Thursday, December 18, 2014

പേരില്ലാത്താവന് (?)

എന്നെ കണ്ടാല്‍ പെണ്ണെന്ന് തോന്നുമോ?

നിന്‍റെ പതിഞ്ഞ സ്വരം,

രോമാവശേഷിപ്പുകള്‍ നിറഞ്ഞ മുഖം,

ഉരുണ്ട കഴുത്ത്,

കൊഴുത്തതെന്ന്
തോന്നിക്കാന്‍കുപ്പായത്തില്‍ 
തിരുകി വെച്ചിരിക്കുന്ന തുണിക്കെട്ട്,

നെഞ്ചത്തും വയറ്റത്തും
ചുരണ്ടി കളഞ്ഞേക്കാവുന്ന മുടികെട്ടുകള്‍,

കാല്‍ നഖങ്ങളിലെ നീലീപ്പ്,

ചുണ്ടിലെ ചുവപ്പ്,

കവിളിലെ പിടപ്പ്,

ആടികുഴഞ്ഞ നടപ്പ്,

മുഴുവനെ ഉള്ള നിറപ്പകിട്ട്,

നേരെ ചൊവ്വേ മെരുങ്ങാത്ത അരക്കെട്ട്

ജീവിതത്തിന്‍റെ കൊണ്ടാടിപ്പ്,

"നിന്നെ കണ്ടാല്‍ പെണ്ണെന്നു പറയാമോ"

ഒരു തവണ കൂടി ചോദിക്കൂ ..

കണ്ണോന്നു വിടര്‍ത്തൂ,

ആഴത്തിലെന്നെയൊന്ന് നോക്കൂ ,

ആ നോട്ടത്തില്‍
എന്നിലെക്കു
കുതിക്കുന്ന
നിന്റെ മുറിവുകളുടെ 
മെലിഞ്ഞോരു കഷണം മതി,
ഉടലളവുകള്‍ മാറ്റി വെച്ചു,
നിന്നെ
 പെണ്ണെ, 
പെണ്ണെ,
പെണ്ണെ, 
എന്നെനിക്കൊരായിരം വട്ടം വിളിക്കാന്‍...

*എന്നെ കണ്ടാല്‍ പെണ്ണെന്നു തോന്നുമോ എന്ന് ചോദിച്ച പേരില്ലാത്താവന്




Thursday, December 11, 2014

പോരാട്ടം

അഞ്ചു പേരാണ് അവര്‍ എനിക്ക്,
എന്റെ ചുവപ്പന്‍ പോരാളികള്‍

ഒരുത്തന്‍ എന്നെ പൊള്ളിച്ചുയര്‍ത്തൂം
ഒരുത്തന്‍ ഇതളിതളായി പറത്തും
ഒരുത്തന്‍ ഭ്രാന്തെന്ന് ചെവിയില്‍ കുളിര്‍ക്കും 
ഒരുത്തന്‍ നേര്‍ത്ത ചൂടില്‍ തളം വെയ്ക്കും
ഒരുത്തന്‍ എല്ലാറ്റില്‍ നിന്നുമടര്‍ത്തി
പൂത്തനൊരു വീര്യം നിറയ്ക്കും,

എല്ലാ മാസത്തിലും
ചെമ്പരത്തി വട്ടത്തില്‍ തന്നെ 
വരച്ചു വെച്ചിട്ടുണ്ട്,
അവന്മാരുടെ വരവും പോക്കും ....

Monday, December 1, 2014

"നീയില്ലല്ലോ"

അലാറത്തിനൊടുവില്‍
ചാടിയെഴുന്നേല്‍ക്കുന്ന
കാപ്പിയുണ്ടാക്കുന്ന,
ചോറു വെക്കുന്ന,  
മുറ്റമടിക്കുന്ന,
തുണി കഴുകുന്ന, 
ഒരിക്കല്‍ പോലും
നിന്നെയോര്‍ക്കാത്ത  ഞാന്‍. 

എന്തിനോര്‍ക്കണം??
"നീയില്ലല്ലോ" 

ടി വി കാണുന്ന,
മീന്‍ വറുത്തു
ചോറുണ്ണുന്ന,
ഉച്ചയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍ പുസ്തകം
വായിക്കുന്ന,  
നിന്നെയോര്‍ക്കാത്ത ഞാന്‍.

"നീയില്ലല്ലോ" 

വൈകുന്നേരങ്ങളില്‍
പഴം പൊരിയ്ക്കുന്ന.,
ചായ ഉണ്ടാക്കുന്ന,
നീനക്കിഷ്ടമുള്ള 
നീല സല്‍വാറിട്ട്
നടക്കാനിറങ്ങുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍.

 "നീയില്ലല്ലോ" 

വഴിയരികില്‍ ,
പൂ പൊട്ടിക്കാതെ,
കിളികളെ നോക്കി ചിരിക്കാതെ, 
ഒരു കവിത പോലും മൂളാതെ ,
ഗൌരവപ്പെട്ടു
തിരിച്ചെത്തുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍ 

 "നീയില്ലല്ലോ" 

അകമുറിയിലെ 
മൂലയ്ക്കല്‍ 
പഴുത്തോലിച്ച്,
അലറി വിളിച്ചു, 
പൊട്ടി പൊട്ടി,
ചിതറി തെറിച്ച  ഞാന്‍ .

