Tuesday, May 7, 2013

കള്ളക്കഥ


അങ്ങനെയങ്ങനെ
നമ്മളെയാകെ വെള്ളിനൂല്
പാകും,
കണ്ണുകള്‍ക്ക്‌ മങ്ങലാകും,
കാതുകള്‍ പതം പറയും,
കൈകാലുകള്‍ മരവിച്ചുമരിക്കും,
വിരലുകള്‍ അനങ്ങതാകും,
നീയവിടെയും
ഞാനിവിടെയും
അട്ടം നോക്കി കിടക്കും,
ചുവരിലെ
പല്ലിയെയും
എട്ടുകാലിയെയും
ഉറുമ്പിനെയും
പേരറിയാത്ത
സകല പ്രാണികളെയും
ഞാന്‍
നിന്റെ,
പേരിട്ടു വിളിക്കും,
ജനലരികില്‍ അയവെട്ടുന്ന
പുള്ളി പയ്യിനെ
നീയെന്‍റെ പേരില്‍
മാത്രം പുന്നാരിക്കും,
നീ എന്‍റെ ജീവനാണോമനെ
എന്ന് പൈങ്കിളിപാട്ട് മൂളും,
നാവില്‍ ഇറ്റുന്ന തുള്ളി നനവില്‍
ഒന്നിച്ചു നനഞ്ഞ മഴ കാണും,
അറിയാതെ പെരുകുന്ന
ശരീര നനവുകളില്‍
കടലും
കായലും
കൈത്തോടുകളും തെളിയും,
അവിടിരുന്നു നീ
മറ്റൊന്നിനും
ഇത്രയും തണവില്ലല്ലോ
എന്നെന്റെ കയ്യില്‍ കോറും,
അപ്പോള്‍
ഞാനിവിടെ
നീയവളെ നോക്കി
മറ്റവളെ നോക്കി
എന്നൊക്കെ
മൂക്കു പിഴിയും,
ആരും കാണാതെ
കൊട്ടയിട്ടു മൂടുമെന്നൊരു
ഭീഷണി മുഴക്കും,
ചുവരായ ചുവരൊക്കെ
നിന്റെ ചിത്രം
തെളിയാന്‍ പിറുപിറുക്കും,
നട്ടപ്രാന്തെന്നു
നട്ടുച്ച കിറുക്കെന്നും
പൊട്ടി ചിരിക്കും
അന്നും,
നിന്നില്‍
ഞാനങ്ങനെയിങ്ങനെ
കരിയിലയായി പറക്കും
നീയെന്നില്‍ മണ്ണാകട്ടയായി പൊടിയും
നമ്മളിങ്ങനെ കള്ളകഥയായി പാടും ...

4 comments:

  1. ഞങ്ങളെ അങ്ങനങ്ങു കളിപ്പിക്കാൻ നോക്കേണ്ട.ഇത് കള്ളക്കഥയൊന്നുമല്ല. എന്തൊക്കെയോ സത്യങ്ങളിതിലുണ്ട്.ഹ...ഹ...ഹ..

    നല്ല കവിത.


    ശുഭാശംസകൾ....


    ReplyDelete
  2. പൈങ്കിളിപ്പാട്ട്...

    ReplyDelete
  3. ഇക്കഥയെനിക്ക് ഒത്തിരിയൊത്തിരിയൊത്തിരിയിഷ്ടപ്പെട്ടു.!

    ReplyDelete