ്ങുമ്പോള്‍
എന്‍റെ ശത്രു...
എന്‍റെ പോരാളീ...
നിന്നെ ഞാനെന്റെ പൂമ്പാറ്റച്ചിറകുകള്‍ കൊണ്ട് വെട്ടി വീഴ്ത്തിയല്ലോ!!!



4 comments:

  1. കവിതകളുടെ ഇ-പുസ്തകത്തില്‍ വായിച്ചിരുന്നു

    ReplyDelete
  2. നല്ല വരികള്‍ .., ആശംസകള്‍ ....

    ReplyDelete
  3. മുമ്പൊരിക്കല്‍ വായിച്ചിരുന്നു.മനോഹരം..

    ReplyDelete
  4. ശത്രുവിനെ തിരിച്ചറിയാന്‍ പഠിച്ചാല്‍ പൂമ്പാറ്റചിറകുകള്‍ തന്നെ ധാരാളം.

    ReplyDelete