Tuesday, November 29, 2016

പണ്ട് താമസിച്ച വീട്

പണ്ട് താമസിച്ച
വീട്ടിലിപ്പോള്‍ മുറികളെല്ലാം
സ്ഥാനം തെറ്റി കിടക്കുന്നു,

ഊണ് മുറിയില്‍
കട്ടിലിന്റെ
ഞെരക്കം കേള്‍ക്കുന്നു,
കിടപ്പ് മുറിയില്‍
വറുത്ത മീന്‍ മണം ഒഴുകുന്നു

കുളിമുറി കോണില്‍
വിറകൂത്തുകുഴലിന്റെ
പാട്ടൊഴുകുന്നു,
അത് കേട്ടു ഇരിപ്പുമുറി
കരിപ്പിടിച്ചുറങ്ങുന്നു,

കയറിയിറങ്ങിയ
മാവും, ചാമ്പയും, പേരയും
മണ്ണിനടിയില്‍ നിന്നെന്റെ
പേര് പറഞ്ഞു കരയുന്നു,

മുന്‍ഭാഗത്തെ പഞ്ചാരമരത്തിന്‍റെ
തുഞ്ചത്തിരുന്നു കൂട്ടുകാരി
പഴം പൊട്ടിച്ച് തിന്നുന്നു
കേറിവായെന്ന് കൈ കാണിക്കുന്നു,

മതിലിനപ്പുറം
ചൂളമടികള്‍ പെരുകുന്നു,
അമ്മ നട്ട ബോഗണ്‍ വില്ല
ആകാശത്തേക്ക്
കണ്ണുയര്‍ത്തി നില്ക്കുന്നു,
ക്രിസ്മസിന്
അപ്പനുണ്ടാക്കിയ പുല്‍ക്കൂട്
പ്പെടുന്നനെ മുന്നില്‍ ഉയര്‍ന്നു വരുന്നു ,

അവിടെയുയര്‍ന്ന കെട്ടിടത്തിന്റെ
മുകളില്‍ എന്നെയും തോളിലെന്തി
എന്റെ വീട് തൊണ്ട പൊട്ടി കൂവുന്നു,

പണ്ട് താമസിച്ച വീട്ടിലിപ്പോള്‍
എനിക്കൊപ്പം മുറികളും
സ്ഥാനം തെറ്റി കിടക്കുന്നു .

Tuesday, March 10, 2015

മരിക്കാത്ത ചിലത്

പതിവ് നടത്തങ്ങളില്‍ കലിങ്കരികില്‍ നിന്ന് കൂക്കി വിളികളുയരാറുണ്ട്,
കണ്ണിറുക്കങ്ങളില്‍ സ്വയം ഉരുകാറുണ്ട്‌,
ഇവനൊന്നും അമ്മയും പെങ്ങളും ഇല്ലെയെന്നു പല്ലിരുമാറുണ്ട്,
അതിലൊരുവന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍
ഉള്ളിലൊരു ചിരിയാണ് പതഞ്ഞു പൊങ്ങിയത്.
അന്നത്തെ ഉച്ചയ്ക്കാകെ തിളപ്പായിരുന്നു,
വിളര്‍ത്ത വെയില്‍ പെയ്ത വെളുത്ത ദിവസം ,
വലിച്ചു കെട്ടിയ പന്തല്‍ പഴുത്തു ചുവന്നു
വീടിനരികിലെ കറുത്ത കൊടി കാറ്റത്ത് വിറച്ചു തുള്ളി,
അവന് ചുറ്റും നിരത്തി വെച്ച പൂക്കള്‍ വാടി തുടങ്ങി,
അമ്മയരികെ തളര്‍ന്നിരുന്നു,
ഒരു പറ്റം കൂട്ടുകാര്‍ ചുറ്റും നടുക്കമായി, 

ഒരു മഴയ്ക്കും അണയ്ക്കാനാവാത്ത തീയുമായൊരുത്തി മാറി നിന്നു,
അവള്‍ക്കരികിലേക്ക് വന്നു നിന്ന ആംബുലന്‍സില്‍
വെളുത്ത കോട്ടില്‍ രണ്ടു പേര്‍ .....
കണ്ണുകളെടുക്കാന്‍ വന്നവരാണെന്നാരോ പറഞ്ഞു,
മുറിയില്‍ അവനെ മാത്രം ബാക്കിയാക്കി വാതിലുകള്‍ അടഞ്ഞു,
പത്തു നിമിഷത്തില്‍ വണ്ടി പാഞ്ഞു പോയി,
അവര്‍ അവശേഷിപ്പിച്ച പൂക്കൂട
അവന്റെ കണ്ണുകള്‍ മരിക്കില്ലെന്ന് പറഞ്ഞു തുടങ്ങി,
അടക്ക് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍,
എന്റെ വീട്ടിലെ
ജനലഴികളില്‍,
കട്ടില്‍ കാലുകളില്‍,
അഴകയറുകളില്‍,
കണ്ണാടിയില്‍,
അലമാര മുകളില്‍,
തീന്‍മേശയില്‍,
കട്ടിള പടികളില്‍ ,
ഉത്തരത്തില്‍,
നിറഞ്ഞൊഴുകുന്ന
പറന്നു പൊങ്ങുന്ന
"കണ്ണിറുക്കങ്ങള്‍"
"ആ നിമിഷം ആരോടും തോന്നാത്തത്രയും ഇഷ്ടത്തോടെ
ഞാനവനെയോര്‍ത്ത് കരഞ്ഞു തുടങ്ങി "

