Wednesday, September 24, 2014

വിശുദ്ധം

ക്രിസ്മസ് മാത്രം
പൂക്കുന്ന രാജ്യത്തെ
പറ്റി കേട്ടിട്ടുണ്ടോ?
എല്ലാ പുരുഷന്മാരും
സാന്താക്ലോസുകളാകുമവിടെ,
സ്ത്രീകള്‍ അവര്‍ക്കുള്ള സമ്മാനങ്ങളും,
അവിടെ സൈപ്രെസ്സ് മരങ്ങളുടെ ,
കീഴെ പൊഴിഞ്ഞു കിടക്കുന്ന 
നക്ഷത്രങ്ങള്‍ക്കു മീതെ 
നമ്മുക്ക് ഇണ ചേരണം,
അന്നേയ്ക്ക്,
ഒന്‍പതാം മാസം 
ഒന്‍പതാം ദിവസം
നീയെന്നെ 
കഴുതപ്പുറത്തേറ്റണം, 
ഏതെങ്കിലും
പുല്‍കൂടില്‍ 
എനിക്കു പ്രസവിക്കണം, 
നമ്മുക്കുണ്ടാകുന്ന
മകനെ നീ
"ഇമ്മാനുവേല്‍" 
എന്നു പേര് വിളിക്കണം,
ഇനി മുതല്‍
അതിനര്‍ത്ഥം എല്ലാ 
നിഘണ്ടുവിലും 
"വിശുദ്ധമായ പ്രണയത്തിന്റെ പുത്രന്‍'' 
എന്നാവട്ടെ

Friday, July 11, 2014

എന്തൊരു നീ?

''എന്റെ  വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ ''

ഞാന്‍ എവിടെയിരുന്നാലും 
നിന്നാലും 
കിടന്നാലും 
എഴുതിയാലും 
കേറി വരും നീ.

തൂത്തെടുത്ത് കളഞ്ഞാലും 
മുറ്റത്തും,
മരത്തിലും,
മതിലിലും
നീ.

നിന്നെ തട്ടി വീണെത്ര
പൊട്ടി ഞാന്‍, 

നിന്നെ മുട്ടി മറിഞ്ഞെത്ര
മുറിഞ്ഞു ഞാന്‍ ,

എത്ര പൊട്ടിയാലും, 
മുറിഞ്ഞാലും,
നീന്നെ വിരിച്ചെ 
എനിക്കു നടക്കാനാകൂ 
എന്നറിയാവുന്ന പോലെ 

"എന്റെ  വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ "

 നീ എന്തൊരു നീയാണ്?

Sunday, July 6, 2014

സൈക്കിള്‍

അപ്പനൊരു സൈക്കിള്‍ ഉണ്ടായിരുന്നു 
എന്നും എണ്ണയിട്ടു മയക്കി,
തൂത്തു തുടച്ചു,
മിനുമിനാന്നു 
മിനുക്കി വെച്ചിരുന്നു, 

എന്നുമപ്പന്‍ സൈക്കിളും ചവിട്ടി
പണിക്കു പോകുമ്പോള്‍,
സൈക്കിള്‍ ചിറകുള്ള-
ഒരു കുതിരയാണെന്ന്, 
അപ്പനൊരു പുണ്യാളനാണെന്ന് ,
ഞങ്ങളൊക്കെ രാജാക്കന്മാരാണെന്ന് ,
വെറുതെ
വെറുതെ 
കുളിര് കൊണ്ടിരുന്നു.

എന്നും ,
പരിപ്പ് കറി മണവും,
ഉപ്പുമാങ്ങ കനപ്പും,
കുത്തരി ചോറിന്റെ ആവിപ്പും
ഉയര്‍ന്നിരുന്ന കുരിശുവരനേരങ്ങള്‍
കഴിഞ്ഞു കിട്ടാന്‍ ഞങ്ങള്‍ക്കൊരു
കാത്തിരിപ്പുണ്ട്,

ആ നേരങ്ങളിലാണ്,
കള്ളനെ ഓടിച്ചതും ,
അഞ്ചു കണ്ണനെ
രണ്ടു കണ്ണുരുട്ടി പേടിപ്പിച്ചതും ,
കാല് നിലത്തുറയാക്കാത്ത
യക്ഷിയെ കണ്ടപ്പോള്‍
ചക്രം നിലത്തു തൊടാതെ പറന്നതുമായ
സൈക്കിള്‍ കഥകളും,
അപ്പനും, ഞങ്ങളും കൂടെ
ഉരുണ്ടു പിരളുക.

