Friday, June 22, 2012

പരസ്യമായത്



രഹസ്യക്കാരാ...

നീയാണോ വാതിലില്‍ മുട്ടിയത്‌ ?
നേരത്തെയൊന്നു 
പറഞ്ഞെങ്കില്‍ 
ഇരട്ട പൂട്ടിട്ട് 
കെട്ടിപൂട്ടി 
ബോധത്തെ കെടുത്താതെ 
ഞാനൊന്നു നിവര്‍ന്നു നിന്നേനെ,

ഇതിപ്പോ ദാ വീണു പോയല്ലോ!!

എന്നാല്‍ പിന്നെയൊന്നു  
ചുറ്റി വന്നാലോ ?
വേഗമെന്നെ 
കോരിയെടുത്തോളൂ,
വെള്ളകുതിരയൊന്നും വേണ്ടന്നേ,
നമുക്കാ കാളവണ്ടിയില്‍ പോകാം 
കട കട സംഗീതത്തില്‍ ..

അതങ്ങനെ കുടുകുടാന്നു  
പോകുമ്പോള്‍ 
എനിക്കൊന്നു ഞെട്ടാന്‍ 
അറിയാത്ത പോലെന്‍റെ
കയ്യിലൊന്നു നുള്ളണെ,

പിന്നെ 
വിരല്‍  തുമ്പത്തോരു
മുത്തം.
വിരല്‍തുമ്പില്‍ നട്ടത് 
പറിച്ചെടുത്തു ഞാന്‍ 
മുടി തുമ്പില്‍ സൂക്ഷിക്കും..
മുടി മുഴുവന്‍ വിരലുമ്മകള്‍ 
പെറ്റു പെരുകട്ടെന്നെ..

ഉമ്മ നട്ടിടത്തു കണ്ണ് നാട്ടാതെ 
എന്തേലുമൊക്കെ പറയെന്നെ 
വട്ടന്‍ തമാശകള്‍ കേട്ട് 
ഞാനൊന്നു 
ആര്‍ത്തുചിരിയ്ക്കട്ടെ,

ആ  ചിരിയരികില്‍ നിന്ന് 
ഒരു കഷ്ണം കീശയിലിട്ടോളൂ 
കണ്ണീരു പെരുകുന്ന 
കാലം വന്നാല്‍ 
പലിശയടക്കാമല്ലോ 

എന്താ വിശക്കുന്നെന്നോ?

ഇലയിട്ടു "വട്ട്"
കൊത്തിയരിഞ്ഞിട്ട
സ്വപ്നങ്ങള്‍ വിളമ്പട്ടെ ?
കണ്ണുമടച്ചു 
കെട്ടിപിടിച്ചിരുന്നു 
നമ്മുക്കതെല്ലാം 
വടിച്ചു നക്കാമെടാ ...

വൈകുന്നേരം മാത്രം 
വഴിയരികില്‍ ഒന്നിറങ്ങാം 
ഒളിക്കാന്‍ വെമ്പുന്ന 
സൂര്യനെ നോക്കി 
വെറുതെ വിതുമ്പാന്‍,

ഇരുട്ടും മുന്നേ എന്നെയാ 
ഉമ്മറപടിയില്‍ കൊണ്ടേ 
കിടത്തുന്നതൊക്കെ കൊള്ളാം,
കെട്ടു പോയ എന്റെ ബുദ്ധിയെ 
ഒന്ന് ചുംബിച്ചു പോലും ഉണര്‍ത്തല്ലേ

"ഞാനീ   ബോധാമില്ലായ്മയില്‍ 
പെട്ടങ്ങു പട്ടു പോവട്ടെ"


നെല്ല്

Monday, June 4, 2012

ഭ്രാന്തന്‍


"എന്റെ കാമുകാ"

നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റമരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

ഇതളുകള്‍ അടര്‍ത്തി 
മെത്തയില്‍ വിതറി 
ചതച്ചരച്ചു
ഇല്ലായ്മ
ചെയ്യാനൊന്നുമല്ല,

നീ മുഖം പൂഴ്ത്തി  
കിടക്കാറുള്ള 
മുടിയില്‍ ചാര്‍ത്തി 
തെരുവിലൂടങ്ങനിങ്ങനെ 
അലയാനും അല്ല ,

പേടിക്കണ്ടന്നെ..

പിച്ചിപറിച്ചു 
നുള്ളി നോവിച്ചു 
എനിക്കതിനെയാ
ഭ്രാന്തില്ലാ കൊക്കയില്‍ 
എറിയാനും അല്ല  

"എന്റെ കാമുകാ"

 നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റ മരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

അതും ചെവിയില്‍ 
തിരുകിയെനിക്കാ 
മനസ്സിലൂടെ 
വെറും ഭ്രാന്തിയായി 
ഒന്നോടി തളരാന്‍ 
വേണ്ടി മാത്രമാണ്.

