Thursday, December 19, 2013

ഇന്നലെയും ഇന്നും

ഇന്നലെ,
നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ടുവന്നു,
അതും കൊറിച്ച് ഞാന്‍ നിനക്കുള്ള അത്താഴമുണ്ടാക്കി,
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതലപറഞ്ഞു,
കര്‍ണ്ണശല്യമെന്ന് നീ കേള്‍ക്കെ പിറുപിറുത്തു,
ചീറ്റ പുലികളായി ആഴത്തിലും വലുപ്പത്തിലും മുറിവുകളുണ്ടാക്കി,
എന്റേതാണ്,

നിന്റേതാണ്,
വലിയ മുറിവെന്ന് ഉറക്കെയമറി,
മത്സരിച്ചു മടുത്തപ്പോള്‍ ഒന്നിച്ച് അത്താഴം കഴിച്ചു,
ഉറങ്ങാന്‍ കിടന്നപ്പോള്‍ നീയെന്റെ മുറിവില്‍ ഉമിനീരുപുരട്ടി,
ഞാന്‍ നിന്റെ മുറിവില്‍ വിയര്‍പ്പുതടവി,
കമ്പിളിയ്ക്കുള്ളില്‍ പുലിചീറ്റലുകള്‍ അമര്‍ത്തിയ മുരള്‍ച്ചകള്‍ മാത്രമായി...

നമ്മള്‍ ഉറങ്ങി.

ഇന്ന്,
ഇന്നലെ കൊണ്ടുവന്ന കപ്പലണ്ടിയുടെ തോലുകള്‍
കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാനൊറ്റയ്ക്ക് കിടന്നു,
അത്താഴം ഉണ്ടാക്കിയതേയില്ല.
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതല പറയാനെന്റെ നാവ് തരിച്ചുനിന്നു,
എന്റെ ചീറലുകള്‍ തേങ്ങലുകളെപ്പോല്‍ നനുത്ത് നിന്നു,
മുറിവുകളില്‍ നി പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന്
ഞാന്‍ കുരിശ്ശ് വരച്ചു.

ഞാന്‍ കരഞ്ഞു,
കരഞ്ഞു,
പിന്നെയും കരഞ്ഞു.

പള്ളിപ്പറമ്പില്‍ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓര്‍മ്മയില്‍
നമ്മള്‍ ഒന്നിച്ചു പുതച്ചിരുന്ന കമ്പിളി ഞാന്‍ കാല് നീട്ടി തട്ടിയെറിഞ്ഞു.



നെല്ല് ഡോട്ട് നെറ്റിൽ വന്നത്

43 comments:

  1. കവിതകള്‍ വായിച്ച് സങ്കടപ്പെടാറില്ല
    പക്ഷെ ഇത്......!!
    ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു

    ഫേസ് ബുക്കിലെ കൂട്ടുകാരെയൊക്കെയൊന്ന് കാണിക്കട്ടെ!

    ReplyDelete
    Replies
    1. oru novu baakiyaavunn ,nannayi ezhuthi

      Delete
    2. ഒരായിരം നന്ദി :)

      Delete
  2. ഇന്നലെയും ഇന്നുമായി മനോഹരമായ കഥപോലെ...
    ഇഷ്ടപ്പെട്ടു.

    ReplyDelete
  3. കവിത പതിയെ മനസ്സിലെക്കിറങ്ങിയ ജീവിതമായി

    ReplyDelete
  4. എത്രതന്നെ സ്വന്തമെന്നു മാറോട് ചേര്‍ത്താലും തട്ടിപ്പറിക്കുന്ന മരണങ്ങള്‍... ജീവിതം.

    ReplyDelete
  5. ഞാന്‍ സാധാരണ കവിത വായിക്കാറില്ല. മനസ്സിലാകാറില്ല എന്നത് തന്നെ കാരണം. ഇപ്പൊ അജിത്തേട്ടന്‍ ഫെയ്സ്ബുക്കില്‍ ഇട്ട ലിങ്ക് വഴിയാണ് വന്നത്.

    പക്ഷെ ഇത് ഇഷ്ടപ്പെട്ടു. ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍... തുടരുക...

    ReplyDelete
  6. കണ്ണില്‍ ഒരു നനവൂറി :( . ശരിയാണ് ചില നിസാര കാര്യങ്ങള്‍ പോലും നമ്മളില്‍ ചിലരുടെ ശക്തമായ ഓര്‍മ്മകള്‍ ഉണര്‍ത്തും!~

    ReplyDelete
  7. നന്നായി... നല്ല എഴുത്ത്..

    ReplyDelete
  8. ഹൃദയസ്പർശിയായി എഴുതി... ഭാവുകങ്ങള്....

    ഈ വഴി കാണിച്ച അജിത്തേട്ടനു നന്ദി....

    ReplyDelete
  9. അജിത്തേട്ടന്‍ ഇട്ട പോസ്റ്റ്‌ കണ്ടു വന്നതാണ്.. നിരാശപ്പെടുത്തിയില്ല. നല്ല എഴുത്ത്. രണ്ടാമതൊരാവര്‍ത്തി വായിച്ചപ്പോഴാണ് ഹൃദ്യമായി അനുഭവപ്പെട്ടത്. :)

    ReplyDelete
  10. മനസ്സു തൊട്ട വരികൾ. അഭിനന്ദങ്ങൾ

    ReplyDelete
  11. ഒരു നിമിഷം മതി നമ്മുടെ ലോകം കീഴ്മേല്‍ മറയാന്‍... വാക്കുകള്‍ അനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അതിനു തീക്ഷ്ണത കൂടുതലാണ്. മുകളിലെ വരികള്‍ 'കാണാന്‍' കഴിഞ്ഞതും ഒരു പക്ഷേ അതിനാലാവാം...
    ഇവിടെ എത്തിച്ചതിന് അജിത്തേട്ടന് പ്രത്യേകം നന്ദി!

    ReplyDelete
  12. കാറ്റു കൊണ്ടുപോയ കപ്പലണ്ടി തോലുകൾ ........
    മനസ്സിൽ നിന്ന് മായാൻ മടിക്കുന്നു ഓരോ വരിയും..

    ReplyDelete
  13. ഡസപ് ആക്കികളഞ്ഞു കുട്ട്യേ !!!! നല്ല കവിത. ജീവിതത്തിന്റെ രണ്ടു മുഖങ്ങൾ എനിക്ക് കാണാം.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. വിട ചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ്‌..


    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




    ശുഭാശം സകൾ....

    ReplyDelete
  16. അജിത്‌ സാര്‍ നല്‍കിയ ലിങ്ക് വഴിയാണ് ഇവിടെയെത്തിയത് ..കവിത ഇഷ്ടപ്പെട്ടു ...കവിതയിലെ എല്ലാ പോരായ്മകളും അവസാന രണ്ടു വരികള്‍ കൊണ്ട് പരിഹരിച്ചു എന്ന് തോന്നി ...

    ReplyDelete
  17. എല്ലാവര്‍ക്കും ഒരുപാട് നന്ദി.. അജിത്‌ ചേട്ടന് സ്നേഹം.

    ReplyDelete