"നീയില്ലല്ലോ" 

Tuesday, November 25, 2014

തോന്ന്യാസക്കാരി

നമ്മുടെ വീട്ടിലെ 
കാപ്പികോപ്പകളില്‍
എന്നും ചായ നിറയുന്നത്,

ദോശ തവയൊരിക്കല്‍ 
പോലും തീപ്പെടാത്തത്,

ചുരുദാരില്‍ നിന്ന്
ഞാന്‍ ആറു മീറ്റര്‍
നീളത്തിലേക്ക് ഒതുങ്ങിയത്, 

എന്റെ മുടിയറ്റം ഒരിക്കലും
കത്രികചിലക്കം കേള്‍ക്കാത്തത്,

ചാനലുകള്‍ എന്നും
നിനക്ക്കേള്‍ക്കാന്‍
മാത്രം ശബ്ദിക്കുന്നത്‌, 

നിനക്കുറക്കം വരുമ്പോള്‍ 
മാത്രം കിടപ്പുമുറിയില്‍
വിളക്കുകള്‍ അണയുന്നത്,
എന്റെ വായന
പാതിവഴിയില്‍ 
പെരുവഴി കാണുന്നത്,

അങ്ങനെ
അടുക്കള മുതല്‍ അലമാര വരെ 
ഒരാളുടെ ഇഷ്ടത്തില്‍
നടന്നും ഇരുന്നും 
നമ്മുടെ വീടിനു മടുത്തു തുടങ്ങി, 

അത് കൊണ്ടാണ് ,
ഉച്ചയുറക്കത്തില്‍
എന്‍റെ പെരുവിരലിലൂടെ
അടിവയറിലേയ്ക്ക്,
പിടപ്പായി, 
ഹൃദയം 
നിലിപ്പിച്ചു, 
പിന്‍കഴുത്ത്
 നീറ്റിച്ചു,
വീടൊരു സ്വപ്നത്തെ കടത്തി വിട്ടത്, 
എന്റെ ഇഷ്ടത്തിന്..

Saturday, November 15, 2014

കൊച്ചുത്രേസ്യയും,കൊച്ചുത്രേസ്യയും,കൊച്ചുത്രേസ്യയും


തെറുത്തുടുത്ത ഒറ്റമുണ്ടും
പളുപളുത്ത ചട്ടയുമിട്ടു,
ചിങ്ങപ്പഴത്തിന്റെ,
തോലും ചെരകി
കട്ടിലിന്റെ ഓരോരത്തിരുന്നു
"കൊച്ചുത്രേസ്യ" കഥപറയും,
പറയുന്നതെല്ലാം
കൊച്ചുത്രേസ്യ പുണ്യാളത്തിയുടെ
കഥകളാണ്.

അടക്കത്തിലും ഒതുക്കത്തിലും വളര്‍ന്ന,
റോസാപ്പൂക്കളെ സ്നേഹിച്ച,
കന്യാസ്ത്രീയാകാന്‍ മോഹിച്ച കുട്ടിയുടെ കഥ..

പറയുന്തോറും,
ഇനിയും ഇനിയുമെന്നു,
ഞാന്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ത്രേസ്യയെന്നെ ഓര്‍മ്മിപ്പിയ്ക്കും, 
സന്തോഷത്തില്‍,
ത്രേസ്യയുടെ കൈയ്യും പിടിച്ചു,
ഞാനീ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും. 

അങ്ങനെ,
എന്നുമെന്നും,
പീറ്റേന്നും തെറ്റെന്നും
"കൊച്ചു ത്രേസ്യ"
പുണ്യാളത്തിയുടെ കഥ പറയും, 

ദിവസങ്ങളും,
മാസങ്ങളും,
വര്‍ഷങ്ങളും,
കൊച്ചുത്രേസ്യ
കട്ടിലിന്‍റെ ഓരത്തിരുന്നു
അങ്ങനെ ഒരേ കഥകള്‍
പറഞ്ഞു കൊണ്ടിരുന്നു.

അവിടുന്ന് ,
ഞാന്‍ സ്കൂളിലേയ്ക്ക് പോയി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

കോളെജിലേയ്ക്കെത്തി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

കെട്ടും കഴിഞ്ഞു കൊച്ചുങ്ങളുമായി
"കൊച്ചു ത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

നടക്കുമ്പോഴും, 
ഇരിക്കുമ്പോഴും,
കിടക്കുമ്പോഴും,
കൊച്ചുത്രേസ്യ എന്റെ അരികിലിരുന്നു
ചെവി കഴപ്പിച്ചു കഥ പറഞ്ഞു.

''കൊച്ചു ത്രേസ്യേ'' നിര്‍ത്തിക്കോ
ഞാനിപ്പോ ദാ വലിയ പെണ്ണായേ"
ഇനിയും ഇനിയുമെന്നു
"ത്രേസ്യ"യപ്പോള്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ഞാന്‍ ത്രേസ്യെയെ ഓര്‍മ്മിപ്പിയ്ക്കും, 
സന്തോഷത്തില്‍,
എന്റെ കൈയ്യും പിടിച്ചു
ത്രേസ്യയപ്പോള്‍,
ഈ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും.

കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയുമപ്പോള്‍
 ശിരോവസ്ത്രമണിഞ്ഞ 
മൂന്നു റോസാപൂവുകളാകും

Tuesday, October 28, 2014

“ഏതു ദേശവും എനിക്കു ജന്മദേശമാണ്‌"


“ഏതു ദേശവും
എനിക്കു ജന്മദേശമാണ്‌,
ഒരെഴുത്തുമേശയും
ഒരു ജനാലയും
ആ ജനാലയ്ക്കൽ
ഒരു മരവുമുണ്ടെങ്കിൽ”

"മരീന സ്വെറ്റായേവ" * യുടെ 
വരികളില്‍
നോക്കി,
നോക്കി,
ഞാനെന്റെ
മേശയരികില്‍
പോയിരിക്കുന്നു,

മരമെന്ന് സങ്കല്‍പ്പിച്ചു
ജനാലയിലൂടെ
വേറെന്തോ 
നോക്കിയിരിക്കുന്നു ,

വീണ്ടും മരീനയുടെ
വരികളിലേക്ക്
നോക്കി 
നോക്കി
കണ്ണീരിറ്റിക്കുന്നു,

അപ്പോളരികിലൂടെ ഒഴുകി വരുന്നു കടല്‍ !

കടലിലേക്ക് പെയ്യുന്നു മഴ !

മഴമുകളില്‍ നീല ഫ്രോക്കിട്ട ആകാശം!

ആര്‍ത്തിയോടെ ഞാന്‍
കടലും
മഴയും
ആകാശവും 
മറീനയുടെ വരികളില്‍
പൊതിഞ്ഞു കെട്ടുന്നു 

എന്റെ ദേശം 
നിന്‍റെ ദേശമെന്ന്
കടലാസിലേക്ക് ചൊരിയുന്നു
രണ്ടു വെള്ളാരം കണ്ണുകള്‍ 
കൂടെ കൂടുന്നു 

അപ്പോള്‍ അരികിലോടിവരുന്നു 
നിന്റെ വരികള്‍ 
നിന്റെ വരികള്‍ 


എ(നി)ന്‍റെ മേശയേ
എ(നി)ന്‍റെ ജാനാലവലകളെ 
എ(നി)ന്‍റെ മരമേ 
എ(നി)ന്‍റെ  കടലാസേ
എ(നി)ന്‍റെ വെള്ളാരം കണ്ണുകളെ....

നീ എഴുതുന്നു 
നീ എഴുതുന്നു 


*Russian poet

Thursday, October 16, 2014

കയ്പ്പ്

നിന്‍റെ മനസമ്മതത്തിന്
വിളമ്പിയ
നാരങ്ങാഅച്ചാറിനു
തീരെ കയ്യ്പ്പായിരുന്നു, 

ഒരു അച്ചാറ് പോലും
മര്യാദയ്ക്ക്
പറഞ്ഞുണ്ടാക്കിക്കാന്‍ 
അറിയാത്തവന്‍
എങ്ങനെ
കല്യാണം കഴിക്കുമെന്നോര്‍ത്തു
അന്ന് ഞാന്‍ ഉറങ്ങിയില്ല, 

പിന്നീടുള്ള 
ഓരോ ദിവസങ്ങളിലും
നിന്‍റെ കുട്ടിത്തം,
ഉത്തരവാദിത്തമില്ലായ്മ,
മറവി ,
മടി,
കുന്തം,
കുടചക്രം അങ്ങനെ 
തെറ്റുകളുടെ
പൊട്ടും പൊടിയും
ചെകഞ്ഞിട്ട് ഞാന്‍  ഉറക്കം കളഞ്ഞു,

കരയുന്ന കുഞ്ഞിന്റെ
വായിലേക്ക്
മുല തിരുകി വെച്ചു,
തിരിഞ്ഞു കിടന്നുറങ്ങുന്നവനെ,
നോക്കി വീര്‍പ്പിട്ടു 
രാത്രികള്‍ ഞാന്‍ പകലാക്കി,  

ആ സമയമെല്ലാം നീയവളെ വിളിച്ച് 
പുന്നാരം പറഞ്ഞു, 
എന്നെ വിളിച്ചിരുന്ന ചെല്ലപേരുകളെല്ലാം
ആ മൂശേട്ട കട്ടോണ്ട് പോയി,
പകല്‍ മുഴുവന്‍ 
ഞാന്‍ തരിവറ്റിറങ്ങാതെ
വറ്റി വരണ്ടപ്പോള്‍ 
നീയും അവളും 
നക്ഷത്രംകൊറിച്ച് നടന്നു, 

അതൊക്കെ പോട്ടെ 

നിന്റെ മനസമ്മതത്തിന്റെ അച്ചാര്‍
 എങ്കിലും,
"എന്റെ ചെക്കാ" 
ഇത്ര കയ്ച്ച് പോയല്ലോ?