Monday, April 16, 2012

എങ്കിലും കഷ്ടം !!!





ആകെ ഒരു കുറവേ ഉള്ളൂ
ഒരു "ഓമനപേര് "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു  നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു   ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും

"എടീ എടീ ടീ ടീ"

ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത്   " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക്  " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത്  പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ "
പിന്നെയും  വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു   "ടീ ടീ ടീ "

ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............

എങ്കിലും  കഷ്ടം  ഒരു ഓമനപേരില്ലല്ലോ?
 

Thursday, February 9, 2012

കോലാവരി





""ചൂട് "


നിന്നെ പോലെ തന്നെ 
നിനക്കുള്ളതിനെല്ലാം 
പൊള്ളുന്ന ചൂട് .


കീറതുണി വലിച്ചുകെട്ടിയ 
ചുവരില്ലാത്ത വീടിന് ,
പെറ്റവയറെരിച്ചു തിന്ന 
തെക്കേ മുറ്റത്തെ കനലിന്,
അയലത്തെ ചേടത്തിയോടൊപ്പം 
വാത്സ്യായനശാസ്ത്രം 
അഭ്യസിക്കുന്ന അച്ഛന്,
മതിഭ്രം മൂത്ത്
മനസ്സൊട്ടിപോയ 
കൂടപിറപ്പിന്,


"അതേ ചൂട് "


നീ നീട്ടിയ 
മധുരം കുറഞ്ഞ,
പുകച്ചുവയുള്ള,
കട്ടന്‍ ചായയുടെ 
ചെകിടിച്ച ചൂട്


ഒരു സൂപ്പര്‍ ഡ്യൂ പ്പര്‍ 
പരമ്പരയ്ക്കുള്ള 
എല്ലാ സാധ്യതകളോടും കൂടി 
മനസ്സിനെ LCD യില്‍ 
നീയിങ്ങനെ കണ്ണ് നിറച്ചു 
നില്‍ക്കുമ്പോള്‍ തന്നെ 
സണ്‍ മ്യൂസിക്കില്‍ 
ധനുഷിന്റെ വക 
"കോലാവരി"


എനിക്കീയിടെയായി 
കണ്ണീര്‍ കഥകള്‍ ഇഷ്ടമേയല്ല 
Why this kolavari kolavari di??????


( ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത്)
നെല്ല്

Saturday, August 13, 2011

അവസാനത്തെ ആണി



എന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍  നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??

അവന്റെ  ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ്  കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.


നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ 
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...

..............................ആമേന്‍



ഈ ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത് .
നെല്ല്

Saturday, July 23, 2011

ഞാനും നീയും


കണ്ണുകള്‍ കൊണ്ടാണ് 
ഉമ്മ വെയ്ക്കാറ്‌..
അതിലൊന്ന് നട്ടു നോക്കി,
മുളച്ചു പൊങ്ങി,
ഇലപൊട്ടി,
മെല്ലെ മൊട്ടായി,
ചോന്ന പൂവായി,
വെളുത്ത കായായ്‌..
ഇന്ന് മരത്തിന്‍കീഴെ
നിറയെ തണല്‍ പുതച്ചു 
കരിയിലകള്‍,
അതിന്‍ മേല്‍ പൊഴിഞ്ഞു വീഴുന്നു 
പഴുത്ത് പാകമായ ഉമ്മകള്‍,

അവിടെ,
കരിയില ഞെരിച്ചു
എനിക്കധികം എനിക്കധികം 
എന്ന് വെറുതെ പിണങ്ങി,
നിഴലനക്കങ്ങളായി 
ഞാനും നീയും

Monday, June 20, 2011

എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍


 
 
പുലര്‍ച്ചെ അവള്‍ക്കൊപ്പം 
തിളച്ചു തൂവാന്‍ 
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
 അരിതിളയ്പ്പിലേക്ക് 
ട്രപ്പീസാടുബോള്‍ 
കള്ളിയവള്‍ 
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,

അരകല്ലിനോപ്പം 
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു  
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ 
വിയര്‍പ്പിനെന്ന്‍?

കഴുകലും തേമ്പലും
തൂക്കലും  തുടയ്കക്കലും 
അടുക്കലും പെറുക്കലും 
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന 
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന 
വേര്‍പ്പ്മണിയോട്  
കൊഞ്ചി ചോദിക്കും,

കുളിച്ചു കേറി 
ഈറന്‍ മാറി 
കറുത്ത കുട ചൂടി 
കടവിലേക്കൊടുമ്പോള്‍ 
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും  വിയര്‍ക്കുന്നവരെ" 
വെയിലിനു വിട്ടു കൊടുത്തു 
അവള്‍ ....