പിന്നെയൊരു  ദിവസം 
സൈക്കിള്‍ ആണോ പെണ്ണോ 
എന്നു സംശയപ്പെട്ടിരുന്ന
ഒരു നേരത്താണ്
അതിന്റെ വല്യസീറ്റ്
ഒരു ഉണ്ണി സീറ്റിനെ പെറ്റിട്ടത്,

തീര്‍ന്നൂ....

അതോടെ സൈക്കിള്‍ 
വളര്‍ന്ന്
വളര്‍ന്ന് 
വളര്‍ന്ന് 
മാനം മുട്ടുന്ന
രാക്ഷസസൈക്കിള്‍ ആയി,

ഉണ്ണി സീറ്റില്‍ ആദ്യമിരിക്കാന്‍ 
ഞങ്ങള്‍ തമ്മില്‍ പിച്ചും മാന്തുമായി,

പിച്ചിനും മാന്തിനുമിടെ
ഞങ്ങളും
വളര്‍ന്ന് 
വളര്‍ന്ന്
വളര്‍ന്ന് 
മാനം മുട്ടുന്ന ഞങ്ങളായി,

അപ്പനിതിനിടെ
പിണങ്ങി ഒരു പോക്ക് പോയി,
പരിപ്പ് കറി മണം ഇല്ലാതായി,
ഉപ്പുമാങ്ങ ഭരണി പൊട്ടീ പോയി,
സൈക്കിള്‍ തുരുമ്പിച്ച് മൂലയ്ക്ക് ഇരുപ്പുമായി, 

എന്നാലും ഞങ്ങളിപ്പോഴും
കുരിശു വരനേരങ്ങളും
കാത്തു സൈക്കിള്‍ കഥകള്‍ക്ക്  
കാതും കൂര്‍പ്പിച്ചിരിപ്പാണ്,

അപ്പോഴൊക്കെ ആകാശത്തൂന്നു
സൈക്കിള്‍ മണി കേള്‍ക്കാറുണ്ട്,

ഞങ്ങളെ  ഉണ്ണി സീറ്റില്‍ 
ഇരുത്തി കൊണ്ട് പോകാന്‍ 
ചിറകുള്ള കുതിരപ്പുറത്ത്  
ഒരു കൊട്ടകഥകളുമായി  
പുണ്യാളന്‍ വരുന്നതാണ്,

ഉറക്കത്തിലെന്നെ  പിച്ചല്ലേ ചെക്കാ ....
നമ്മടപ്പന്‍ സത്യമായും ഒരു പുണ്യാളനാണ് ..

Tuesday, July 1, 2014

ഒളിച്ചോട്ടം

നമ്മുക്കോടി പോകണം,
ഇരുട്ടില്ലാത്ത ഒരു രാത്രിയില്‍,
പകല്‍ പോലെ വെളുത്ത, 
ചന്ദ്രന്‍ സൂര്യനെ പോലെ 
കത്തുന്ന ഒരു രാത്രിയില്‍
നമ്മുക്കോടി പോകണം,


ഓരോ കിതപ്പിലും
ഊര്‍ത്തി വിടണം
മിടിപ്പുകള്‍,
അഴിച്ചുകളയണം 
ചിറകുകള്‍,
പറിച്ചേറിയണം
കാലുകള്‍,
കയ്യുകള്‍,
കണ്ണുകള്‍,
ചെവികള്‍,
ഹൃദയം,
കരള്‍,
തലച്ചോര്‍,
ലിംഗം,
യോനി,
മുലകള്‍,
തൊലിയടക്കം 
ഉരിഞ്ഞു പോകട്ടെ
നമ്മുടെ നിഴലുകള്‍ ,

എല്ലാം വലിച്ചെറിഞ്ഞു 
നമ്മുക്കോടി പോകണം,
കണ്ണീര്‍ ചുവയുള്ള
തെരുവുകളുള്ള 
ചുണ്ടുകള്‍ ചൂണ്ടുകളെ
അടക്കി ഭരിയ്ക്കുന്ന 
നിന്റെ രാജ്യത്തേക്ക്...