Saturday, February 14, 2015

ഒരു കാര്യവുമില്ലാതെ

ഒരുത്തനെ മനപൂര്‍വം
വിളിച്ച് കയറ്റിയതാണ്,

ഒരു കാര്യവുമില്ലാതെ..

ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത 
ഒരു നട്ടുച്ചയ്ക്ക്
പൂച്ച്യ്ക്ക്മുന്നില്‍ 
മീന്‍തലയെന്ന പോലെ
വന്നു പെട്ടതാണ്,

ചാടി പിടിച്ചു
കവിതയിലേക്ക് 
കുടഞ്ഞിടുകയായിരുന്നു!!

ഒരു കാര്യവുമില്ലാതെ...

അയാളുടെ കണ്ണില്‍ നിന്നാണ് 
സൂര്യന്‍ അസ്തമിക്കാനായി 
ഇറങ്ങി പോകേണ്ടതെന്ന്
എത്ര ഭാരിച്ചാണ് ഭാവനിച്ചത്!!

അയാളുടെ ചിന്തകള്‍ ചാടുവാന്‍ 
സാധ്യതയുള്ള വരമ്പുകളില്‍ 
ചൂണ്ട കൊളുത്തുമായി 
എത്ര നേരം കാത്തു കെട്ടി കിടന്നു ,

ഒരു കാര്യവുമില്ലാതെ ...

ഇയാളിനി എപ്പോള്‍ ശ്വസിക്കും 
ഇയാളിനി എപ്പോള്‍ ഉച്ഛ്വസിക്കും
ഇയാളിനി എപ്പോള്‍ ???

ഒരു കാര്യവുമില്ലെന്നുള്ള കാര്യം 
സത്യത്തില്‍ വെറുതെയാണ്,

എനിക്ക് അടുത്ത വരിയിലേക്ക് 
ഇയാളുടെ ഏതറ്റം കടത്താം 
എന്നുള്ള പങ്കപ്പാടാണ്,

ഇനിയെന്നാല്‍ ഞാനയാളെ 
പ്രേമിക്കുന്നെന്ന് സങ്കല്‍പ്പിക്കാം, 
ഞങ്ങള്‍ വിരലറ്റം കോര്‍ത്തപ്പോഴാകണം,
ഈ കണ്ട കാറും കോളും
ഇടിയും മിന്നലും 
ഉണ്ടായതെന്ന് സങ്കല്‍പ്പിച്ചാല്‍ 
വരിയായ വരിയൊക്കെ 
നേരെ നിരന്നു വരും,

ഇല്ലെങ്കിലൊരു കൊലപാതകിയെന്ന് ഭയക്കാം, 
പാതിരിയെന്നു കുമ്പിടാം,
അല്ലെങ്കില്‍ കള്ളന്‍
ചാവേര്‍,
ചിലപ്പോള്‍ വെറും തെണ്ടി,
എന്തുമായിക്കോട്ടെ,

എനിക്കയാളെ കൊണ്ട് കാര്യമുണ്ട് വായനക്കാരാ,

കവിതയെഴുതേണ്ടേ !!!

Monday, January 12, 2015

"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"

ആരോ ചങ്ക് പൊട്ടാറായി
അകത്തു കിടപ്പുണ്ട്,

അല്ലെങ്കില്‍ കൈയൊ കാലോ
ഉരിഞ്ഞു തീര്‍ന്ന് 
നെഞ്ചിടിപ്പ് കൂടി 
ചോര വാര്‍ന്ന്,

അതുമല്ലെങ്കില്‍,
ശ്വാസം തീര്‍ന്ന്,

ആരെയായാലും,
എന്തായാലും,
എവിടെയായാലും,

എടുത്തു കൊണ്ടോടുമ്പോള്‍
ഇത്ര നെഞ്ചലച്ചു കരയാന്‍
ഇടതോ വലതോ?
"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"
എവിടാണ് നിനക്കിത്ര വലിയ ഹൃദയം?

Thursday, December 18, 2014

പേരില്ലാത്താവന് (?)

എന്നെ കണ്ടാല്‍ പെണ്ണെന്ന് തോന്നുമോ?

