Tuesday, October 28, 2014

“ഏതു ദേശവും എനിക്കു ജന്മദേശമാണ്‌"


“ഏതു ദേശവും
എനിക്കു ജന്മദേശമാണ്‌,
ഒരെഴുത്തുമേശയും
ഒരു ജനാലയും
ആ ജനാലയ്ക്കൽ
ഒരു മരവുമുണ്ടെങ്കിൽ”

"മരീന സ്വെറ്റായേവ" * യുടെ 
വരികളില്‍
നോക്കി,
നോക്കി,
ഞാനെന്റെ
മേശയരികില്‍
പോയിരിക്കുന്നു,

മരമെന്ന് സങ്കല്‍പ്പിച്ചു
ജനാലയിലൂടെ
വേറെന്തോ 
നോക്കിയിരിക്കുന്നു ,

വീണ്ടും മരീനയുടെ
വരികളിലേക്ക്
നോക്കി 
നോക്കി
കണ്ണീരിറ്റിക്കുന്നു,

അപ്പോളരികിലൂടെ ഒഴുകി വരുന്നു കടല്‍ !

കടലിലേക്ക് പെയ്യുന്നു മഴ !

മഴമുകളില്‍ നീല ഫ്രോക്കിട്ട ആകാശം!

ആര്‍ത്തിയോടെ ഞാന്‍
കടലും
മഴയും
ആകാശവും 
മറീനയുടെ വരികളില്‍
പൊതിഞ്ഞു കെട്ടുന്നു 

എന്റെ ദേശം 
നിന്‍റെ ദേശമെന്ന്
കടലാസിലേക്ക് ചൊരിയുന്നു
രണ്ടു വെള്ളാരം കണ്ണുകള്‍ 
കൂടെ കൂടുന്നു 

അപ്പോള്‍ അരികിലോടിവരുന്നു 
നിന്റെ വരികള്‍ 
നിന്റെ വരികള്‍ 


എ(നി)ന്‍റെ മേശയേ
എ(നി)ന്‍റെ ജാനാലവലകളെ 
എ(നി)ന്‍റെ മരമേ 
എ(നി)ന്‍റെ  കടലാസേ
എ(നി)ന്‍റെ വെള്ളാരം കണ്ണുകളെ....

നീ എഴുതുന്നു 
നീ എഴുതുന്നു 


*Russian poet

Thursday, October 16, 2014

കയ്പ്പ്

നിന്‍റെ മനസമ്മതത്തിന്
വിളമ്പിയ
നാരങ്ങാഅച്ചാറിനു
തീരെ കയ്യ്പ്പായിരുന്നു, 

ഒരു അച്ചാറ് പോലും
മര്യാദയ്ക്ക്
പറഞ്ഞുണ്ടാക്കിക്കാന്‍ 
അറിയാത്തവന്‍
എങ്ങനെ
കല്യാണം കഴിക്കുമെന്നോര്‍ത്തു
അന്ന് ഞാന്‍ ഉറങ്ങിയില്ല, 

പിന്നീടുള്ള 
ഓരോ ദിവസങ്ങളിലും
നിന്‍റെ കുട്ടിത്തം,
ഉത്തരവാദിത്തമില്ലായ്മ,
മറവി ,
മടി,
കുന്തം,
കുടചക്രം അങ്ങനെ 
തെറ്റുകളുടെ
പൊട്ടും പൊടിയും
ചെകഞ്ഞിട്ട് ഞാന്‍  ഉറക്കം കളഞ്ഞു,

കരയുന്ന കുഞ്ഞിന്റെ
വായിലേക്ക്
മുല തിരുകി വെച്ചു,
തിരിഞ്ഞു കിടന്നുറങ്ങുന്നവനെ,
നോക്കി വീര്‍പ്പിട്ടു 
രാത്രികള്‍ ഞാന്‍ പകലാക്കി,  

ആ സമയമെല്ലാം നീയവളെ വിളിച്ച് 
പുന്നാരം പറഞ്ഞു, 
എന്നെ വിളിച്ചിരുന്ന ചെല്ലപേരുകളെല്ലാം
ആ മൂശേട്ട കട്ടോണ്ട് പോയി,
പകല്‍ മുഴുവന്‍ 
ഞാന്‍ തരിവറ്റിറങ്ങാതെ
വറ്റി വരണ്ടപ്പോള്‍ 
നീയും അവളും 
നക്ഷത്രംകൊറിച്ച് നടന്നു, 

അതൊക്കെ പോട്ടെ 

നിന്റെ മനസമ്മതത്തിന്റെ അച്ചാര്‍
 എങ്കിലും,
"എന്റെ ചെക്കാ" 
ഇത്ര കയ്ച്ച് പോയല്ലോ?