Thursday, June 26, 2014

തിരക്കൊഴിയുമ്പോള്‍

വല്ലപ്പോഴും വിളിച്ച് മിണ്ടുന്ന ഒരുത്തി ,
ആദ്യത്തെ റിങ്ങിനവസാനം 
കരുതി കേട്ടു കാണില്ലെന്ന്,
രണ്ടാമത്തേതില്‍,
തിരക്കിലാവുമെന്ന് ,
മൂന്നാമത്തേതില്‍ കണ്ടിട്ടും
കാണാതെ നടിച്ചതെന്ന്,



അക്കമിട്ടു നിരത്തിയ
പ്രരാബ്ധപട്ടികയില്‍ 
വീട്ടുജോലി ,
പുറം ജോലി ,
ഭര്‍ത്താവ് ,
കുട്ടികള്‍,
അലച്ചില്‍ ,

നീ തിരക്കിലെന്ന്
കോള്‍ സെന്‍റെറിലെ പെണ്ണ്
പറയുന്നതു ശരിതന്നെയാവണം .



എന്നെപ്പോലെ അവള്‍ക്കും
അറിയില്ലല്ലോ ,
തിരക്കെല്ലാം ഒഴിവാക്കി
മാസങ്ങള്‍ക്ക് മുന്നേ
നീ കടന്നു കളഞ്ഞെന്ന്.



നിന്റെ തീര്‍ന്ന് പോയ
തിരക്കിലേക്ക്
ഞാനെന്‍റെ
അവസാനത്തെ sms അയക്കുന്നു, 



മരിച്ചു പോയവളെ


''തിരക്കൊഴിയുമ്പോള്‍ ഒന്നെന്നെ വിളിക്കണേ"

Monday, February 24, 2014

വാടക ചീട്ട്

ചൂല് ചിത്രം വരച്ച മുറ്റം,
പുല്തൈലം തേച്ചു
വെളുപ്പിച്ച തറ,
കുഞ്ഞു കൈ ചിത്രം കോറിയ
ചുവരുകള്‍,
കൊതിമണം കാറ്റിന്
കൊടുത്ത അടുക്കള,


മുറ്റത്ത്‌ വിരുന്നു വന്ന
മുക്കുറ്റി,
കാക്ക,
കോഴി,
കുഞ്ഞു പൂച്ച,

എല്ലാറ്റിനെയും
സ്നേഹിച്ചങ്ങു വരുമ്പോള്‍
മതി എന്നോരൊറ്റ താക്കീതില്‍ 
പിടിച്ചു പുറത്താക്കി
വാതിലടച്ചു കളയും
ചില വീടുകള്‍ ..

Wednesday, February 12, 2014

ഇന്‍സ്റ്റലേഷന്‍


ഓര്‍ക്കുന്നോ ബിനാലെ!!!

കെട്ടു വള്ളം കണ്ടു വാ പൊളിച്ചത്,
ചാഞ്ഞും ചെരിഞ്ഞും
ഇതെന്തന്നു കണ്ണ് മിഴിച്ചത്,

വെള്ളത്തില്‍ ഒഴുകുന്ന 
മേഘസന്ദേശത്തിലേക്ക് 
എടുത്തു ചാടാന്‍ കൊതി പറഞ്ഞത്,

പര്‍ദ്ദയണിഞ്ഞ ഗാസ കണ്ടു
കര്‍ത്താവിനെ വിളിച്ചത് പോയത്,

കൂട്ടി വെച്ച നെല്‍മണികളില്‍
നിന്ന് വയലുകളിലേക്ക് ഓടിയത്,

തൂക്കിയിട്ട വയലിന്‍ കൂട്ടങ്ങളില്‍ 
പാട്ടുകള്‍ ഒഴുക്കിയത്,

ഇത്രയധികം മണങ്ങളില്‍
നിന്ന് നമ്മുടെ മണം തിരഞ്ഞത് ,

കൊച്ചു മുറിയില്‍ തട്ടിയും കൊട്ടിയും 
ഒച്ചകള്‍ ഉണ്ടാക്കിയത് ,

എത്രയെത്ര കണ്ടൂ നമ്മള്‍ 
ലോകകലയുടെ ഉത്സവകാഴ്ചകള്‍!!!

എങ്കിലും ,
നിന്റെ കണ്‍തിളക്കത്തില്‍ കണ്ട
എന്‍റെ പൊട്ടിച്ചിരികളും 
എന്‍റെ ഉള്ളം കൈയ്ക്കുള്ളില്‍ 
നീ തന്ന വിരലുമ്മകളും പോലെ 
പോലെ തീവ്രമായൊരു " ഇന്‍സ്റ്റലേഷന്‍"
കണ്ടു കാണുമോ ഏതെങ്കിലും നഗരം ?