നിന്‍റെ പതിഞ്ഞ സ്വരം,

രോമാവശേഷിപ്പുകള്‍ നിറഞ്ഞ മുഖം,

ഉരുണ്ട കഴുത്ത്,

കൊഴുത്തതെന്ന്
തോന്നിക്കാന്‍കുപ്പായത്തില്‍ 
തിരുകി വെച്ചിരിക്കുന്ന തുണിക്കെട്ട്,

നെഞ്ചത്തും വയറ്റത്തും
ചുരണ്ടി കളഞ്ഞേക്കാവുന്ന മുടികെട്ടുകള്‍,

കാല്‍ നഖങ്ങളിലെ നീലീപ്പ്,

ചുണ്ടിലെ ചുവപ്പ്,

കവിളിലെ പിടപ്പ്,

ആടികുഴഞ്ഞ നടപ്പ്,

മുഴുവനെ ഉള്ള നിറപ്പകിട്ട്,

നേരെ ചൊവ്വേ മെരുങ്ങാത്ത അരക്കെട്ട്

ജീവിതത്തിന്‍റെ കൊണ്ടാടിപ്പ്,

"നിന്നെ കണ്ടാല്‍ പെണ്ണെന്നു പറയാമോ"

ഒരു തവണ കൂടി ചോദിക്കൂ ..

കണ്ണോന്നു വിടര്‍ത്തൂ,

ആഴത്തിലെന്നെയൊന്ന് നോക്കൂ ,

ആ നോട്ടത്തില്‍
എന്നിലെക്കു
കുതിക്കുന്ന
നിന്റെ മുറിവുകളുടെ 
മെലിഞ്ഞോരു കഷണം മതി,
ഉടലളവുകള്‍ മാറ്റി വെച്ചു,
നിന്നെ
 പെണ്ണെ, 
പെണ്ണെ,
പെണ്ണെ, 
എന്നെനിക്കൊരായിരം വട്ടം വിളിക്കാന്‍...

*എന്നെ കണ്ടാല്‍ പെണ്ണെന്നു തോന്നുമോ എന്ന് ചോദിച്ച പേരില്ലാത്താവന്




Thursday, December 11, 2014

പോരാട്ടം

അഞ്ചു പേരാണ് അവര്‍ എനിക്ക്,
എന്റെ ചുവപ്പന്‍ പോരാളികള്‍

ഒരുത്തന്‍ എന്നെ പൊള്ളിച്ചുയര്‍ത്തൂം
ഒരുത്തന്‍ ഇതളിതളായി പറത്തും
ഒരുത്തന്‍ ഭ്രാന്തെന്ന് ചെവിയില്‍ കുളിര്‍ക്കും 
ഒരുത്തന്‍ നേര്‍ത്ത ചൂടില്‍ തളം വെയ്ക്കും
ഒരുത്തന്‍ എല്ലാറ്റില്‍ നിന്നുമടര്‍ത്തി
പൂത്തനൊരു വീര്യം നിറയ്ക്കും,

എല്ലാ മാസത്തിലും
ചെമ്പരത്തി വട്ടത്തില്‍ തന്നെ 
വരച്ചു വെച്ചിട്ടുണ്ട്,
അവന്മാരുടെ വരവും പോക്കും ....

Monday, December 1, 2014

"നീയില്ലല്ലോ"

അലാറത്തിനൊടുവില്‍
ചാടിയെഴുന്നേല്‍ക്കുന്ന
കാപ്പിയുണ്ടാക്കുന്ന,
ചോറു വെക്കുന്ന,  
മുറ്റമടിക്കുന്ന,
തുണി കഴുകുന്ന, 
ഒരിക്കല്‍ പോലും
നിന്നെയോര്‍ക്കാത്ത  ഞാന്‍. 

എന്തിനോര്‍ക്കണം??
"നീയില്ലല്ലോ" 

ടി വി കാണുന്ന,
മീന്‍ വറുത്തു
ചോറുണ്ണുന്ന,
ഉച്ചയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍ പുസ്തകം
വായിക്കുന്ന,  
നിന്നെയോര്‍ക്കാത്ത ഞാന്‍.

"നീയില്ലല്ലോ" 

വൈകുന്നേരങ്ങളില്‍
പഴം പൊരിയ്ക്കുന്ന.,
ചായ ഉണ്ടാക്കുന്ന,
നീനക്കിഷ്ടമുള്ള 
നീല സല്‍വാറിട്ട്
നടക്കാനിറങ്ങുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍.

 "നീയില്ലല്ലോ" 

വഴിയരികില്‍ ,
പൂ പൊട്ടിക്കാതെ,
കിളികളെ നോക്കി ചിരിക്കാതെ, 
ഒരു കവിത പോലും മൂളാതെ ,
ഗൌരവപ്പെട്ടു
തിരിച്ചെത്തുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍ 

 "നീയില്ലല്ലോ" 

അകമുറിയിലെ 
മൂലയ്ക്കല്‍ 
പഴുത്തോലിച്ച്,
അലറി വിളിച്ചു, 
പൊട്ടി പൊട്ടി,
ചിതറി തെറിച്ച  ഞാന്‍ .

"നീയില്ലല്ലോ"